ഇക്‌സ്‌ട്രോണിനെ ചൈനീസ് കമ്പനി ഏറ്റെടുക്കുന്നതിനെതിരേ യുഎസ്

ഇക്‌സ്‌ട്രോണിനെ ചൈനീസ് കമ്പനി ഏറ്റെടുക്കുന്നതിനെതിരേ യുഎസ്

 

വാഷിംഗ്ടണ്‍ : ജര്‍മന്‍ സെമികണ്ടക്റ്റര്‍ ഉപകരണ കമ്പനിയായ ഇക്‌സ്‌ട്രോണിനെ ചൈനീസ് കമ്പനി ഏറ്റെടുക്കുന്നതിനെതിരേ യുഎസ്. 25 വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി അമേരിക്ക രംഗത്തുവരുന്നത്. ചൈനീസ് കമ്പനിയായ ഗ്രാന്‍ഡ് ചിപ്പ് ഇന്‍വെസ്റ്റ്‌മെന്റ്, ഇക്‌സ്‌ട്രോണിനെ ഏറ്റെടുക്കുന്നതിനെതിരെ വിദേശ നിക്ഷേപ സമിതിയുടെ ശുപാര്‍ശകളാണ് വൈറ്റ് ഹൗസ് ഉയര്‍ത്തിക്കാണിക്കുന്നത്.

715 മില്യണ്‍ ഡോളറിന്റെ ഇടപാട് എതിര്‍ക്കപ്പെട്ടതോടെ ചൈന കടുത്ത അമര്‍ഷത്തിലാണ്. യുഎസ് കമ്പനികളെ, പ്രത്യേകിച്ച് പ്രതിരോധ സാങ്കേതികവിദ്യാ മേഖലയിലെ കമ്പനികളെ വിദേശ കമ്പനികള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് യുഎസ് വിദേശ നിക്ഷേപ സമിതി നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്. ഇക്‌സ്‌ട്രോണിന് കാലിഫോര്‍ണിയയില്‍ ഉപസ്ഥാപനമുള്ളതിനാലും അവിടെ നൂറോളം തൊഴിലാളികള്‍ പണിയെടുക്കുന്നതിനാലുമാണ് അമേരിക്കയുടെ അഭിപ്രായത്തിന് കമ്പനിയുടെ ഇടപാടില്‍ പ്രാധാന്യം ലഭിക്കുന്നത്. കമ്പനിയുടെ ആകെ വില്‍പ്പനയുടെ 20 ശതമാനത്തോളം അമേരിക്കയിലാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നും യുഎസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഉത്തരവ് ഇക്‌സ്‌ട്രോണിന്റെ യുഎസ് ബിസിനസ് സംബന്ധിച്ച് മാത്രമാണെന്നും ഇക്‌സ്‌ട്രോണിന്റെ ഓഹരികളുടെ വില്‍പ്പനയിക്ക് ഇത് തടസ്സമല്ലെന്നും കമ്പനി വ്യക്തമാക്കുന്നു. സൈനികാവശ്യങ്ങള്‍ക്കായി സാറ്റലൈറ്റ് കമ്യൂണിക്കേഷനിലും റഡാറുകളിലും ഉപയോഗിക്കുന്ന ലൈറ്റ്-എമിറ്റിംഗ് ഡയോഡ്, ലേസര്‍ ആന്‍ഡ് സോളാര്‍ സെല്‍ തുടങ്ങിയവ നിര്‍മിക്കുന്നതിന് ഇക്‌സ്‌ട്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയും. യുഎസ് പ്രതിരോധ മേഖലയിലെ പ്രമുഖ കരാറുകാരായ നോര്‍ത്ത്‌റോപ് ഗ്രുമ്മാന്‍ ഇക്‌സ്‌ട്രോണിന്റെ ഉപയോക്താവാണ്.

Comments

comments

Categories: Branding