യാത്രക്കാര്‍ക്ക് പ്രീപെയ്ഡ് കാര്‍ഡുകളുമായി കെഎസ്ആര്‍ടിസി

യാത്രക്കാര്‍ക്ക് പ്രീപെയ്ഡ് കാര്‍ഡുകളുമായി കെഎസ്ആര്‍ടിസി

 

തിരുവനന്തപുരം : പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്ത് കെഎസ്ആര്‍ടിസി പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കും. മുന്‍കൂട്ടി പണമടച്ച് ലഭിക്കുന്ന കാര്‍ഡ് ഉപയോഗിച്ച് കെഎസ്ആര്‍ടിസി ബസ്സുകളില്‍ നിശ്ചിത കാലയളവില്‍ യാത്ര ചെയ്യാന്‍ കഴിയുന്നതാണ് ഈ സംവിധാനം. ഒരു മാസത്തെ കാലയളവിലാണ് കാര്‍ഡ് ലഭിക്കുന്നത്. അനുവദിക്കപ്പെടുന്ന ബസ്സുകളില്‍ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാമെന്നതാണ് സവിശേഷത.

ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ഫാസ്റ്റ് വരെ വിവിധ ബസ്സുകള്‍ക്ക് വ്യത്യസ്ത തുകയ്ക്കുള്ള കാര്‍ഡുകളാണ് അനുവദിക്കുന്നത്. കാലാവധി കഴിഞ്ഞാല്‍ വീണ്ടും ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. അടുത്തയാഴ്ച്ച മുതല്‍ കാര്‍ഡുകള്‍ ലഭ്യമാകും. നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച ചില്ലറക്ഷാമം മറികടക്കുന്നതിനൊപ്പം കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ടെന്ന് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം അറിയിച്ചു.

വിവിധ തരത്തിലുള്ള കാര്‍ഡുകളില്‍ അനുവദിക്കുന്ന യാത്രകള്‍ ഇപ്രകാരമാണ്. ബ്രോണ്‍സ് കാര്‍ഡ് (1000 രൂപ) : ലിമിറ്റഡ് സ്റ്റോപ്, ഓര്‍ഡിനറി ബസ്സുകളില്‍ യാത്ര ചെയ്യാം. ജില്ലയ്ക്ക് പുറത്തേയ്ക്ക് യാത്ര ചെയ്യാന്‍ പറ്റില്ല. സില്‍വര്‍ കാര്‍ഡ് (1500 രൂപ ) : ലിമിറ്റഡ് സ്റ്റോപ്, ഓര്‍ഡിനറി ബസ്സുകളില്‍ സംസ്ഥാനത്തുടനീളം യാത്ര ചെയ്യാം. ഗോള്‍ഡ് കാര്‍ഡ് (3000 രൂപ) : ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസ്സുകളില്‍ സംസ്ഥാനത്തെവിടെയും യാത്ര ചെയ്യാം. പ്രീമിയം കാര്‍ഡ് (5000 രൂപ) : സ്‌കാനിയ വോള്‍വോ ഒഴികെയുള്ള ബസ്സുകളില്‍ സഞ്ചരിക്കാം.

Comments

comments

Categories: Slider, Top Stories

Related Articles