സെല്‍ഫ്-ഡ്രെവിംഗ് കാറുകള്‍ക്കുള്ള യുഎസ് നിയന്ത്രണത്തിനെതിരേ ആപ്പിള്‍

സെല്‍ഫ്-ഡ്രെവിംഗ് കാറുകള്‍ക്കുള്ള യുഎസ് നിയന്ത്രണത്തിനെതിരേ ആപ്പിള്‍

വാഷിംഗ്ടണ്‍: സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ സംബന്ധിച്ച് അമേരിക്ക കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ആപ്പിള്‍ രംഗത്ത്. ഓട്ടോമേറ്റഡ് ഗതാഗത സംവിധാനത്തിന്റെ സാധ്യതകള്‍ വലുതാണെന്നും ഇത്തരം വാഹനങ്ങളെ നിയന്ത്രിക്കരുതെന്നും കമ്പനി യുഎസ് അധികൃതരോട് ആവശ്യപ്പെട്ടു. നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന് ആപ്പിള്‍ പ്രൊഡക്റ്റ് ഇന്റഗ്രിറ്റി ഡയറക്റ്റര്‍ സ്റ്റീവ് കെന്നര്‍ ഇതുസംബന്ധിച്ച് കത്തയയ്ക്കുകയായിരുന്നു. കംപ്യൂട്ടര്‍-ഐഫോണ്‍ നിര്‍മാതാക്കളുടെ ഗതാഗത രംഗത്തേക്കുള്ള കടന്നുവരവ് സംബന്ധിച്ച് ഒരു വര്‍ഷത്തോളമായി പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കുന്നതാണ് ആപ്പിളിന്റെ ഈ കത്തെന്നാണ് വിലയിരുത്തപ്പെടുന്നത്.

മെഷീന്‍ ലേണിംഗ്, ഓട്ടോമേഷന്‍ മേഖലകളെക്കുറിച്ച് പഠിക്കുന്നതിന് കമ്പനി വന്‍തോതില്‍ നിക്ഷേപം നടത്തിവരികയാണെന്നും ഗതാഗതം ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ഓട്ടോമേറ്റഡ് സംവിധാനത്തിന്റെ സാധ്യതകള്‍ വലുതാണെന്നും കെന്നര്‍ കത്തില്‍ സൂചിപ്പിക്കുന്നു. ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്ക് ജനങ്ങളുടെ ശീലങ്ങളെ മാറ്റിമറിക്കാന്‍ കഴിയുമെന്നും ഓരോ വര്‍ഷവുമുണ്ടാകുന്ന ദശലക്ഷക്കണക്കിന് കാറപകടങ്ങളും മരണങ്ങളും തടയാന്‍ ഇതിലൂടെ സാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സെല്‍ഫ് കാറുകള്‍ക്കെതിരെ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നും നിലവിലെ വാഹന നിര്‍മാതാക്കളെയും പുതുതായി കടന്നുവരുന്നവരെയും ഒരുപോലെ കണക്കാക്കണമെന്നും കത്തിലുണ്ട്. അപകടകരമായ സാഹചര്യങ്ങളില്‍ എന്തുചെയ്യണമെന്ന് സോഫ്റ്റ്‌വെയര്‍ നിശ്ചയിക്കുമെങ്കിലും ചില പ്രത്യക മേഖലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്ന് ആപ്പിള്‍ വ്യക്തമാക്കി. ഓട്ടോമേറ്റഡ് വാഹനങ്ങളുടെ പ്രവര്‍ത്തനത്തിന് നിയമപരമായ സാധുത ഉറപ്പാക്കുന്നതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് വേണ്ടത്.

സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ ദശലക്ഷക്കണക്കിന് ട്രക്ക്, ടാക്‌സി ഡ്രൈവര്‍മാരുടെ പണി തെറിപ്പിക്കുമെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. വാഹന റിപ്പയര്‍മാര്‍, ഇന്‍ഷൂറന്‍സ് അഡ്ജസ്റ്റര്‍ തുടങ്ങിയവരെയും പ്രതിസന്ധിയിലാക്കും. മെഷീന്‍ ലേണിംഗിലും ഓട്ടോമേഷനിലുമുള്ള വലിയ നിക്ഷേപമാണ് തങ്ങളെ കത്തെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് ആപ്പിള്‍ വക്താവ് ടോം ന്യൂമെയ്ര്‍ വ്യക്തമാക്കി.

Comments

comments

Categories: Auto