നോട്ട് അസാധുവാക്കല്‍: ഓഫറുകളുമായി വാഹന നിര്‍മാതാക്കള്‍

നോട്ട് അസാധുവാക്കല്‍: ഓഫറുകളുമായി വാഹന നിര്‍മാതാക്കള്‍

ചെന്നൈ: നോട്ട് അസാധുവാക്കല്‍ തീരുമാനത്തോടെ തിരിച്ചടി നേരിടുന്ന വാഹന വിപണിയില്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കി വില്‍പ്പന വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ ഒരുങ്ങുന്നു. ഡീലര്‍ ഷോറൂമുകളില്‍ ആളെത്താത്തതിനാല്‍ ഈ മാസം വന്‍ ഓഫറുകള്‍ നല്‍കാനാണ് കമ്പനികള്‍ തയാറെടുക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി വര്‍ഷവസാനവും ക്രിസ്തുമസും കൂടി വരുന്ന ഡിസംബറില്‍ കമ്പനികള്‍ ആനൂകൂല്യങ്ങള്‍ നല്‍കാറുണ്ട്. അതേസമയം, നോട്ട് അസാധുവാക്കലില്‍ തിരിച്ചടി നേരിട്ടതോടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനാണ് കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. സാധാരണ നല്‍കുന്നതിനേക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഈ മാസം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തലുകള്‍.
വിപണിയില്‍ വില്‍പ്പ തിരിച്ചടി ഏറ്റവും ബാധിച്ചിരിക്കുന്ന ഡീസല്‍ മോഡലുകളിലാകും വലിയ ആനുകൂല്യങ്ങള്‍ നല്‍കുക. അതേസമയം, ഏറ്റവും പുതുതായി വിപണിയലെത്തിയ മോഡലുകളില്‍ കാര്യായ ആനുകൂല്യമുണ്ടാകില്ലെന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ ഷോറൂമുകളിലുള്ള സ്‌റ്റോക്കുകള്‍ വിറ്റൊഴിക്കുന്നതിനായി കമ്പനികല്‍ വന്‍ ആനൂകൂല്യങ്ങളാകും ഒരുക്കുക.
മാരുതി സുസുക്കി തങ്ങളുടെ മാസ്മാര്‍ക്കറ്റ് മോഡലുകളായ അള്‍ട്ടോ 800, അള്‍ട്ടോ കെ10, സെലേറിയോ, വാഗണ്‍ ആര്‍ എന്നീ മോഡലുകള്‍ക്ക് 50,000-60,000 രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാന്‍ കമ്പനി ടൊയോട്ട 100 ശതമാനം ഓണ്‍റോഡ് ഫിനാന്‍സിംഗ് ആണ് ഡിസംബര്‍ ഓഫറായി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2 ലക്ഷം രൂപയ്ക്ക് മുകളില്‍ ആനുകൂല്യങ്ങളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഉറച്ചാണെന്ന് സൂചന നല്‍കിക്കഴിഞ്ഞു. റെനോ, ഫോക്‌സ്‌വാഗണ്‍, ഹ്യൂണ്ടായ്, ഹോണ്ട എന്നീ കമ്പനികള്‍ പുതിയ ഓഫറുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: Business & Economy