ഇന്ത്യന്‍ പ്രവേശനം: ടെസ്ലയ്ക്ക് ആര് മണികെട്ടും?

ഇന്ത്യന്‍ പ്രവേശനം: ടെസ്ലയ്ക്ക് ആര് മണികെട്ടും?

ഹൈദരാബാദ്: ഇലക്ട്രിക്ക് കാര്‍ നിര്‍മാണത്തിലുള്ള മുന്‍നിര കമ്പനിയായ ടെസ്ല മോട്ടോഴ്‌സ് ഇന്ത്യയില്‍ കാര്‍നിര്‍മാണ പ്ലാന്റ് ആരംഭിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇതുവരെ വന്നിട്ടില്ലെങ്കിലും ആന്ധ്രാ പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കമ്പനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

ആന്ധ്രപ്രേദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ തങ്ങളുടെ പ്രതിനിധികളെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നതിന് ടെസ്ല മോട്ടോഴ്‌സ് സന്ദര്‍ശനത്തിനയച്ചിട്ടുണ്ട്. പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള നേട്ടങ്ങള്‍ കമ്പനി മേധാവി ഇലോണ്‍ മോസ്‌ക്കിന് ഈ പ്രതിനിധികള്‍ വ്യക്തമാക്കി നല്‍കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്ലാന്റിന് പ്രത്യേക സാമ്പത്തിക മേഖലയും തുറമുഖ സൗകര്യങ്ങളും മറ്റു ആനുകൂല്യങ്ങള്‍ക്കൊപ്പം നല്‍കാന്‍ ഈ മൂന്ന് സംസ്ഥാനങ്ങളും തയാറെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടെസ്ല മോട്ടോഴ്‌സ് നിര്‍മാണ പ്ലാന്റില്‍ ആന്ധ്രാ പ്രദേശ് പ്രതിനിധികള്‍ ഈ വര്‍ഷം ഇതിനോടകം തന്നെ രണ്ട് തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. എനര്‍ജി എഫിഷ്യന്‍സിയുമായി ബന്ധപ്പെട്ട് കമ്പനി പ്രതിനിധികളോട് ഇവര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ആന്ധ്രപ്രേദശ് സര്‍ക്കാര്‍ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
തെലങ്കാന വൃത്തങ്ങള്‍ ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിന് തയാറായിട്ടില്ല. തെലങ്കാനയുമായി കനത്ത മത്സരത്തിനൊടുവില്‍ ഈയടുത്ത അപ്പോളോ ടയേഴ്‌സിന്റെ 3,000 കോടി രൂപ നിക്ഷേപത്തിലുള്ള ടയര്‍ നിര്‍മാണ പ്ലാന്റ് പദ്ധതി ആന്ധ്രാ പ്രദേശ് നേടിയിരുന്നു.
ടെസ്ല മോട്ടോഴ്‌സിന്റെ ജിഗാഫാക്ടറിയിലാണ് ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്കും കണ്ണ്. അതേസമയം, ആദ്യ ജിഗാഫാക്ടറി നൊവാഡയില്‍ ആരംഭിച്ച കമ്പനി രണ്ടാമത്തെ ഫാക്ടറി യൂറോപ്പിലായിരിക്കുമെന്ന് ഏകദേശ ധാരണ നല്‍കിയിട്ടുണ്ട്.
അടുത്ത വര്‍ഷത്തോടെ ബാറ്ററി പ്ലാന്റ് നിര്‍മിക്കുകയും അതിന് ശേഷം സൂപ്പര്‍ചാര്‍ജിംഗ് സ്റ്റേഷനുകളും ഒരുക്കിയതിന് ശേഷമാകും കമ്പനി ഇന്ത്യയിലേക്ക് വരുന്നതിനെ കുറിച്ച് ആലോചിക്കുകയെന്നാണ് ടെസ്ല മോട്ടോഴ്‌സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് കാറായ മോഡല്‍ 3 ഏപ്രിലില്‍ വിപണിയിലെത്തിച്ച സമയത്ത് ഇന്ത്യന്‍ വിപണിയില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനി വില്‍പ്പനയാരംഭിക്കുമെന്ന് ടെസ്ല മോട്ടോഴ്‌സ് മേധാവി ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും കാറിനുള്ള പ്രീ ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര ഉപരിതല ഗതാഗത ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി ടെസ്ല മോട്ടോഴ്‌സ് പ്ലാന്റ് സന്ദര്‍ശിച്ച് ഇന്ത്യയില്‍ പങ്കാളിത്തത്തില്‍ പ്ലാന്റ് ആരംഭിക്കുന്നതിന് കമ്പനിയെ ക്ഷണിച്ചിരുന്നു.

Comments

comments

Categories: Auto