ജില്ലാ സഹകരണ ബാങ്കുകള്‍ കെവൈസി ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നബാര്‍ഡ്

ജില്ലാ സഹകരണ ബാങ്കുകള്‍ കെവൈസി ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നബാര്‍ഡ്

ന്യൂഡെല്‍ഹി: സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ കെവൈസി ചട്ടങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന നബാര്‍ഡിന്റെ റിപ്പോര്‍ട്ട് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ജില്ലാ ബാങ്കുകള്‍ നബാര്‍ഡ് റിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. കെവൈസി പാലിക്കാത്തതിന്റെ പേരില്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോര്‍പ്പറേഷന്‍ ബാങ്ക്, കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ 13 ബാങ്കുകള്‍ക്ക് 27 കോടി രൂപ ആര്‍ബിഐ പിഴ ചുമത്തിയിരുന്നുവെന്നും ജില്ലാബാങ്കുകളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കും. ഈ ബാങ്കുകള്‍ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനോ അസാധു നോട്ടുകള്‍ മാറ്റി നല്‍കുന്നതിനോ ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്താത്തതും ജില്ലാ ബാങ്കുകള്‍ സുപ്രീം കോടതിയെ അറിയിക്കും.

ഉപയോക്താക്കളെ സംബന്ധിച്ച് ബാങ്കിന് വ്യക്തമായ ധാരണ ലഭിക്കുന്നതിനു വേണ്ടി ഏര്‍പ്പെടുത്തിയ കെവൈസി മാനദണ്ഡങ്ങള്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ സഹകരണ ബാങ്കുകളും അവയുടെ ശാഖകളും പാലിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ പരിശോധനയിലൂടെ നബാര്‍ഡ് വ്യക്തമാക്കിയിരുന്നു. കെവൈസി പാലിക്കുന്നില്ലെങ്കില്‍ അതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പകരം ദ്രോഹിക്കുകയല്ല വേണ്ടതെന്ന് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് പറഞ്ഞു. കേരളത്തിലെ ബാങ്കുകള്‍ക്ക് വേണ്ടി കപില്‍ സിബല്‍ ഹാജരാകും. തമിഴ്‌നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് സുപ്രീംകോടതി ഈ കേസ് പരിഗണിക്കുന്നത്.

Comments

comments

Categories: Slider, Top Stories