ഓക്‌സ്‌ഫോഡ് പ്ലാന്റില്‍ നിന്ന് ബിഎംഡബ്ല്യു പുറത്തിറക്കിയത് 30 ലക്ഷം മിനി

ഓക്‌സ്‌ഫോഡ് പ്ലാന്റില്‍ നിന്ന് ബിഎംഡബ്ല്യു പുറത്തിറക്കിയത് 30 ലക്ഷം മിനി

 

ഓക്‌സ്‌ഫോഡ്: ജര്‍മന്‍ കമ്പനി ബിഎംഡബ്ല്യു പുതിയ നാഴികക്കല്ല് താണ്ടി. 2001ല്‍ ആരംഭിച്ച ഓക്‌സ്‌ഫോഡ് പ്ലാന്റില്‍ നിന്നും 30 ലക്ഷം മിനി നിര്‍മിച്ചാണ് കമ്പനി പുതിയ നേട്ടത്തിലെത്തിയത്. പ്ലാന്റില്‍ നിര്‍മാണം ആരംഭിച്ച സമയത്ത് ദിവസം 300 കാറുകളായിരുന്നു നിര്‍മാണമെങ്കില്‍ നിലവിലത് 1,000 യൂണിറ്റുകളായിട്ടുണ്ട്.
ഏകദേശം 4,500 ആളുകളാണ് ഈ പ്ലാന്റില്‍ സേവനമനുഷ്ടിക്കുന്നത്. ഓരോ മിനുട്ടിലും ഒരു കാര്‍ നിര്‍മിക്കാനുള്ള ശേഷി ഓക്‌സ്‌ഫോഡ് പ്ലാന്റിനുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആഗോള തലത്തില്‍ 110 വിപണികളിലാണ് മിനി വില്‍പ്പന നടത്തുന്നത്.
പ്ലാന്റില്‍ നിര്‍മാണം ആരംഭിച്ച ആദ്യ വര്‍ഷത്തില്‍ തന്നെ 40,000 യൂണിറ്റ് മിനിയാണ് കമ്പനി ആഗോള വിപണിയില്‍ വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷത്തോടെ വില്‍പ്പന നടത്തിയ എണ്ണം 340,000 യൂണിറ്റായിട്ടുണ്ടെന്നും കമ്പനി വ്യക്താക്കി. യുകെയില്‍ മൂന്ന് പ്ലാന്റുകളിലായാണ് ബിഎംഡബ്ല്യു മിനി നിര്‍മിക്കുന്നത്. ബെര്‍മിംഗ്ഹാമിനടുത്തുള്ള ഹാംസ് ഹാളില്‍ എന്‍ജിനുകളും സ്വിന്റനില്‍ ബോഡിയുള്‍പ്പടെയുള്ളവയും പൂര്‍ത്തിയാക്കിയാണ് ഓക്‌സ്‌ഫോഡ് പ്ലാന്റിലെത്തുന്നത്. ഈ പ്ലാന്റിലാണ് ബോഡി അസംബ്ലിംഗും പെയിന്റിംഗുമടക്കമുള്ള അവസാന ജോലികള്‍ നടത്തുന്നത്.
2,000 മുതല്‍ ഇതുവരെ ഈ മൂന്ന് പ്ലാന്റുകളിലുമായി ഏകദേശം 1.75 ബില്ല്യന്‍ യൂറോയുടെ നിക്ഷേപമാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് നടത്തിയിട്ടുള്ളത്. മൂന്ന്, അഞ്ച് ഡോറുകളുള്ള മിനി, മിനി ക്ലബ്മാന്‍, മിനി ജോണ്‍ കൂപ്പര്‍ എന്നീ മോഡലുകളാണ് ഓക്‌സ്‌ഫോഡ് പ്ലാന്റില്‍ കമ്പനി നിര്‍മിക്കുന്നത്.

Comments

comments

Categories: Auto