നോട്ട് അസാധുവാക്കല്‍: കഴിഞ്ഞ മാസം വാഹന വില്‍പ്പന കുറഞ്ഞു

നോട്ട് അസാധുവാക്കല്‍: കഴിഞ്ഞ മാസം വാഹന വില്‍പ്പന കുറഞ്ഞു

ന്യൂഡെല്‍ഹി: കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കല്‍ തീരുമാനം രാജ്യത്തെ വാഹന വിപണിയില്‍ വില്‍പ്പന കുറച്ചു. കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്ക്കാണ് നോട്ട് അസാധുവാക്കല്‍ ഏറ്റവും തിരിച്ചടിയായത്. പാസഞ്ചര്‍ കാര്‍ വിപണിയില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കി പ്രതിസന്ധി മറികടക്കാന്‍ കമ്പനികള്‍ക്ക് ഏറെക്കുറേ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതില്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന വില്‍പ്പനക്കാരായ മാരുതി സുസുക്കി നോട്ട് പ്രതിസന്ധി മറികടന്ന പ്രകടനമാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. തൊട്ടുമുമ്പുള്ള വര്‍ഷത്തെ നവംബര്‍ മാസത്തെ അപേക്ഷിച്ച് ആഭ്യന്തര വില്‍പ്പനയില്‍ 14 ശതമാനത്തിലധികം വളര്‍ച്ചയാണ് കമ്പനി നേടിയത്. വില്‍പ്പന നടത്തിയത് ഏകദേശം 126220 യൂണിറ്റ് കാറുകളും. കോംപാക്ട് കാറായ ബലേനൊ, യൂട്ടിലിറ്റി ഗണത്തില്‍പ്പെടുന്ന ബ്രെസ എന്നിവയുടെ ഡിമാന്‍ഡാണ് കമ്പനിക്ക് നേട്ടമുണ്ടാക്കിയതില്‍ നിര്‍ണായകമായത്. അതേസമയം, ഡീലര്‍മാര്‍ക്ക് കമ്പനി നല്‍കിയ മൊത്ത വില അടിസ്ഥാനമാക്കിയാണ് കമ്പനി വില്‍പ്പന കണക്ക് തയാറാക്കിയിരിക്കുന്നത്. ചില്ലറ വില്‍പ്പന എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല.
കഴിഞ്ഞ മാസം വില്‍പ്പന നടത്തിയ 80 മുതല്‍ 90 ശതമാനം കാറുകളും വാഹന വായ്പാ സൗകര്യത്തിലൂടെയാണെന്ന് മാരുതി വ്യക്തമാക്കി. അള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവയുടെ വില്‍പ്പന കഴിഞ്ഞ മാസം എട്ട് ശതമാനത്തിലധികവും സ്വിഫ്റ്റ്, സെലേറിയോ, റിറ്റ്‌സ്, ഡിസയര്‍, ബലേനൊ എന്നീ കോംപാക്ട് കാറുകളുടെ വില്‍പ്പന 10 ശതമാനത്തിലധികവും എര്‍ട്ടിഗ, എസ്‌ക്രോസ്, ജിപ്‌സി തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന ഇരട്ടിയായും കഴിഞ്ഞ മാസം ഉയര്‍ന്നു.
മൊത്തവില്‍പ്പന കഴിഞ്ഞ മാസം കമ്പനികള്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും റീട്ടെയ്ല്‍ വില്‍പ്പനയില്‍ ഗണ്യമായ കുറവ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഡയറക്റ്റര്‍ നികുഞ്ജ് സംഗി വ്യക്തമാക്കി. 30 മുതല്‍ 50 ശതമാനം വരെ ചില്ലറ വില്‍പ്പനയിടിവ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ രണ്ടാമത്തെ ഏറ്റവും വലിയ വില്‍പ്പനക്കാരായ ഹ്യുണ്ടായ് മോട്ടോഴ്‌സ് വില്‍പ്പന റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മൊത്ത വില്‍പ്പനയില്‍ കമ്പനിക്ക് നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, ജപ്പാനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍ കഴിഞ്ഞ മാസം വില്‍പ്പനയില്‍ പത്ത് ശതമാനം വളര്‍ച്ച കൈവരിച്ചതായി അറിയിച്ചു. 11309 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ മാസം ടൊയോട്ട കിര്‍ലോസ്‌ക്കര്‍ വില്‍പ്പന നടത്തിയത്. കമ്പനി ഏറ്റവും പുതുതായി പുറത്തിറക്കിയ ഫോര്‍ച്ച്യൂണറിന് വന്ന ബുക്കിംഗും ഇന്നോവ ക്രിസ്റ്റയുടെ മികച്ച പ്രകടനവുമാണ് ടൊയോട്ടയ്ക്ക് നേട്ടമായത്.
ഫ്രഞ്ച് കമ്പനി റെനോയ്ക്കും വിപണിയില്‍ 22 ശതമാനം നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞ മാസം സാധിച്ചു. ടാറ്റ മോട്ടോഴ്‌സ് 23 ശതമാനം വില്‍പ്പന നേട്ടമാണ് നവംബറില്‍ നേടിയത്. റെനോയ്ക്ക് ക്വിഡ് ഓട്ടോമാറ്റിക്കും, ടാറ്റ മോട്ടോഴ്‌സിന് ടിയാഗോയുമാണ് നിര്‍ണായകമായത്.
നോട്ട് അസാധുവാക്കല്‍ തീരുമാനം കമ്പനിയുടെ വാഹന വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്. പ്രഖ്യാപനം വന്നത് മുതല്‍ ഷോറൂമുകളില്‍ വാഹനങ്ങള്‍ക്കുള്ള അന്വേഷണങ്ങളും ബുക്കിംഗും കുറഞ്ഞു. ഇതോടൊപ്പം ഡെലിവറിക്ക് കാലതാമസമെടുക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം കൂടുതല്‍ ബാധിക്കുന്നത് വില്‍പ്പനയ്ക്ക് കനത്തി തിരിച്ചടിയാകും. ഈ പ്രശ്‌നം നേരിടുന്നതിനായി വിവിധ ഫണ്ടിംഗ് സൗകര്യങ്ങളും ഇ വാലറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. -ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഡയറക്റ്റര്‍ എന്‍ രാജ.
മാക്രോ ഇക്ക്‌ണോമിക്ക് സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം കുറഞ്ഞ കാലത്തേക്ക് മാത്രമാണ് വാഹന വിപണിയെ ബാധിക്കുകയെന്ന് ഫോര്‍ഡ് ഇന്ത്യ മാര്‍ക്കറ്റിംഗ്, സെയില്‍സ് ആന്‍ഡ് സര്‍വീസ് വിഭാഗം മേധാവി അനുരാഗ് മല്‍ഹോത്ര വ്യക്തമാക്കി. കഴിഞ്ഞ മാസം വില്‍പ്പനയില്‍ 22 ശതമാനം ഇടിവാണ് ഫോര്‍ഡിന് രേഖപ്പെടുത്തിയത്.
രാജ്യത്തെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന വില്‍പ്പനക്കാരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്കും കഴിഞ്ഞ മാസം വില്‍പ്പനയിടിവ് രേഖപ്പെടുത്തി. ഫെസ്റ്റിവല്‍ സീസണില്‍ നേടിയ മികച്ച വളര്‍ച്ചയും മികച്ച മണ്‍സൂണ്‍ ലഭ്യതയിലൂടെ ഗ്രാമീണ വിപണിയിലുണ്ടായിരുന്ന പ്രതീക്ഷയും വായ്പാ നിരക്കുകള്‍ കുറഞ്ഞതും വാഹന വിപണി മികച്ച നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചത് വില്‍പ്പനയ്ക്ക് കനത്ത അഘാതം സൃഷ്ടിച്ചുവെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ പ്രവീണ്‍ ഷാ വ്യക്തമാക്കി.
കൊമേഴ്‌സ്യല്‍ വാഹന വിപണിക്കാണ് നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചത് ഏറ്റവും തിരിച്ചടിയാത്. ഈ സെഗ്മെന്റില്‍ മുന്നില്‍ നില്‍ക്കുന്ന ടാറ്റ മോട്ടോഴ്‌സിന് വില്‍പ്പനയില്‍ കഴിഞ്ഞ മാസം 17 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കൊമേഴ്‌സ്യല്‍ വാഹന വിപണിയിലുള്ള എല്ലാ സെഗ്‌മെന്റിലും വില്‍പ്പനയെ നോട്ട് അസാധുവാക്കല്‍ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. ടാറ്റ മോട്ടോഴ്‌സിന്റെ തന്നെ ലൈറ്റ് ആന്‍ഡ് സ്മാള്‍ കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് 13 ശതമാനം വില്‍പ്പനയിടിവ് കഴിഞ്ഞ മാസം രേഖപ്പെടുത്തി. വിനിമയത്തിലുണ്ടായിരുന്ന 87 ശതമാനം 1,000, 500 നോട്ടുകള്‍ അസാധുവാക്കിയതോടെ നേരിട്ട പണച്ചുരുക്കം നിയന്ത്രിക്കുന്നതില്‍ വീഴ്ചപറ്റിയതോടെ ഒട്ടുമിക്ക വിപണിയിലും പ്രതിസന്ധി തുടരുകയാണ്. ചരക്കുനീക്കത്തിനും പ്രതിസന്ധി രൂക്ഷമായതോടെ ട്രക്ക് വിപണിയില്‍ വന്‍തോതില്‍ വരുമാനം കുറഞ്ഞിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഇരുചക്ര വാഹന വിപണിയില്‍ വില്‍പ്പന അഞ്ച് ശതമനത്തോളം കുറവ് രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തലുകള്‍. ഈ വാഹനങ്ങളുടെ ഏറ്റവും മുഖ്യ വിപണിയായിരുന്ന ഗ്രാമീണ മേഖലയില്‍ പണച്ചുരുക്കം ഏറ്റവും ബാധിച്ചതാണ് വില്‍പ്പനയില്‍ തിരിച്ചടി നേരിടുന്നത്. നഗര വിപണിയെ അപേക്ഷിച്ച് ഗ്രാമീണ വിപണിയില്‍ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയുള്ള പണം കൈമാറ്റം വളരെ കുറച്ച് മാത്രമാണ്. വില്‍പ്പനയ്ക്ക് മാത്രമല്ല സര്‍വീസിന് പോലും ഉപഭോക്താക്കള്‍ എത്തുന്നില്ലെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്. അതേസമയം, നോട്ട് അസാധുവാക്കല്‍ തീരുമാനിച്ച ആദ്യ ദിവസങ്ങളില്‍ വില്‍പ്പന കുറവായിരുന്നെങ്കിലും നിലവില്‍ സാധാരണ നിലയിലേക്കെത്തിയിട്ടുണ്ടെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy