സംസ്ഥാനസ്‌കൂള്‍ കായികോത്സവത്തിന് തുടക്കം

സംസ്ഥാനസ്‌കൂള്‍ കായികോത്സവത്തിന്  തുടക്കം

കോഴിക്കോട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി എച്ച് മുഹമ്മദ് കോയ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ തുടക്കം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് മേളയ്ക്ക് ഔദ്യോഗികമായി തുടക്കമാവുക. നാല് ദിവസങ്ങളിലായി നടത്തപ്പെടുന്ന കായിക മേളയില്‍ 96 ഇനങ്ങളിലായി 2581 കായിക താരങ്ങള്‍ പങ്കെടുക്കും.

വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സ്‌കൂള്‍ കായികോത്സവം എന്ന പേരിലാണ് കായിക മേള നടത്തുന്നത്. പി ടി ഉഷ, മേഴ്‌സി കുട്ടന്‍, ശ്രീകുമാരിയമ്മ, അഞ്ജു ബോബി ജോര്‍ജ് തുടങ്ങിയ പ്രമുഖ കായിക താരങ്ങളെ വളര്‍ത്തിയെടുത്ത കാലിക്കറ്റ് സര്‍വകാലാശാലയിലാണ് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് വേദിയൊരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയം.

മലപ്പുറം ജില്ല സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് വേദിയാകുന്നതും ഇതാദ്യമായാണ്. മേളയുടെ ആദ്യ ദിനമായ ഇന്ന് രാവിലെ ഏഴ് മണിക്കും ബാക്കിയുള്ള ദിവസങ്ങളില്‍ 6.30നുമാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തോടെയാണ് ഇന്ന് ട്രാക്കുണരുക. ആദ്യ ദിനത്തില്‍ പതിനെട്ട് ഫൈനല്‍ മത്സരങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

ട്രാക്കിലെ 400 മീറ്റര്‍ ഫൈനലുകളായിരിക്കും ഇന്ന് പ്രധാനമായും ശ്രദ്ധേയമാവുക. ഇതിനുപുറമെ 3000 മീറ്റര്‍, ഷോട്ട്പുട്ട്, ലോങ് ജംപ്, ഹൈ ജംപ്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ മത്സരങ്ങളും നടക്കും. മത്സരങ്ങള്‍ തടസം കൂടാതെ നടക്കുന്നതിനായി ഇതിനോടകം തന്നെ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതേസമയം, കറന്‍സി ദൗര്‍ലഭ്യം ചെക്ക് നല്‍കി പരിഹരിക്കാനാണ് സംഘാടകരുടെ ശ്രമം.

ഫൈനല്‍ മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 1500, 1250, 1000 വീതം സമ്മാനമായി നല്‍കും. ഓരോ വിഭാഗത്തിലെയും വ്യക്തിഗത ചാമ്പ്യന്മാര്‍ക്ക് നാല് ഗ്രാം സ്വര്‍ണ മെഡലും സംസ്ഥാന സ്‌കൂള്‍ റെക്കോര്‍ഡ് സ്വന്തമാക്കുന്നവര്‍ക്ക് 4000 രൂപയും ദേശീയ റെക്കോര്‍ഡ് കരസ്ഥമാക്കുന്നവര്‍ക്ക് 10000 രൂപയും പാരിതോഷികമായി നല്‍കും.

കഴിഞ്ഞ വര്‍ഷത്തെ സ്‌കൂള്‍ കായിക മേളയില്‍ എറണാകുളമായിരുന്നു ജേതാക്കള്‍. 25 സ്വര്‍ണമുള്‍പ്പെടെ 241 പോയിന്റ് നേടിയ എറണാകുളത്തിന്റെ 11-ാം കിരീടം കൂടിയായിരുന്നു അത്. 24 സ്വര്‍ണം നേടിയ പാലക്കാടായിരുന്നു 225 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. സമീപ കാലങ്ങളില്‍ എറണാകുളം പാലക്കാട്, കോഴിക്കോട് ജില്ലകളാണ് കടുത്ത പോരാട്ടം കാഴ്ചവെക്കുന്നത്.

Comments

comments

Categories: Sports