ബന്ധന്‍ ബാങ്ക് ട്രെയ്‌നിംഗ് സ്‌കൂള്‍ തുടങ്ങും

ബന്ധന്‍ ബാങ്ക് ട്രെയ്‌നിംഗ്  സ്‌കൂള്‍ തുടങ്ങും

 

 

കൊല്‍ക്കത്ത: ബാങ്ക് ജോലി സ്വപ്‌നം കാണുന്നവര്‍ക്കായി പുതുവഴി തുറന്ന് ബന്ധന്‍ ബാങ്ക്. ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി സ്വന്തം നിലയില്‍ ട്രെയ്‌നിംഗ് സ്‌കൂള്‍ തുടങ്ങുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ബിരുദം പൂര്‍ത്തിയാക്കിയ യുവതിയുവാക്കള്‍ക്ക് ഒരു വര്‍ഷത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്നും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസിസ്റ്റന്റ് മാനേജര്‍മാരുടെ തസ്തികയില്‍ നിയമനം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. 35000 രൂപയാണ് കോഴ്‌സ് ഫീസ്. തുക കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് ബാങ്ക് ലോണ്‍ നല്‍കും.
ട്രെയ്‌നിംഗ്
സ്‌കൂളിനായി നിക്ഷേപം നടത്തുന്നത് വളരെ വേഗം വളര്‍ച്ച കൈവരിക്കുന്നതിന് സഹായിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന തലം മുതല്‍ ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പോലുള്ളവ പണം ചെലവിടുന്നു-ബന്ധന്‍ ബാങ്കിന്റെ ഉപദേശകരില്‍ ഉള്‍പ്പെട്ട ഓണ്‍ ഹെവിറ്റ് കണ്‍സള്‍ട്ടിംഗിന്റെ സിഇഒ സന്ദീപ് ചൗധരി പറഞ്ഞു.
ഓണ്‍ഹെവിറ്റിന്റെ ഉപദേശം സ്വീകരിക്കുന്നതിനോടൊപ്പം സ്വന്തം സ്രോതസുകള്‍ ഉപയോഗിച്ചുള്ള പരിശീലനമാണ് ബാങ്ക് ജീവനക്കാര്‍ക്ക് നല്‍കുന്നത്. ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ മികച്ച രീതിയില്‍ വളരുന്നതിന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബാങ്കിനെ സഹായിക്കുന്നുണ്ട്-ബന്ധന്‍ ബാങ്ക് എംഡി ചന്ദ്ര ശേഖര്‍ ഘോഷ് പറഞ്ഞു.
ബന്ധന്‍ ബാങ്കിന്റെ സഹസ്ഥാപനമായാണ് പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുക. 30 പേരടങ്ങുന്ന ആദ്യ ബാച്ചിന്റെ പരിശീലനം ജനുവരിയില്‍ ആരംഭിക്കും. പിന്നീട് പ്രതിവര്‍ഷം 240 പേര്‍ക്ക് ട്രെയ്‌നിംഗ് നല്‍കാന്‍ കഴിയുന്ന വിധത്തില്‍ ഇത് ക്രമീകരിക്കും. ആദ്യത്തെ മാസം തന്നെ പ്രവേശനം തേടുന്നവര്‍ക്ക് ബാങ്ക് സ്റ്റൈപന്‍ഡ് നല്‍കും. തൊഴില്‍പരമായ നൈപുണ്യ വികസനത്തിന് കാലതാമസം നേരിടും. അതിനാല്‍, ജോലി ആരംഭിക്കുന്നതിന് മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതാണ് ഏറ്റവും അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൈക്രോ ഫിനാന്‍സ് സ്ഥാപനം എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബന്ധന്‍ ബാങ്കിന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സ്വകാര്യ ബാങ്ക് ആകാന്‍ ആര്‍ബിഐ അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് വിരമിച്ച നിരവധി ഉദ്യോഗസ്ഥരെ ജോലിക്കെടുത്തിരുന്നു. പുതിയ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനും അവര്‍ക്ക് പരിശീലനം നല്‍കുന്നതിനും ബന്ധനെ കൂടാതെ നിരവധി സ്വകാര്യ ബാങ്കുകള്‍ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍, അവയെല്ലാം പുറത്തുനിന്നുള്ള സ്ഥാപനങ്ങളെയാണ് ട്രെയ്‌നിംഗിനും മറ്റും ആശ്രയിക്കാറ്.

Comments

comments

Categories: Banking