നോട്ട് അസാധുവാക്കല്‍: ഫിന്‍ടെക് കമ്പനികള്‍ക്ക് ചാകര

നോട്ട് അസാധുവാക്കല്‍:  ഫിന്‍ടെക് കമ്പനികള്‍ക്ക് ചാകര

 

ന്യൂ ഡെല്‍ഹി/ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ 8 രാത്രിക്കുശേഷം ഫിന്‍ടെക് (ഫിനാന്‍ഷ്യല്‍ ടെക്‌നോളജി) കമ്പനികള്‍ക്കിത് തിരക്കേറിയ നാളുകളാണ്. കള്ളപ്പണത്തിനും വ്യാജ കറന്‍സിക്കുമെതിരായ മോദി പ്രഖ്യാപനം ഫിന്‍ടെക് കമ്പനികള്‍ക്ക് അനുഗ്രഹമായി മാറുകയായിരുന്നു.

വരും നാളുകള്‍ തങ്ങളുടേതാണെന്ന് കൃത്യമായി മനസ്സിലാക്കുന്നതില്‍ ഫിന്‍ടെക് കമ്പനികള്‍ക്ക് തീരെ പിഴവ് സംഭവിച്ചില്ല. സമീപ ആഴ്ച്ചകളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ കുതിച്ചുയരുമെന്ന് ഇവര്‍ വേഗം തന്നെ തിരിച്ചറിയുകയും ചെയ്തു. പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുന്നതിന് ഈ കമ്പനികള്‍ക്ക് കൂടുതല്‍ ജീവനക്കാരെ ആവശ്യമായി വന്നു. അപ്രതീക്ഷിതമായ ബിസിനസ് സാഹചര്യം പരമാവധി മുതലെടുക്കുന്നതിന് പേടിഎം, ഇറ്റ്‌സ്‌കാഷ്, റേസര്‍പെ, പേയു തുടങ്ങിയ കമ്പനികള്‍ ജീവനക്കാരെ സജ്ജമാക്കുകയും പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കുകയും ഉണ്ടായി.

ജീവനക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഓഫീസുകള്‍ വാര്‍ റൂമുകളാക്കിയ കമ്പനികള്‍ വെബ്കാസ്റ്റിംഗ് നടത്തിയും പെട്ടെന്നുണ്ടായ അധിക ജോലികള്‍ നേരിടുന്നതിന് ജീവനക്കാരെ പ്രാപ്തരാക്കിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇടപാടുകള്‍ക്കും ഉപയോക്താക്കളുടെ സംശയ നിവൃത്തിക്കുമായി ജീവനക്കാരെ രാത്രി വൈകിയും വാരാന്ത്യത്തിലും ജോലിക്ക് നിയോഗിച്ചു.

നോട്ട് അസാധുവാക്കിയതിന്റെ പിറ്റേന്ന് പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ നോയ്ഡയിലെ ഓഫീസില്‍ മുഴുവന്‍ ജീവനക്കാരെയും അഭിസംബോധന ചെയ്ത് തുടര്‍ ദിവസങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകള്‍ സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതായി പ്രഖ്യാപിച്ച ആ രാത്രി തന്നെ മറ്റൊരു ഡിജിറ്റല്‍ പെയ്‌മെന്റ് കമ്പനിയായ ഇറ്റ്‌സ്‌കാഷിന്റെ ബോര്‍ഡ് റൂം അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ഒരുങ്ങി. നവംബര്‍ 8 ന് ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ കമ്പനിയുടെ ബിസിനസ് 30 മുതല്‍ 40 ശതമാനം വരെ വര്‍ധിച്ചു.

റേസര്‍പേയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹര്‍ഷില്‍ മാഥൂര്‍ ജീവനക്കാരെയെല്ലാം വിളിച്ചുകൂട്ടി പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും എത്രയും വേഗം പുറത്തിറക്കുന്നതിനും നിര്‍ദ്ദേശിച്ചു. ദിവസങ്ങള്‍ക്കകം ഇ-കോമേഴ്‌സ് കമ്പനികള്‍ക്ക് ഉല്‍പ്പന്നം ഡെലിവറി ചെയ്യുന്ന സമയത്ത് കറന്‍സിക്ക് പകരം ഡിജിറ്റല്‍ പെയ്‌മെന്റ് ന
ടത്താവുന്ന ഇ-സിഒഡി എന്ന സേവനം റേസര്‍പേ അവതരിപ്പിക്കുകയും ചെയ്തു. നവംബര്‍ 9ന് റേസര്‍പേയില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ 150 ശതമാനത്തിന്റെ വര്‍ധനയാണ് പ്രകടമായത്. അതിന്റെ പിറ്റേന്ന് ഇത് 200 ശതമാനമായി. തുടര്‍ ദിവസങ്ങളില്‍ സാധാരണ ഇടപാടുകളേക്കാള്‍ 50 മുതല്‍ 70 ശതമാനം വരെ വര്‍ധന കരസ്ഥമാക്കാന്‍ കമ്പനിക്കായി.

Comments

comments

Categories: Business & Economy