ഫിദല്‍ കാസ്‌ട്രോയ്ക്ക് അന്ത്യവിശ്രമം

ഫിദല്‍ കാസ്‌ട്രോയ്ക്ക് അന്ത്യവിശ്രമം

ഹവാന: ക്യൂബയുടെ വിപ്ലവ നക്ഷത്രം ഫിദല്‍ കാസ്‌ട്രോയ്ക്ക് ക്യൂബന്‍ സമരനായകന്‍ ജോസ് മാര്‍ട്ടിയുടെ ശവകുടീരത്തിനു സമീപം അന്ത്യവിശ്രമമൊരുക്കി. സാന്റിയാഗോയിലെ സാന്റ ഇഫിഗെനിയ സെമിത്തേരിയിലാണ് മാര്‍ട്ടിയെ അടക്കം ചെയ്തിരിക്കുന്നത്. ഇവിടെയാകും ഇനി മുതല്‍ ഫിദല്‍ കാസ്‌ട്രോയും അന്ത്യവിശ്രമം കൊള്ളുന്നത്. ഞായറാഴ്ചയാണു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പ്രാദേശിക സമയം രാവിലെ ഏഴിന് ആരംഭിച്ച ചടങ്ങുകള്‍ വളരെ ലളിതമായ രീതിയിലാണ് നടന്നത്.
ഫിദലിന്റെ നിര്യാണത്തില്‍ രാജ്യമെങ്ങും ഒന്‍പത് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. ദുഖാചരണത്തിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. കഴിഞ്ഞ മാസം 25നാണു ഫിദല്‍ 90ാം വയസില്‍ വിടവാങ്ങിയത്.
ഹാവനയില്‍നിന്നും സാന്റിയാഗോയിലേക്ക് വഹിച്ചു കൊണ്ടു പോയ ഫിദലിന്റെ ചിതാഭസ്മ യാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു. ക്യൂബയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നേതാവാണ് ഫിദലെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ക്യൂബയിലെ തെരുവുകള്‍ക്കോ, സ്മാരകങ്ങള്‍ക്കോ, കെട്ടിടങ്ങള്‍ക്കോ ഫിദലിന്റെ പേര് നല്‍കില്ലെന്ന് സഹോദരനും പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ ശനിയാഴ്ച പറഞ്ഞു.

Comments

comments

Categories: World