വമ്പന്‍ ആനുകൂല്യങ്ങളുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

വമ്പന്‍ ആനുകൂല്യങ്ങളുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

 

ന്യൂഡെല്‍ഹി: യൂട്ടിലിറ്റി വാഹന വില്‍പ്പനയില്‍ മുന്‍നിരയിലുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നോട്ട് അസാധുവാക്കല്‍ പ്രതിസന്ധി മറികടക്കാന്‍ ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങളൊരുക്കുന്നു. കമ്പനിയുടെ എല്ലാ പോര്‍ട്ട്‌ഫോളിയയോയിലും ആനുകൂല്യങ്ങള്‍ നല്‍കിയ ചില്ലറ വില്‍പ്പന വര്‍ധിപ്പിക്കാനാണ് മഹീന്ദ്ര പദ്ധതിയിട്ടിരിക്കുന്നത്.
ഏകദേശം 2.71 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ വരെ നല്‍കാന്‍ കമ്പനി ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് കമ്പനി ഡീലര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡീലര്‍മാരില്‍ ഏകദേശം 40 ദിവസത്തിനു മുകളിലുള്ള ഇന്‍വന്ററികളുണ്ട. റൂറല്‍, സെമി അര്‍ബന്‍ വിപണികളില്‍ മികച്ച വില്‍പ്പന നടക്കുന്ന കമ്പനിക്ക് പക്ഷേ നോട്ട് അസാധുവാക്കലോടെ വില്‍പ്പനയില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
കമ്പനിയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സ്‌കോര്‍പ്പിയോയുടെ വേരിയന്റിന് അനുസരിച്ച് 50,000 രൂപ വരെ ആനുകൂല്യമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുക. ഗ്രാമീണ വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ബലേറൊയ്ക്ക് 67,000 രൂപയുടെ ആനുകൂല്യമാണ് കമ്പനി നല്‍കുക. പ്രീമിയം സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിലുള്ള എക്‌സ്‌യുവി 500ന് 89,000 രൂപയും കെയുവി100ന് 73,000 രൂപയുമാണ് ആനുകൂല്യമായി നല്‍കുക. കോംപാക്ട് എസ്‌യുവിയായ കെയുവി100 വില്‍പ്പന കഴിഞ്ഞ കുറച്ച് മാസങ്ങളായി തിരിച്ചടി നേരിടുന്നുണ്ട്. വില്‍പ്പന നേട്ടത്തിലേക്ക് തിരിച്ചെത്താനാണ് കെയുവിക്ക് വന്‍ ആനുകൂല്യം നല്‍കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തീരുമാനിച്ചത്.
കമ്പനിയുടെ ഏറ്റവും വിലകൂടിയ എസ്‌യുവി സ്യാങ്‌യോങ് റെക്‌സ്റ്റണാണ് 2.71 ലക്ഷം രൂപയുടെ ആനുകൂല്യം നല്‍കുന്നത്. ഈ കാറിന്റെ വേരിയന്റുകള്‍ക്കനുസരിച്ചാണ് വിലയില്‍ ആനുകൂല്യം നല്‍കുക. ഈ മാസം 31 വരെ ആനുകൂല്യം തുടരുമെന്ന് കമ്പനി വ്യക്തമാക്കി.
24.29 ശതമാനം വില്‍പ്പനയിടിവോടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കഴിഞ്ഞ മാസം 29,814 യൂണിറ്റ് വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 39,383 യൂണിറ്റായിരുന്നു കമ്പനി ഉപഭോക്താക്കള്‍ക്കെത്തിച്ചിരുന്നത്.

Comments

comments

Categories: Auto