ഡിജിറ്റല്‍ സാക്ഷരത കൂട്ടണം

ഡിജിറ്റല്‍ സാക്ഷരത കൂട്ടണം

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയത് രാജ്യം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് മാറുന്നതിന്റെ ഭാഗമായാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. അതുകൊണ്ട് ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ട് ഇനിയും ആവര്‍ത്തിച്ച് പറയുന്നതില്‍ കാര്യമില്ല. മറിച്ച് കാര്‍ഡുകളും ഇ-വാലറ്റുകളും ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ സജീവമാകുമ്പോള്‍ ഡിജിറ്റല്‍ സാക്ഷരതയെന്ന ആശയത്തിന് പ്രാമുഖ്യമേറുന്നു. ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്കും മിക്ക സാധാരണക്കാര്‍ക്കും വൃദ്ധര്‍ക്കുമൊന്നും ഈ ഡിജിറ്റല്‍ പണമിടപാടുകളെക്കുറിച്ച് യാതൊരുവിധ ധാരണയുമില്ല.

ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയാണ് കേന്ദ്ര സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതെങ്കില്‍ ഏറ്റവും മുന്‍ഗണന നല്‍കേണ്ടത് ഡിജിറ്റല്‍ സാക്ഷരതാ പദ്ധതികള്‍ രാജ്യം മുഴുവന്‍ നടപ്പിലാക്കുന്നതിനാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ നയങ്ങള്‍ ആവിഷ്‌കരിച്ച് ജനങ്ങള്‍ക്ക് ഡിജിറ്റല്‍ സങ്കേതങ്ങളില്‍ പരിശീലനം നല്‍കണം. ഇതിനായി മാത്രം സര്‍ക്കാര്‍ വലിയ നിക്ഷേപം നടത്തുകയും വേണം. ഡിജിറ്റല്‍ സാക്ഷരതയും ഡിജിറ്റല്‍ കറന്‍സിയുമാണ് നാളെയെ നിയന്ത്രിക്കാന്‍ പോകുന്നത്. അതില്‍ സംശയമൊന്നുമില്ല. അഴിമതി കുറയ്ക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും ഇത് വലിയ പങ്കുവഹിക്കുമെന്ന കാര്യത്തിലും രണ്ടഭിപ്രായമില്ല. എന്നാല്‍ ഇത് സാധാരണക്കാര്‍ എത്രമാത്രം ഉപയോഗപ്പെടുത്തുന്നുണ്ടെന്നതിലാണ് പ്രശ്‌നം. അതിന് അവരെ പ്രാപ്തരാക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ സമിതിക്കും ഇക്കാര്യത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.

Comments

comments

Categories: Editorial