കാഷ്‌ലെസ് ഇക്കോണമിക്ക് സഹായമൊരുക്കും

കാഷ്‌ലെസ് ഇക്കോണമിക്ക്  സഹായമൊരുക്കും

ഭുവനേശ്വര്‍: വ്യവസായ മേഖലയെ നോട്ട് രഹിത (കാഷ്‌ലെസ്) സംവിധാനത്തിലേക്ക് നയിക്കാന്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് എസ്ബിഐ ചെയര്‍പെഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ. മേക്ക് ഇന്‍ ഒഡീഷ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കാഷ്‌ലെസ് ഇക്കോണമിയില്‍ ഒഡീഷയെ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള ആദ്യ നടപടിക്ക് പുരി ജഗന്നാഥ ക്ഷേത്രത്തില്‍ കാണിക്കകള്‍ നല്‍കാനുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കിയതിലൂടെ കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. അത് ഒഡീഷയെ മുന്നോട്ടുനയിക്കുന്നതിനുള്ള ആദ്യ ചുവടാകുമെന്ന് പ്രതീക്ഷിക്കുന്നു- ഭട്ടാചാര്യ പറഞ്ഞു.
ഇപ്പോള്‍ വേണ്ടത്ര കറന്‍സിയില്ല. അതിനാല്‍ ഉല്‍പ്പന്നങ്ങളുടെ സ്റ്റോക്ക് എടുക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ വ്യവസായ മേഖല ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം. സബ് ഡീലര്‍മാരും റീട്ടെയ്‌ലര്‍മാരുമടക്കം ബിസിനസിലെ എല്ലാ തലങ്ങളിലുമുള്ളവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരണം. അങ്ങനെയെങ്കില്‍ കാഷ്‌ലെസ് ഇടപാടുകള്‍ നടത്താനുള്ള സംവിധാനങ്ങളും വായ്പകളുമൊക്കെ പ്രദാനം ചെയ്യുന്നതിന് എസ്ബിഐ തയാറാണെന്നും ഭട്ടാചാര്യ വ്യക്തമാക്കി. വ്യവസായ മേഖല ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ സാധിച്ചാല്‍ അത്രയും മികച്ച നിക്ഷേപം ഒഡീഷയിലെത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ബുധനാഴ്ചയാണ് എസ്ബിഐ പോയിന്റ് ഓഫ് സെയ്ല്‍ മെഷീന്‍ സ്ഥാപിച്ചത്. സൈ്വപിംഗ് മെഷീന്‍ ഉപയോഗപ്പെടുത്തി ഭക്തര്‍ക്ക് കാണിക്കകളും മറ്റും നിക്ഷേപിക്കാന്‍ ഇത് അവസരമൊരുക്കും.

Comments

comments

Categories: Banking