വിജേന്ദര്‍ സിംഗിന്റെ കരിയര്‍ ഇല്ലാതാക്കുമെന്ന് ഫ്രാന്‍സിസ് ചെക്ക

വിജേന്ദര്‍ സിംഗിന്റെ കരിയര്‍ ഇല്ലാതാക്കുമെന്ന് ഫ്രാന്‍സിസ് ചെക്ക

പ്രൊഫഷണല്‍ ബോക്‌സിംഗിലെ ഇന്ത്യന്‍ താരം വിജേന്ദര്‍ സിംഗിന് ടാന്‍സാനിയന്‍ ബോക്‌സറായ ഫ്രാന്‍സിസ് ചെക്കയുടെ ഭീഷണി. ഡിസംബര്‍ 17ന് നടക്കാനിരിക്കുന്ന ബോക്‌സിംഗ് മത്സരത്തില്‍ വിജേന്ദറിനെ പരാജയപ്പെടുത്തുമെന്നാണ് എതിരാളി വെല്ലുവിളിച്ചിരിക്കുന്നത്.

വിജേന്ദറിന്റെ മുഖം ഇടിച്ച് പൊളിക്കുമെന്നും പിന്നീടൊരിക്കലും ഇന്ത്യന്‍ താരത്തിന് പ്രൊഫണല്‍ ബോക്‌സിംഗില്‍ ഇറങ്ങേണ്ടി വരില്ലെന്നുമാണ് 34 കാരനായ ഫ്രാന്‍സിസ് ചെക്ക ഭീഷണി മുഴക്കിയത്.

ടാന്‍സാനിയന്‍ താരം വിജേന്ദറിനെ തോല്‍പ്പിക്കുമെന്ന് ഫ്രാന്‍സിസ് ചെക്കയുടെ ട്രെയിനറായ മാസങ്കിയും അവകാശപ്പെട്ടു. വിജേന്ദറിനെതിരായ മത്സരത്തിന് വേണ്ടി ഫ്രാന്‍സിസ് ചെക്ക കടുത്ത പരിശീലനമാണ് നടത്തുന്നെതെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫഷണല്‍ ബോക്‌സിംഗിലേക്ക് മാറിയതിന് ശേഷം അപരാജിത കുതിപ്പാണ് വിജേന്ദര്‍ സിംഗ് നടത്തുന്നത്. ഏഷ്യ ഫസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യന്‍ കൂടിയാണ് വിജേന്ദര്‍ സിംഗ്.

അതേസമയം, പ്രഫഷണല്‍ ബോക്‌സിംഗില്‍ ഇന്ത്യന്‍ താരത്തേക്കാള്‍ വളരെ പരിചയമുള്ള ബോക്‌സറാണ് ഫ്രാന്‍സിസ് ചെക്ക. നിലവിലെ ഇന്റര്‍ കോണ്ടിനെന്റല്‍ സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യനുമാണ് അദ്ദേഹം.

പ്രൊഫഷണല്‍ ബോക്‌സിംഗിലെ പങ്കെടുത്ത ഏഴ് മത്സരങ്ങളിലും വിജേന്ദര്‍ സിംഗിന് വിജയിക്കാന്‍ സാധിച്ചു. ഇതില്‍ ആറെണ്ണം നോക്കൗട്ട് വിജയമായിരുന്നു. ഓസ്‌ട്രേലിയയുടെ കെറി ഹോപ്പിനെ പരാജയപ്പെടുത്തിയായിരുന്നു വിജേന്ദര്‍ ഏഷ്യ പസഫിക് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്.

ഇതുവരെ പങ്കെടുത്ത 43 മത്സരങ്ങളില്‍ 32 എണ്ണത്തിലും വിജയിച്ച ബോക്‌സറാണ് ഫ്രാന്‍സിസ് ചെക്ക. ഇതില്‍ പതിനേഴ് തവണയും ഫ്രാന്‍സിസ് ചെക്ക സ്വന്തമാക്കിയത് നോക്കൗട്ട് വിജയമായിരുന്നു.

Comments

comments

Categories: Sports