പെട്രോള്‍ പമ്പിലും വിമാനത്താവളങ്ങളിലും പഴയ 500 രൂപ നോട്ട് സ്വീകരിക്കില്ല

പെട്രോള്‍ പമ്പിലും വിമാനത്താവളങ്ങളിലും പഴയ 500 രൂപ നോട്ട് സ്വീകരിക്കില്ല

ന്യൂഡെല്‍ഹി: അസാധുവാക്കിയ 500 രൂപാ നോട്ടുകള്‍ പെട്രോള്‍, ഡീസല്‍ എന്നിവ വാങ്ങുന്നതിനും വിമാന ടിക്കറ്റ് എടുക്കുന്നതിനും ഇന്നു മുതല്‍ സ്വീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 15 വരെ പഴയ നോട്ടുകള്‍ പെട്രോള്‍ പമ്പുകളിലും വിമാനത്താവളങ്ങളിലും ഉപയോഗിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ടോള്‍ ബൂത്തുകളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതിനുള്ള പരിധിയും ഇന്ന് അവസാനിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.

പഴയ നോട്ടുകളുടെ ദുരുപയോഗം കുറയ്ക്കുന്നതിനും പണഹരഹിത ഇടപാടുകളിലേക്ക് മാറുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഇന്ധനം വാങ്ങുന്നതിനും വിമാനത്താവളങ്ങളിലും അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള പരിധി വെട്ടികുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിലൂടെ നിലവില്‍ വിനിമയത്തിലുള്ള പുതിയ നോട്ടുകളുടെ ഉപയോഗം സാധരണനിലയിലാകുമെന്നുമാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

അതേസമയം രാജ്യവ്യാപകമായി പണക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ജീവനക്കാരുടെ ശമ്പളവിതരണത്തെയും തടസപ്പെടുത്തിയിട്ടുണ്ട്. പഴയ നോട്ടുകളുടെ ഉപയോഗത്തില്‍ വന്നിരിക്കുന്ന പുതിയ നിയന്ത്രണം ജനങ്ങളെ വീണ്ടും പ്രതിസന്ധിയിലേക്ക് നയിക്കും. പണ ദൗര്‍ലഭ്യം നേരിടുന്നതായി ബാങ്കുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നതിന് എടിഎമ്മുകളെ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ പല ബ്രാഞ്ചുകളിലെ എടിഎമ്മുകളും കാലിയായ അവസ്ഥയാണുള്ളതെന്നും ബാങ്കുകള്‍ പറയുന്നു.

എന്നാല്‍ ഈ സാഹചര്യത്തില്‍ പൊതുജനോപകാരപ്രദമായ കാര്യങ്ങളില്‍ നിന്നും പഴയ നോട്ടുകളുടെ ഉപയോഗം എടുത്തുകളഞ്ഞത് ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യയെ മാറ്റുന്നതിനു വേണ്ടിയാണെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ന്യായീകരണം. ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഉപയോഗത്തില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും, വരും ദിവസങ്ങളില്‍ കാര്യമായ പുരോഗതി നിരീക്ഷിക്കാനാകുമെന്നും ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പെട്രോള്‍ പമ്പുകളിലും എയര്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനും ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനാകുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

പാചകവാതക സിലിണ്ടര്‍ വാങ്ങുന്നതിന് പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍, ഫാര്‍മസികള്‍, റെയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, പാല്‍ ബൂത്ത്, കോടതി ഓഫീസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗപ്പെടുത്താമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു. സാമ്പത്തിക വിക്രയങ്ങളില്‍ നിന്നും 86 ശതമാനം വരുന്ന നോട്ടുകള്‍ പിന്‍വലിച്ചതുതന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ പാളിച്ചയാണ്. പിന്‍വലിച്ച നോട്ടുകള്‍ക്കു പകരം പുതിയ കറന്‍സികള്‍ വിതരണം ചെയ്ത് സാമ്പദ്‌വ്യവസ്ഥ സാധരണ നിലയിലാക്കുന്നതിന് ആറ് മാസമെങ്കിലും എടുക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ഇതോടെ രാജ്യത്തെ മൊത്തം കള്ളപ്പണം വെളുപ്പിക്കാനാകുമെന്നാണ് കണക്കൂകൂട്ടലെന്നും, അങ്ങനെയാണെങ്കില്‍ നോട്ട് നിരോധനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്നും ദേശീയ ഉപദേശക കൗണ്‍സില്‍ മുന്‍ അംഗമായിരുന്ന എന്‍ സി സക്‌സേന ചോദിച്ചു. സര്‍ക്കാര്‍ പരിഭ്രാന്തിയിലാണെന്നതിന്റെ തെളിവാണ് ഓരോ ദിവസവും നിലപാടുകളിലെടുക്കുന്ന മാറ്റങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് ആഴ്ച്ചയ്ക്കുള്ളില്‍ നോട്ട് നിരോധനത്തിനു ശേഷം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനു വേണ്ടി പഴയ നോട്ടുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദേശങ്ങളും നിയന്ത്രണങ്ങളുമാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*