ജിയോ വെല്‍ക്കം ഓഫര്‍ ദീര്‍ഘിപ്പിച്ചത് എതിരാളികളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

ജിയോ വെല്‍ക്കം ഓഫര്‍ ദീര്‍ഘിപ്പിച്ചത്  എതിരാളികളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

 

കൊല്‍ക്കത്ത: 2017 മാര്‍ച്ച് 31 വരെ സൗജന്യ ഡാറ്റ, വോയിസ് കോള്‍ സേവനങ്ങള്‍ തുടരാനുള്ള റിലയന്‍സ് ജിയോയുടെ തീരുമാനം പ്രമുഖ ടെലികോം കമ്പനികളായ എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ സെല്ലുലാര്‍ എന്നിവയ്ക്ക് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആറു മുതല്‍ 12 മാസങ്ങള്‍ക്കുള്ളില്‍ ഈ ടെലികോം കമ്പനികളുടെ ഡാറ്റ വരുമാനത്തില്‍ ഇടിവുണ്ടാകുമെന്ന് വിപണി വിശകലന വിദഗ്ധരും വ്യവസായ പ്രമുഖരും വിലയിരുത്തുന്നു. ഡാറ്റ താരിഫില്‍ 15 മുതല്‍ 20 ശതമാനത്തിന്റെ വരെ കുറവും പ്രവര്‍ത്തന ലാഭത്തില്‍ 200 ബേസിസ് പോയിന്റിന്റെ തിരിച്ചിറക്കവുമുണ്ടാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു.അതേസമയം, എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നിവ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല.
ഏകദേശം ഏഴു മാസത്തേക്ക് സൗജന്യ സേവനം നല്‍കാനുള്ള ജിയോയുടെ തീരുമാനം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതാണ്. ഇത് മറ്റ് കമ്പനികള്‍ക്കേല്‍പ്പിക്കുന്ന ആഘാതം വളരെ വലുതായിരിക്കും-പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ ഡയറക്റ്റര്‍ നിതിന്‍ സോണി പറഞ്ഞു. ‘സൗജന്യ ജിയോ’ വരുന്ന ഒരു വര്‍ഷത്തേക്ക് ഡാറ്റ താരിഫുകളില്‍ 15 മുതല്‍ 20 ശതമാനം വരെ ഇടിവിന് കാരണമാകുമെന്നാണ് കരുതുന്നത്. ഇതേ കാലയളവില്‍ ജിയോയുടെ പ്രതിയോഗികളുടെ പ്രവര്‍ത്തന ലാഭത്തില്‍ 150 മുതല്‍ 200 ബേസിസ് പോയിന്റിന്റെ വരെ കുറവുണ്ടാകും-സോണി വ്യക്തമാക്കി. എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നിവയ്ക്ക് ഉപഭോക്താക്കളില്‍ നിന്നു ലഭിക്കുന്ന ശരാശരി വരുമാനത്തില്‍ (എആര്‍പിയു) അഞ്ച് മുതല്‍ 10 ശതമാനം വരെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരും പാദങ്ങളില്‍ ജിയോ ഡാറ്റ വ്യാപനത്തില്‍ വലിയ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ മെച്ചപ്പെട്ട സേവനം ഉറപ്പാക്കി, കൂടുതല്‍ വരിക്കാരെ നേടാനുള്ള ഒരുക്കത്തിലുമാണ് കമ്പനി. ജിയോയുടെ സൗജന്യ സേവനത്തിനെതിരെ മറ്റ് കമ്പനികള്‍ക്ക് പരാതി ഉന്നയിക്കാന്‍ സാധിക്കുകയില്ല. ലോകത്തൊരിടത്തും തുടര്‍ച്ചയായ ഏഴു മാസങ്ങളില്‍ സൗജന്യ സേവനം നല്‍കുന്ന ഒരു ടെലികോം കമ്പനി പോലും ഉണ്ടായിട്ടില്ല-ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജിയോ തങ്ങളുടെ ഉപഭോക്താക്കളെ തട്ടിയെടുക്കുന്നത് തടയുന്നതിനായി പ്രമുഖ കമ്പനികള്‍ ഡാറ്റ, വോയിസ് കോള്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തി മത്സരം കടുപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയര്‍ടെല്ലിന്റെ മുന്‍ ചീഫ് എക്‌സിക്യുട്ടീവ് സഞ്ജയ് കപൂര്‍ പറഞ്ഞു. അടുത്ത മാര്‍ച്ച് 31 നും അപ്പുറം മൂന്ന് പ്രമുഖ കമ്പനികള്‍ വോയിസ്, ഡാറ്റ നിരക്കുകളില്‍ കാര്യമായ കുറവു വരുത്തുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം. ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം നിലനിര്‍ത്താന്‍ സൗജന്യ സേവനത്തിന് സമയപരിധി നിശ്ചയിച്ചേക്കും.
സൗജന്യ സേവനം നീട്ടാനുള്ള ജിയോയുടെ തീരുമാനത്തിനു പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഭീമമായ വര്‍ധന ഉണ്ടാക്കുകയാണ്. സേവനങ്ങള്‍ക്ക് പണം ഈടാക്കിത്തുടങ്ങുമ്പോള്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കൊഴിഞ്ഞു പോക്ക് ഉണ്ടായാലും സാമാന്യം നല്ല രീതിയിലെ അംഗസംഖ്യ നിലനിര്‍ത്താനുള്ള തന്ത്രമാണിതെന്നും കപൂര്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Branding