ഇലക്ട്രിക്ക് വാഹനങ്ങള്‍: വമ്പന്‍ സാധ്യതയൊരുക്കി ചൈനയും അമേരിക്കയും

ഇലക്ട്രിക്ക് വാഹനങ്ങള്‍: വമ്പന്‍ സാധ്യതയൊരുക്കി ചൈനയും അമേരിക്കയും

 

ന്യൂയോര്‍ക്ക്: ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള വിപണിയുടെ വലിപ്പത്തിലും വളര്‍ച്ചാ സാധ്യതയിലും ചൈന, അമേരിക്ക രാജ്യങ്ങളാണ് മുന്നിലെന്ന് പഠനം. സാങ്കേതിക സേവന രംഗത്തെ പ്രമുഖ കമ്പനിയായ അക്‌സെഞ്ച്വര്‍ നടത്തിയ പഠനത്തിനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കള്‍ വാഹനങ്ങളുടെ വിതരണ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നിക്ഷേപം ഏറ്റവും കൂടുതല്‍ ഈ രണ്ട് രാജ്യങ്ങളിലായിരിക്കും നടത്തുക. ഇതോടൊപ്പം വാഹനങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വര്‍ധിച്ച് കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താനും ഇവര്‍ ശ്രമിക്കുമെന്നും പഠനത്തില്‍ പറയുന്നു.
ഈ രാജ്യങ്ങള്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള വന്‍സാധ്യതയൊരുക്കുന്നത് മുന്നില്‍ക്കണ്ടായിരിക്കണം വാഹന നിര്‍മാതാക്കള്‍ പ്രവര്‍ത്തിക്കേണ്ട്. ഏറ്റവും മികച്ച അവസരമാണ് ഇലക്ട്രിക്ക് വാഹന മേഖലിയില്‍ ഉണ്ടാവാനിരിക്കുന്നത്.-അക്‌സെഞ്ച്വര്‍ ഓട്ടോമോട്ടീവ് വിഭാഗം മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റീന റാബ് വ്യക്തമാക്കി.
കാനഡ, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, നെതര്‍ലാന്‍ഡ്‌സ്, നോര്‍വെ, ദക്ഷിണ കൊറിയ, സ്വീഡന്‍, യുകെ എന്നീ രാജ്യങ്ങളിലും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വര്‍ച്ചാ സാധ്യതയുണ്ട്. നിലിവിലുള്ള സാഹചര്യം വച്ച് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് വര്‍ധിക്കുമെന്നാണ് വിലയിരുത്തലുകള്‍. നിലവില്‍ ഈ രാജ്യങ്ങളിലുള്ള ഇലക്ട്രിക്ക് വാഹന വിപണി ചെറുതാണ്. ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാരുകള്‍ ചെയ്യുന്ന നടപടികള്‍ അടുത്ത വര്‍ഷങ്ങളില്‍ വന്‍ നേട്ടമുണ്ടാക്കുമെന്നും പഠനത്തിലുണ്ട്.
ഈ രാജ്യങ്ങള്‍ വളര്‍ച്ച കൈവരിക്കുമ്പോള്‍ നേട്ടമുണ്ടാക്കുന്നതിനായി ഇലക്ട്രിക്ക് വാഹന നിര്‍മാതാക്കള്‍ ഇവിടെ കൂടുതല്‍ നിക്ഷേപം നടത്തുന്നത് ഉചിതമായിരിക്കുമെന്ന് അക്‌സ്ഞ്ച്വര്‍ നിര്‍ദേശിക്കുന്നു.
ഇന്ത്യ, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലുള്ള ചെറിയ വിപണിയും വളര്‍ച്ചതോതിലുള്ള കുറവും ഇലക്ട്രിക്ക് വാഹന വിപണിയില്‍ കൂടുതല്‍ സാധ്യതകളില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന് ഏറ്റവും നിര്‍ണായകമാണ് പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍. എന്നാല്‍ ഈ രാജ്യങ്ങളില്‍ ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ ഇതുവരെ ആരും ഒരുക്കിയിട്ടില്ല. വളര്‍ച്ചാ സാധ്യതയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധന വില ഈ മൂന്ന് രാജ്യങ്ങളില്‍ കൂടുതലായതും വളര്‍ച്ചയ്ക്ക് തിരിച്ചടിയാണെന്നും പഠനത്തിലുണ്ട്.
സര്‍ക്കാര്‍ തീരുമാനങ്ങളാണ് ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള സാധ്യതയൊരുക്കുന്നതില്‍ നിര്‍ണായകമാവുക. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊത്തം വാഹനങ്ങളുടെ ഏഴ് ശതമാനവും 2030ല്‍ 40 ശതമാനവും ഇലക്ട്രിക്ക് ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റാനുള്ള ചൈനീസ് സര്‍ക്കാര്‍ തീരുമാനം ഇതിന് ഉദാഹരണമാണ്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും ചൈന നിര്‍മിക്കുന്നുണ്ട്.-അക്‌സെഞ്ച്വര്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Auto