ആദ്യ കാഷ്‌ലെസ് സര്‍ക്കാര്‍ സ്ഥാപനമാകാന്‍ റെയ്ല്‍വെ

ആദ്യ കാഷ്‌ലെസ് സര്‍ക്കാര്‍ സ്ഥാപനമാകാന്‍ റെയ്ല്‍വെ

ന്യൂ ഡെല്‍ഹി: ഇന്ത്യന്‍ റെയ്ല്‍വേ കറന്‍സി രഹിത സാമ്പത്തിക ഇടപാടുകളിലേക്ക് മാറുന്നു. ഡിജിറ്റലാകുന്നതിന് മുന്നോടിയായി എസ്ബിഐ, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളോട് റിസര്‍വേഷന്‍ കൗണ്ടറുകളിലേക്കായി 15,000 പോയന്റ് ഓഫ് സെയില്‍ (പിഒഎസ്) യന്ത്രങ്ങള്‍ റെയ്ല്‍വേ ആവശ്യപ്പെട്ടു. ഇവയില്‍ ആയിരത്തോളം യന്ത്രങ്ങള്‍ ഡിസംബര്‍ 31 നകം റെയ്ല്‍വേയ്ക്ക് കൈമാറും. നിലവില്‍ ടിക്കറ്റ് കൗണ്ടറുകളില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് സൈ്വപിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടില്ല.

റെയ്ല്‍വേയ്ക്ക് പന്ത്രണ്ടായിരത്തോളം ടിക്കറ്റ് കൗണ്ടറുകളാണുള്ളതെന്നും ഇവിടങ്ങളില്‍ ദിവസവുമുള്ള തിരക്ക് പരിഗണിച്ച് ഒന്നോ രണ്ടോ പോയന്റ് ഓഫ് സെയ്ല്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുമെന്നും റെയ്ല്‍വേ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പണം കൈകാര്യം ചെയ്യുകയെന്നത് ജീവനക്കാര്‍ക്ക് ഭാരിച്ച ഉത്തരവാദിത്തമാണ്. വേണ്ടത്ര സൈ്വപിംഗ് മെഷീനുകള്‍ സ്ഥാപിച്ചാല്‍ അത് ജീവനക്കാര്‍ക്കും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തില്‍ നഗര പ്രദേശങ്ങളിലെ റെയ്ല്‍വേ റിസര്‍വേഷന്‍ കൗണ്ടറുകളിലാണ് ഡിജിറ്റല്‍ സേവനം ലഭിക്കുന്നത്. മുംബൈ പോലുള്ള നഗരങ്ങളില്‍ എത്രയും വേഗം തന്നെ പിഒഎസ് യന്ത്രങ്ങള്‍ സ്ഥാപിക്കുമെന്നും റെയ്ല്‍വേ ബോര്‍ഡ് അംഗം പറഞ്ഞു. എസ്ബിഐ ആയിരം യന്ത്രങ്ങള്‍ തരുമെന്ന് അറിയിച്ചിട്ടുണ്ട്.

കരാറുകാര്‍ക്കും മറ്റും പണം നല്‍കുന്നതിന് റെയ്ല്‍വേ മന്ത്രാലയവും വേഗം തന്നെ കാഷ്‌ലെസ്സ് ആകും. കറന്‍സി രഹിത ഇടപാടുകളിലേക്ക് മാറുന്നതായി അറിയിക്കുന്ന വിജ്ഞാപനം എല്ലാ സോണല്‍, ഡിവിഷണല്‍ റെയ്ല്‍വേ ഓഫീസുകളും ഉടന്‍ തന്നെ പുറത്തിറക്കും. റെയ്ല്‍വേ ബോര്‍ഡ് ചെയര്‍മാനും ഇത്തരത്തില്‍ വേഗം വിജ്ഞാപനമിറക്കും. കറന്‍സി രഹിത ആദ്യ സര്‍ക്കാര്‍ സ്ഥാപനമായി റെയ്ല്‍വേയെ മാറ്റണമെന്ന് മന്ത്രി സുരേഷ് പ്രഭു ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആകെ ചരക്കുകൂലിയുടെ 95 ശതമാനവും കറന്‍സി ഒഴിവാക്കിയാണ് റെയ്ല്‍വേ സ്വീകരിക്കുന്നത്. എന്നാല്‍ ടിക്കറ്റ് റിസര്‍വേഷന്‍ വരുമാനത്തില്‍ 55 ശതമാനം മാത്രമാണ് ഇത്തരത്തില്‍ റെയ്ല്‍വെയുടെ കൈകളിലെത്തുന്നത്. കാര്‍ഡ് പെയ്‌മെന്റ് അനുവദിച്ചിട്ടില്ലാത്തതിനാല്‍ അണ്‍റിസര്‍വ്ഡ് വിഭാഗത്തിലും പാസ്സുകളുടെ കാര്യത്തിലും നൂറ് ശതമാനവും കറന്‍സി ഉപയോഗിച്ച് ഇടപാടുകള്‍ നടക്കുന്നു.

രാജ്യത്ത് കറന്‍സി ഉപയോഗം പരമാവധി കുറച്ചുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്നുപോകുന്നതാണ് റെയ്ല്‍വേയുടെ നീക്കം. ഇത് റെയ്ല്‍വേയുടെ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും സഹായിക്കും.

Comments

comments

Categories: Slider, Top Stories