ഇന്ത്യയില്‍ നിന്നുള്ള ആഗോള ബ്രാന്‍ഡാകുമോ ജിയോ

ഇന്ത്യയില്‍ നിന്നുള്ള ആഗോള ബ്രാന്‍ഡാകുമോ ജിയോ

ടെലികോം രംഗത്ത് വഴിത്തിരിവുണ്ടാക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ തങ്ങളുടെ വെല്‍ക്കം ഓഫറിന്റെ പരിധി 2017 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുകയാണ്. ഇ-കൊമേഴ്‌സ് കമ്പനികള്‍ ഡിസ്‌കൗണ്ടിലൂടെ വന്‍തോതില്‍ ഉപഭോക്താക്കളെ നേടുന്നതിന് സമാനമായ തന്ത്രം തന്നെയാണ് 4ജി ഡാറ്റ സൗജന്യമായി നല്‍കി അംബാനിയും പയറ്റുന്നത്. പലപ്പോഴും ആവശ്യത്തിന് സാമ്പത്തിക പിന്തുണ ഇല്ലാത്തതിനാല്‍ ഇ-കൊമേഴ്‌സ് കമ്പനികളെ ഇത്തരത്തിലുള്ള തന്ത്രം ബാധിക്കാറുണ്ടെങ്കിലും അതിശക്തമായ ഫണ്ടിംഗുള്ള ജിയോയെ ‘ഫ്രീബി’ സ്ട്രാറ്റജി നെഗറ്റീവ് ആയി ബാധിക്കില്ലെന്നുറപ്പ്. എന്നാല്‍ ഇത് ടെലികോം മേഖലയിലെ മറ്റ് കമ്പനികളെ വലിയ തോതില്‍ ബാധിക്കുകയും ചെയ്യുന്നുണ്ട്. അത് മനസിലാക്കി തന്നെയാണ് അംബാനി പരമാവധി ഉപഭോക്താക്കളെ കൂട്ടാന്‍ സൗജന്യ സേവനങ്ങള്‍ നല്‍കുന്ന കാലാവധി നീട്ടിയത്.

മറ്റ് ടെലികോം കമ്പനികള്‍ ജിയോയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പരോക്ഷമായി വ്യക്തമാക്കിയ അംബാനി അവര്‍ക്കിട്ടൊരു കൊട്ട് കൊടുക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അംബാനിയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തോടെ ഭാരതി എയര്‍ടെല്ലിന്റെയും ഐഡിയ സെല്ലുലാറിന്റെയും വരുമാനത്തില്‍ കുറവുണ്ടാകുമെന്ന് വിപണി വിദഗ്ധര്‍ വ്യക്തമാക്കികഴിഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തേക്ക് 10 മുതല്‍ 25 ശതമാനം വരെ കുറവ് ഈ കമ്പനികളുടെ വരുമാനത്തില്‍ ഉണ്ടായേക്കാമെന്നാണ് പല വിദഗ്ധരുടെയും കണക്കുകൂട്ടല്‍.
ഉപഭോക്താക്കളില്‍ 80 ശതമാനവും ദിവസവും 1 ജിബി വരെയാണ് ജിയോ ഡാറ്റ ഉപയോഗിച്ചുവരുന്നതെങ്കിലും 20 ശതമാനത്തോളം ഉപഭോക്താക്കള്‍ അതില്‍ കൂടുതലായും ഉപയോഗിക്കുന്നുണ്ട്. ഒരു ദിവസം ഉപയോഗിക്കാവുന്ന ഡാറ്റ നിരക്ക് 1 ജിബി ആയും, സ്പീഡ് 128 കെപിബിഎസ്സായും ജിയോ നിജപ്പെടുത്തിയിട്ടുണ്ട്.

2016 ഡിസംബര്‍ ഒന്നു വരെയുള്ള കണക്കനുസരിച്ച് 50 ദശലക്ഷം ഉപഭോക്താക്കള്‍ ഇന്ത്യയില്‍ ജിയോ സേവനങ്ങള്‍ ഉപയോഗിക്കുന്നതായാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 5 ന് ജിയോ സേവനങ്ങള്‍ ലഭ്യമാക്കിയതു മുതല്‍ 83 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടമെന്നത് ശ്രദ്ധേയമാണ്. ഒരു ദിവസം 6 ലക്ഷം ഉപഭോക്താക്കളെ കൂടുതലായി ചേര്‍ത്തുകൊണ്ട് ഫേസ്ബുക്ക്, വാട്‌സാപ്പ്, സ്‌കൈപ് പോലെയുള്ള ടെക്‌നോളജി കമ്പനികളേക്കാള്‍ വേഗത്തിലാണ് ജിയോ വളരുന്നതെന്നും അംബാനി അവകാശപ്പെടുന്നു. ഈ കണക്കുകളില്‍ വാസ്തവമുണ്ട്. അംബാനിയുടെ പ്രഖ്യാപനമനുസരിച്ച് കേവലം ടെലികോം സേവനം എന്നതിലുപരി സാധാരണക്കാരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന സമഗ്ര കമ്പനിയായി ജിയോയെ മാറ്റുകയാണ് ലക്ഷ്യം എന്നാണ്. ജിയോ മണിയുടെ ആപ്പിന്റെ സാധ്യതകളിലേക്ക് അദ്ദേഹം കഴിഞ്ഞ ദിവസം വിരല്‍ ചൂണ്ടിയത് അത് മനസില്‍വെച്ചാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ഒരു വാലറ്റ് എന്നതിനപ്പുറത്തേക്ക് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനമായി അത് മാറുമെന്നാണ് അംബാനി പറഞ്ഞത്. എല്ലാ ടെലികോം കമ്പനികള്‍ക്കും ഡിജിറ്റല്‍ വാലറ്റുകളുണ്ടെങ്കിലും ഈ തരത്തിലുള്ള വിപ്ലവാത്മക ശ്രമം അവരുടെയാരുടെയും ഭാഗത്തുനിന്നുണ്ടാകില്ല. ഫേസ്ബുക്കും മൈക്രോസോഫ്റ്റും പോലെ ഒരു ആഗോള ബ്രാന്‍ഡിന് ഇന്ത്യയില്‍ ജന്മം നല്‍കുകയാണോ മുകേഷ് അംബാനി എന്ന ആകാംഷ ജനിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ജിയോക്ക് ആ പ്രതീക്ഷ കാക്കാന്‍ സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Comments

comments

Categories: Editorial