ആധാര്‍ അധിഷ്ഠിത പണമിടപാടിലേക്ക് രാജ്യം മാറും

ആധാര്‍ അധിഷ്ഠിത പണമിടപാടിലേക്ക് രാജ്യം മാറും

ന്യൂഡെല്‍ഹി: സാമ്പത്തിക ഇടപാടുകള്‍ക്ക് ആധാര്‍ അധിഷ്ഠിത സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയെ നോട്ട് രഹിത സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിന്റെ ഭാഗമായാണിത്. നിതി ആയോഗിന്റെ നിയന്ത്രണത്തിലാണ് പുതിയ പേമെന്റ് സംവിധാനം വികസിപ്പിക്കുന്നത്. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം പണമിടപാടുകള്‍ക്ക് 12 അക്ക ആധാര്‍ നമ്പര്‍ മാത്രം ഉപയോഗിച്ചുള്ള സംവിധാനം വികസിപ്പിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് എല്ലാത്തരത്തിലുമുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നയപ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച് രാജ്യത്തെ മൊബീല്‍ നിര്‍മാതാക്കളുമായും കേന്ദ്രം ചര്‍ച്ച നടത്തും.

ആന്‍ഡ്രോയ്ഡ് ഫോണ്‍ വഴി ആധാര്‍ നമ്പറും ആധാറിലുള്‍പ്പെടുത്തിയ ബയോമെട്രിക് സംവിധാനങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും ഡിജിറ്റല്‍ ബാങ്കിംഗിനായി ഉപയോഗിക്കുക. ആധാര്‍ അധിഷ്ഠിത ഇടപാടുകള്‍ക്ക് പിന്‍ നമ്പറോ കാര്‍ഡോ ആവശ്യമില്ലെന്നും ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ആധാര്‍ നമ്പറോ വിരലടയാളമോ ഉപയോഗിച്ച് ഡിജിറ്റല്‍ ഇടപാട് നടത്താന്‍ സാധിക്കുന്ന അവസ്ഥ വരുമെന്നും യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഎഎഐ) ഡയറക്റ്റര്‍ ജനറല്‍ അജയ് പാണ്ഡെ പറഞ്ഞു. ആധാര്‍ അധിഷ്ഠിത പേമെന്റ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മൊബീല്‍ നിര്‍മാണ കമ്പനികള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുമായി കൂടിയാലോചിക്കേണ്ടതുണ്ടെന്നും അജയ് വ്യക്തമാക്കി.

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ മൊബീല്‍ ഡിവൈസുകളിലും വിരലടയാളം പോലുള്ള തിരിച്ചറിയല്‍ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നാവശ്യപ്പെട്ട് മൊബീല്‍ നിര്‍മാതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതായി നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. നോട്ട് ഇടപാടുകള്‍ ഇല്ലാതാക്കുന്നതിനും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ പ്രാപ്തമാക്കുന്നതിനും നയം രൂപീകരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ പദ്ധതിയുടെ കീഴില്‍ വരുന്ന മറ്റു നടപടികളൊന്നും അദ്ദേഹം വിശദീകരിച്ചിട്ടില്ല. ഇന്ത്യയെ ഡിജിറ്റല്‍ സമ്പദ്‌വ്യവസസ്ഥയിലേക്ക് മാറ്റുന്നതിനുള്ള കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് കഴിഞ്ഞ ദിവസം രൂപം നല്‍കിയ സംസ്ഥാന മുഖ്യമന്ത്രിമാരുടെ സമിതിയിലെ മെമ്പര്‍ സെക്രട്ടറിയാണ് അമിതാഭ് കാന്ത്.

Comments

comments

Categories: Slider, Top Stories