അസ്തമിക്കുന്ന പ്രതാപം

അസ്തമിക്കുന്ന പ്രതാപം

ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്കാര്‍ട്ടിന്റെ മൂല്യം 2015-ന്റെ പകുതിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നു മടങ്ങ് ഇടിഞ്ഞതായി ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന മോര്‍ഗന്‍ സ്റ്റാന്‍ലി എന്ന കമ്പനി പുറത്തുവിട്ടത് ഒരു കൃത്യമായ സൂചനയായിരുന്നു. അതേ ഫ്‌ളിപ്കാര്‍ട്ട് മറ്റെതെങ്കിലുമൊരു കമ്പനിയാല്‍ ഏറ്റെടുക്കപ്പെടാനുള്ള രീതിയിലേക്കു മാറുകയാണെന്നാണ് ഇതുനല്‍കുന്ന സൂചന. നവംബര്‍ 28-ന് നടന്ന എസ്ഇസി ഫയലിംഗ് പ്രകാരം ഫ്‌ളിപ്കാര്‍ട്ടില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി കൈവശംവച്ചിരിക്കുന്ന ഓഹരി 52.13 ഡോളറാണ്. കഴിഞ്ഞ പാദത്തിലുണ്ടായിരുന്ന 84.29 ഡോളറില്‍ നിന്ന് 38 ശതമാനത്തിന്റെ വന്‍ ഇടിവാണ് ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നിലവില്‍ കമ്പനിയുടെ മൂല്യം 5.54 ബില്യണ്‍ യുഎസ് ഡോളറാണ്. 2015 ജൂലൈയിലുണ്ടായിരുന്ന 15 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ 63 ശതമാനത്തിന്റെ ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മൂല്യം ഇടിഞ്ഞത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഫ്‌ളിപ്കാര്‍ട്ടിന്റെ കൂടുതല്‍ കൃത്യമായ മൂല്യനിര്‍ണയം നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടുമാസം മുന്‍പ് റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ടില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇ- കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ എക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങളും മൂലം ഈ ചര്‍ച്ചകള്‍ വിജയം കണ്ടതുമില്ല.
എന്നാല്‍ 5.5 ബില്യണ്‍ ഡോളറെന്ന മൂല്യം നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ളതാണ്. വാള്‍മാര്‍ട്ടിനോ മറ്റ് റീട്ടെയ്‌ലര്‍മാര്‍ക്കോ ആറുബില്യണ്‍ ഡോളര്‍ വരെ ചെലവഴിച്ച് ഫ്‌ളിപ്കാര്‍ട്ടിനെ സ്വന്തമാക്കാമെന്നത് പ്രാവര്‍ത്തികമാകാത്ത കാര്യമൊന്നുമല്ല. ഭൂരിഭാഗം ഓഹരികള്‍ വാങ്ങാന്‍ ഇതില്‍ പകുതി തുക മാത്രം മതിയാവും. വമ്പന്‍മാരുടെ കൈവശം എത്തിപ്പെടുന്നുവെന്നതുകൊണ്ടുതന്നെ നിലവിലുള്ള നിക്ഷേപകരും ഇതില്‍ സന്തുഷ്ടരായിരിക്കുമെന്നാണ് വിലയിരുത്തല്‍.
പണം ധാരാളമായി ഒഴുകുന്ന ഓണ്‍ലൈന്‍ റീട്ടെയ്ല്‍ മേഖലയെ സംബന്ധിച്ചിടത്തോളം സ്വന്തമായി പണം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ഈ മേഖലയില്‍ പി
ടിച്ചുനില്‍ക്കാനാവൂ. സ്വന്തമായി വളരെക്കുറച്ച് പണം മാത്രം ഉണ്ടായിരിക്കുകയും മറ്റുമാര്‍ഗങ്ങളിലൂടെ പണം കണ്ടെത്താമെന്ന ചിന്ത വച്ചുപുലര്‍ത്തുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അത്രപറ്റിയ മേഖലയല്ല ഓണ്‍ലൈന്‍ റീട്ടെയ്‌ലിംഗ്. ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ നിരവധിയുണ്ടെങ്കിലും അവയെല്ലാം അതിജീവനത്തിനായി പാടുപെടുകയാണ്. ആമസോണ്‍ ആലിബാബ തുടങ്ങിയവര്‍ക്ക് മാത്രം പിടിച്ചുനില്‍ക്കാനാവുന്ന ഒരു മേഖലയായി അധികം വൈകാതെ ഇതുമാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്‌കെയില്‍ ഉയര്‍ത്താനും ബിസിനസ് പുതിയതലങ്ങളിലേക്ക് വ്യാപിപ്പിക്കാനും മാര്‍ജിന്‍ വര്‍ധിപ്പിക്കാനുമെല്ലാം വേണ്ടിവരുന്ന ഭീമമായ തുക നിക്ഷേപിക്കാന്‍ ശേഷിയുള്ളത് ഇവര്‍ക്കു മാത്രമാണെന്നതിനാലാണ് ഇത്തരമൊരു വിലയിരുത്തലുണ്ടായത്. ഫ്‌ളിപ്കാര്‍ട്ടോ സ്‌നാപ്ഡീലോ പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങള്‍ ഇത്തരം ആവശ്യങ്ങളെ അതിജീവിച്ച് ഒരു ഭാവി ഉണ്ടാക്കുമെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതീക്ഷിക്കാന്‍ പോലും കഴിയാത്ത ഒന്നാണ്. വിദേശ ഏറ്റെടുക്കലുകള്‍ക്കുള്ള വ്യവസ്ഥകള്‍ അനുവദിക്കുമ്പോള്‍ ഇവ ഏറ്റെടുക്കലുകള്‍ക്കുള്ള സ്ഥാനാര്‍ഥികളായി മാറും. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവരുണ്ടാക്കുന്ന മൂല്യമുപയോഗിച്ച് നിലവിലെ നിക്ഷേപകര്‍ക്ക് ചെറിയ ലാഭം നേടി ഇതില്‍ നിന്നുവിട്ടുപോകാനുമാവും. മറ്റൊരു പ്രധാനകാര്യം വലിയ ബിസിനസ് പ്ലാറ്റ്‌ഫോമുകളുടെ ഭാഗമായി മാറുമ്പോള്‍ ഓണ്‍ലൈന്‍ ബിസിനസ് വിജയം കാണാനുള്ള സാധ്യത കൂടുതലാണെന്നതാണ്. ഗൂഗിള്‍, ആപ്പിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, ആമസോണ്‍ തുടങ്ങിയവര്‍ ഫിസിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന നടത്താനുള്ള പ്ലാറ്റ്‌ഫോമുകളാണ്. ഇതോടൊപ്പം തന്നെ മറ്റ് ബിസിനസുകള്‍ ചെയ്യാനുള്ള പരിസ്ഥിതി ലഭ്യമാക്കുന്നവയുമാണ് ഇവ. ഈ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വളര്‍ത്തിയെടുക്കുന്ന സംരംഭകര്‍ ഇത് വ്യക്തമാക്കിത്തരുകയും ചെയ്യുന്നു. ഒറ്റയ്ക്ക് നില്‍ക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഒരു രാജ്യത്ത് മാത്രമായി പ്രവര്‍ത്തിക്കുകയെന്നത് ബുദ്ധിമുട്ടേറിയ സംഗതിയായിരിക്കും. ബ്രേക്ക് ഈവനിലേക്കെത്താനുള്ള ദൈര്‍ഘ്യം കൂടിവരുന്നുവെന്നതാണ് ഇതിനുള്ള പ്രധാന കാരണം.
ഒരിക്കലും വിട്ടുപോകാത്ത വലിയ ഉപഭോക്താക്കളെ ഉണ്ടാക്കിയെടുക്കുകയെന്നതാണ് പുതിയ ഡിജിറ്റല്‍ ബിസിനസ് മോഡലില്‍ അത്യന്താപേക്ഷിതമായ കാര്യം. ഗൂഗിള്‍ വലിയ ഉപഭോക്താക്കളുടെ അടിത്തറ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതിനു മുന്‍പുതന്നെ വര്‍ഷങ്ങളോളം അവരുടെ സെര്‍ച്ച് എഞ്ചിനും മെയിലും സൗജന്യമായി നല്‍കിയിരുന്നു. വലിയ ഉപഭോക്തൃശൃംഖല സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിലൂടെ അവര്‍ ഉന്നംവച്ചത്. ഇത് പരസ്യദാതാക്കള്‍ ലക്ഷ്യമിടുന്ന വലിയരീതിയിലുള്ള ഉപഭോക്തൃ സമൂഹത്തെ ഉണ്ടാക്കിയെടുക്കാന്‍ അവരെ സഹായിക്കുകയും ചെയതു. ഇതില്‍നിന്നു വ്യത്യസ്തമായി ഫ്‌ളിപ്കാര്‍ട്ട് എന്ന പ്ലാറ്റ്‌ഫോമിലേക്ക് ആളുകളെ പിടിച്ചുനിര്‍ത്തുന്ന പ്രധാന ഘടകം കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടായിരിക്കും. ആളുകള്‍ കൂടുതലും ഫ്‌ളിപ്കാര്‍ട്ടിലേക്കെത്തുന്നത് അവര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ നേടാനായാണ്. ഫേസ്ബുക്ക് പോലെയുള്ള പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമാക്കിയിട്ടുള്ള ഒരിക്കലും വിട്ടുപോകാത്ത ഉപഭോക്താക്കളുടെ ശക്തി നേടിയെടുക്കാന്‍ ഓണ്‍ലൈന്‍ വിപണനകേന്ദങ്ങള്‍ക്ക് അല്‍പ്പം പ്രയാസമായിരിക്കുകയും ചെയ്യും. ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ ഒറ്റയ്ക്ക് നിലനില്‍ക്കുന്ന ഇ-ടെയ്‌ലര്‍ എന്നരീതിയിലുള്ള ഫ്‌ളിപ്കാര്‍ട്ടിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടുവെന്നു തന്നെയാണ് പുറത്തുവരുന്ന സൂചനകള്‍.

Comments

comments

Categories: Branding