ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണലിന് തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:  ആഴ്‌സണലിന് തകര്‍പ്പന്‍ ജയം

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണലിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വെസ്റ്റ് ഹാമിനെയാണ് ആഴ്‌സീന്‍ വെങ്ങറുടെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. ചിലിയന്‍ താരമായ അലക്‌സിസ് സാഞ്ചസ് നേടിയ ഹാട്രിക് ഗോളുകളാണ് ആഴ്‌സണലിന്റെ തകര്‍പ്പന്‍ ജയത്തില്‍ നിര്‍ണായകമായത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ജര്‍മന്‍ താരം മെസ്യൂട് ഓസിലാണ് ആഴ്‌സണലിന് വേണ്ടി ഗോള്‍ വേട്ട ആരംഭിച്ചത്. രണ്ടാം പകുതിയിലായിരുന്നു അലക്‌സിസ് സാഞ്ചസിന്റെ മൂന്ന് ഗോളുകളും. അലക്‌സ് ഓക്‌സ്‌ലേഡ് ചേബര്‍ലെയ്‌നായിരന്നു ആഴ്‌സണലിന്റെ മറ്റൊരു ഗോള്‍ സ്‌കോറര്‍. ആന്‍ഡി കാരോളായിരുന്നു വെസ്റ്റ് ഹാമിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ ചെല്‍സി, ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ടീമുകള്‍ വിജയം നേടിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ലൈസസ്റ്റര്‍ സിറ്റി സമനില വഴങ്ങി. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് ചെല്‍സി പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ തകര്‍പ്പന് ജയമാണ് ചെല്‍സി നേടിയത്.

ചെല്‍സി താരം ഗാരി കാഹിലിന്റെ സെല്‍ഫ് ഗോളിലൂടെ ആദ്യം മുന്നിലെത്തിയത് മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ അറുപതാം മിനുറ്റില്‍ ഡീഗോ കോസ്റ്റയിലൂടെ ചെല്‍സി ഒപ്പമെത്തി. തുടര്‍ന്ന് യഥാക്രമം 70, 90 മിനുറ്റുകളില്‍ വില്യനും ഈഡന്‍ ഹസാര്‍ഡും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ വല കുലുക്കി ചെല്‍സിക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

അതേസമയം, ടോട്ടന്‍ഹാം ഹോട്‌സ്പര്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സ്വാന്‍സി സിറ്റിയെ പരാജയപ്പെടുത്തിയപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സണ്ടര്‍ലാന്‍ഡിനോടാണ് ലൈസസ്റ്റര്‍ സിറ്റി തോല്‍വി വഴങ്ങിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ നിലവില്‍ മുപ്പത്തിനാല് പോയിന്റുള്ള ചെല്‍സിയാണ് ഒന്നാം സ്ഥാനത്ത്.

വെസ്റ്റ് ഹാമിനെതിരായ ജയത്തോടെ 31 പോയിന്റായ ആഴ്‌സണല്‍ രണ്ടാം സ്ഥാനത്തുമെത്തി. എന്നാല്‍ ബേണ്‍മൗത്തുമായുള്ള മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ 30 പോയിന്റുള്ള ലിവര്‍പൂളിന് ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാം. മുപ്പത് പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി നാലാമതും ടോട്ടന്‍ഹാം ഹോട്‌സ്പര്‍ 27 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമാണ്.

Comments

comments

Categories: Sports