റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്: ഫിയറ്റ് 1,813 കോടി രൂപ വായ്പയെടുത്തു

റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്: ഫിയറ്റ് 1,813 കോടി രൂപ വായ്പയെടുത്തു

 

ടൂറിന്‍: റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് പദ്ധതികള്‍ക്കായി യൂറോപ്യന്‍ ഇന്‍വസ്റ്റ്‌മെന്റ് ബാങ്കില്‍ നിന്ന് ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബീല്‍സ് 1,813 കോടി രൂപ വായ്പയെടുത്തു. മൂന്ന് വര്‍ഷ കാലവധിയുള്ള വായ്പയിലൂടെ കമ്പനിക്ക് ഇറ്റലിയിലുള്ള ഗവേഷണ വികസന പദ്ധതികള്‍ക്ക് തുക വിനിയോഗിച്ച് കൂടുതല്‍ നൂതന ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനാകുമെന്നാണ് വിലയിരുത്തലുകള്‍.
2017-2020 വര്‍ഷത്തേക്കുള്ള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് പദ്ധതികള്‍ക്കാണ് ഈ തുക കമ്പനി വകയിരുത്തുക. കുറഞ്ഞ മലിനീകരണമുള്ള കാറുകള്‍ നിര്‍മിക്കലടക്കമുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കമ്പനി ഇതിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു.
കമ്പനിയുടെ ഉപസ്ഥാപനമായ മാഗ്നെറ്റി മറേലിയില്‍ ബാക്കി വായ്പാ തുക നിക്ഷേപിക്കാനും ഫിയറ്റിന് പദ്ധതിയുണ്ട്. വാഹന വിപണിയില്‍ നൂതന സംവിധാനങ്ങളും ഘടകങ്ങളും നിര്‍മിക്കുന്ന സ്ഥാപനമാണ് മാഗ്‌നെറ്റി മറേലി.
നിലവില്‍ അന്താരാഷ്ട്ര തലത്തിലുള്ള മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വ്യാവസായിക, വാണിജ്യ, കാര്‍ഷിക വാഹനങ്ങള്‍ നിര്‍മിക്കുക, ഇതര ഇന്ധന സാങ്കേതികത ഉപയോഗിച്ചുള്ള കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ നിര്‍മിക്കുക, സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് വാഹന രൂപകല്‍പ്പനയില്‍ മാറ്റം വരുത്തുക എന്നീ ലക്ഷ്യങ്ങളാണ് കമ്പനിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ടീമിനുള്ളത്.
ലോകത്താകമാനമുള്ള ഫിയറ്റിന്റെ 51 റിസര്‍ച്ച് കേന്ദ്രങ്ങള്‍ക്ക് പുതിയ ഫണ്ട് കൂടുതല്‍ നേട്ടത്തിലെത്തിക്കുന്നതിന് വഴിയൊരുക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: Auto