രഞ്ജി ട്രോഫി: ത്രിപുരയ്‌ക്കെതിരെ കേരളത്തിന് ജയം

രഞ്ജി ട്രോഫി:  ത്രിപുരയ്‌ക്കെതിരെ കേരളത്തിന് ജയം

 

കട്ടക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ത്രിപുരയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് കേരളം ത്രിപുരയെ പരാജയപ്പെടുത്തിയത്. സീസണിലെ കേരളത്തിന്റെ ആദ്യ വിജയം കൂടിയാണിത്. രണ്ടാം ഇന്നിംഗ്‌സില്‍ 183 റണ്‍സിന്റെ ലക്ഷ്യം തേടിയിറങ്ങിയ കേരളം നാലാം ദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം കാണുകയായിരുന്നു. സ്‌കോര്‍: ത്രിപുര: 213, 162, കേരളം: 193, 183/3.

മുഹമ്മദ് അസ്ഹറുദ്ദീന്‍ നേടിയ 99 റണ്‍സാണ് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 125 പന്തുകളില്‍ നിന്നും 15 ബൗണ്ടറികളുടെ സഹായത്തോടെയാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ 99 റണ്‍സെടുത്തത്. മത്സരത്തിന്റെ ആദ്യ ഇന്നിഗ്‌സിലും 40 റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ തന്നെയായിരുന്നു ടോപ് സ്‌കോറര്‍. കോരളത്തിന് വേണ്ടി ജെ താക്കര്‍ 47 റണ്‍സും നേടി.

വിക്കറ്റ് നഷ്ടപ്പെടാതെ നാലാം ദിനത്തില്‍ 117 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ കേരളത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്‍, ജെ താക്കര്‍, ദലജ് സക്‌സേന (5) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. യഥാക്രമം 15, 9 റണ്‍സ് വീതമെടുത്ത് സല്‍മാന്‍ നിസാറും സച്ചിന്‍ ബേബിയും പുറത്താകാതെ നിന്നു. മലയാളി സൂപ്പര്‍ താരം സഞ്ജു വി സാംസണ്‍ ഇല്ലാതെ കേരളത്തിന് ജയം നേടാനായെന്നതും ശ്രദ്ധേയമായി.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 20 റണ്‍സിന്റെ ലീഡ് വഴങ്ങിയതിന് ശേഷമായിരുന്നു കേരളത്തിന്റെ തിരിച്ചുവരവ്. ആദ്യ ഇന്നിംഗ്‌സില്‍ 213 റണ്‍സെടുത്ത ത്രിപുര കേരളത്തെ 193 റണ്‍സിന് പുറത്താക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ നാല്, മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ അക്ഷയ് ചന്ദ്രന്‍, ഇഖ്ബാല്‍ അബ്ദുള്ള എന്നിവരുടെ മികവില്‍ കേരളം ത്രിപുരയെ 162 റണ്‍സില്‍ ഒതുക്കുകയായിരുന്നു.

7.1 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയാണ് അക്ഷയ് ചന്ദ്രന്‍ നാല് വിക്കറ്റുകള്‍ നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ അക്ഷയ് ചന്ദ്രന്‍ 36 റണ്‍സും നേടിയിരുന്നു. 14 ഓവറില്‍ 32 റണ്‍സ് കൊടുത്തായിരുന്നു ഇക്ബാല്‍ അബ്ദുള്ളയുടെ മൂന്ന് വിക്കറ്റ് നേട്ടം. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി എന്നീ താരങ്ങള്‍ കേരളത്തിന് വേണ്ടി ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

വിജയത്തോടെ നിര്‍ണായകമായ ആറ് പോയന്റുകള്‍ കേരളം സ്വന്തമാക്കി. എന്നാല്‍ എലൈറ്റ് ഗ്രൂപ്പില്‍ എത്താനുള്ള കേരളത്തിന്റെ സാധ്യത ഇനിയും തെളിഞ്ഞിട്ടില്ല. ഒരു ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ക്ക് മാത്രമേ എലൈറ്റ് ഗ്രൂപ്പില്‍ എത്താനാകൂ എന്നതിനാലാണത്. കേരളത്തിന് എട്ട് കളികളില്‍ നിന്നും ഒരോ വിജയ പരാജയവും ആറ് സമനിലയുമാണുള്ളത്.

Comments

comments

Categories: Sports