മെലഡിയിലൂടെ മനം കവര്‍ന്ന് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

മെലഡിയിലൂടെ മനം കവര്‍ന്ന്  ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

 

കൊച്ചി: മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലെ വിവിധ മെലഡി ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് സംഗീത സാന്ത്വന പരിപാടിയായ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 145ാം ലക്കം കടന്നു പോയത്. സംഗീതത്തിന്റെ വിവിധ മേഖലകളില്‍ നിപുണനായ അനൂപ് ജി കൃഷ്ണന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിപാടി അവതരിപ്പിക്കാനെത്തിയത്.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ലേക് ഷോര്‍ ആശുപത്രി, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര എന്നിവ സംയുക്തമായാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി അവതരിപ്പിച്ചു വരുന്നത്.

രജനികാന്ത് അഭിനയിച്ച് യേശുദാസ് പാടി അനശ്വരമാക്കിയ അമ്മായെന്‍ട്രലയ്ക്കാതെ എന്ന ഗാനത്തോടെ അനൂപാണ് പരിപാടിക്ക് തുടക്കമിട്ടത്. രണ്ട് യുഗ്മ ഗാനങ്ങളുള്‍പ്പെടെ എട്ടു പാട്ടുകളാണ് അനൂപ് ആലപിച്ചത്.ശ്രുതി ബെന്നി മൂന്നും, സംഗീതയും ഗോപിയും രണ്ട് വീതം പാട്ടുകളുമാണ് പാടിയത്.

രവീന്ദ്രന്‍ മാസ്റ്റര്‍, ജെറി അമല്‍ദേവ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് മൃദംഗ വാദനത്തിലൂടെയാണ് സംഗീത രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് ഗാനാലാപനത്തിലേക്ക് കടന്ന അനൂപ് പതിന്നാല് സിനിമകളില്‍ പാട്ടുകള്‍ പാടിയിട്ടുണ്ട്. ആള്‍ ഇന്ത്യ റേഡിയോ ആര്‍ട്ടിസ്റ്റായ സംഗീത വര്‍മ്മ അറിയപ്പെടുന്ന ഗായികയാണ് സംഗീതത്തില്‍ ബിരുദാനന്തര ബിരുദമുള്ള സംഗീത ക്ലിയോപാട്ര എന്ന സിനിമയില്‍ പാടിയിട്ടുണ്ട്.

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായ ഗോപി, അസ്സീസ്സി വിദ്യാനികേതനിലെ ഒമ്പതാം ക്ലാസുകാരി ശ്രുതി ബെന്നി എന്നിവരും പാട്ടുകള്‍ അവതരിപ്പിച്ചു.

Comments

comments

Categories: Branding