സംസ്ഥാന കായികോത്സവം: വിനിയും മുഹമ്മദ് അജ്മലും വേഗക്കാര്‍

സംസ്ഥാന കായികോത്സവം:  വിനിയും മുഹമ്മദ് അജ്മലും വേഗക്കാര്‍

 

തേഞ്ഞിപ്പാലം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ 100 മീറ്റര്‍ റേസില്‍ മുഹമ്മദ് അജ്മലും പി വി വിനിയും സ്വര്‍ണം സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫോട്ടോ ഫിനിഷിനൊടുവിലാണ് പാലക്കാട് കല്ലടി സ്‌കൂളിന്റെ താരമായ മുഹമ്മദ് അജ്മല്‍ ഒന്നാമതെത്തിയത്. 10.97 സെക്കന്‍ഡിലായിരുന്നു അജ്മലിന്റെ ഫിനിഷ്. 11.1 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഓംകാറാണ് വെള്ളി മെഡല്‍ നേടിയത്.

അതേസമയം, സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിന്റെ താരമായ വിനി 12.63 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ വിനി നേടുന്ന രണ്ടാം സ്വര്‍ണമാണിത്. ലോങ് ജംപിലായിരുന്നു വിനിയുടെ ആദ്യ സ്വര്‍ണം.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ സോഫിയ സണ്ണിയും ആണ്‍കുട്ടികളില്‍ സി. അഭിനവും സ്വര്‍ണം നേടി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ റേസില്‍ ഉഷ സ്‌കൂളിലെ എല്‍ഗ തോമസ് സ്വര്‍ണം സ്വന്തമാക്കി. 400 മീറ്റര്‍ റേസിലും എല്‍ഗ സ്വര്‍ണം നേടിയിരുന്നു. സബ് ജൂനിയര്‍ ആണ്‍ കുട്ടികളില്‍ ടി ശ്രീരാഗാണ് വേഗമേറിയ താരമായി മാറിയത്.

സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തില്‍ എറണാകുളം ജില്ല തന്നെയാണ് മുന്നില്‍. കായിക മേളയുടെ രണ്ടാം ദിനത്തില്‍ മൂന്ന് മീറ്റ് റെക്കോര്‍ഡുകളും പിറന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ അശ്വിന്‍ ശങ്കറും സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ റേസില്‍ കോതമംഗലം മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പിയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ നാട്ടിക ഫിഷറീസ് എച്ച്എസ്എസിലെ അതുല്യയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്പുട്ടില്‍ തൃശൂരിന്റെ മരിയ തോമസിനാണ് സ്വര്‍ണം. കോടതി ഉത്തരവിലൂടെയാണ് മരിയ തോമസ് മല്‍സരിക്കാന്‍ യോഗ്യത നേടിയത്.

Comments

comments

Categories: Sports