പണരഹിത ഇടപാടുകളെ കുറിച്ച് ആശയക്കുഴപ്പങ്ങള്‍ നിരവധി

പണരഹിത ഇടപാടുകളെ കുറിച്ച് ആശയക്കുഴപ്പങ്ങള്‍ നിരവധി

 

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകളും ഓണ്‍ലൈന്‍ പണവിനിമയവും കൂടുതലായി നിര്‍വഹിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. എന്നാല്‍ ഇ വാലറ്റുകളിലൂടയും വിവിധ ബാങ്കുകളുടെ മൊബീല്‍ ആപ്ലിക്കേഷന്‍ വഴിയും പണം കൈമാറുന്നതിന് അടിസ്ഥാന പരമായ അറിവ് ഉള്ളവര്‍ പോലും ഇത്തരം സംവിധാനങ്ങളെ ആശങ്കയോടെ കാണുന്ന അവസ്ഥയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഓണ്‍ലൈനിലൂടെ നല്‍കുന്ന വ്യക്തിഗത വിവരങ്ങളുടെയും ബാങ്കിംഗ് വിവരങ്ങളുടെയും സുരക്ഷയെ സംബന്ധിച്ച ആശങ്കയാണ് പലരെയും ഇത്തരം വിനിമയ മാര്‍ഗങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഡാറ്റ എന്നത് ഏറ്റവും വിലപ്പെട്ട ആയുധമാകുന്ന ടെക്‌നോളജിയുടെ കാലത്ത് തങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം ഉപയോക്താവിന് ഉറപ്പുവരുത്തിക്കൊണ്ടല്ലാതെ ബാങ്കിംഗ് മേഖലയിലെ ഡിജിറ്റല്‍വത്കരണം എളുപ്പമാകില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.
നമ്മുടെ വ്യക്തിഗത സമ്പാദ്യശീലങ്ങളെ സഹായിക്കാനെന്ന പേരിലും വായ്പ എടുക്കുന്നതിനുള്ള ക്രെഡിറ്റ് റേറ്റിംഗ് മെച്ചപ്പെടുത്തി നല്‍കുമെന്ന പേരിലുമെല്ലാം ലഭ്യമായ നിരവധി ആപ്ലിക്കേഷനുകള്‍ക്ക് ഉപയോക്താവിന്റെ വീടും ഓഫിസും അയക്കുന്ന എസ്എംഎസിന്റെ എണ്ണം വരെയും മനസിലാക്കാനാകുന്ന സ്ഥിതി ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ഫിന്‍ടെക്ക് ആപ്ലിക്കേഷനുകളാണ് ഇത്തരം മാപിംഗുകള്‍ കൂടുതലായി നടത്തുന്നത്. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ചൈനയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ബാങ്കിംഗ് ഉപയോക്താക്കളുടെ ക്രെഡിറ്റ് നിലവാരം മനസിലാക്കുന്നതിനായി അവരുടെ സാമൂഹ്യ സാമ്പത്തിക പെരുമാറ്റങ്ങളുടെ ഡിജിറ്റര്‍ രേഖകള്‍ ശേഖരിക്കുന്നുണ്ടെന്നാണ്.
അത്തരം ക്രെഡിറ്റ് സ്‌കോറിംഗ് വ്യവസായം ഇന്ത്യയില്‍ ഇന്ന് ഏറെ പിറകിലാണ്. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിക്കുന്നതോടെ ഇത്തരം ബിസിനസ് മോഡലുകളുടെ വളര്‍ച്ചയ്ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

‘ഫിന്‍ടെക് കമ്പനികള്‍ നിങ്ങളില്‍ നിന്ന് ഏതു തരത്തിലുള്ള ഡാറ്റയാണ് ശേഖരിക്കുകയെന്ന് ഉറപ്പു പറയാനാകില്ല. വിവിധങ്ങളായ സ്രോതസുകളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് അവര്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കണ്ടെത്തുക.’ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റിയിലെ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ സുനില്‍ എബ്രഹാം പറയുന്നു. ഒരു ഉപയോക്താവ് തന്റെ ഫോണിലെ ഇ വാലറ്റ് ആപ്പ് ഡിലീറ്റ് ചെയ്താല്‍ അയാളില്‍ നിന്നു ശേഖരിച്ച വിവരം ഇ വാലറ്റ് കമ്പനി ഏതുതരത്തിലാണ് പ്രയോജനപ്പെടുത്തുകയെന്ന ആശങ്കയും ഈ വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്.

ഈ വര്‍ഷമാദ്യം ഒരു കേസുമായി ബന്ധപ്പെട്ട ബെംഗളൂരുവില്‍ പൊലീസ് 13,000 ഫോണ്‍ കോള്‍ റെക്കോഡ് ഡീറ്റെയ്ല്‍സ് പുറത്തുവിട്ടിരുന്നു. നഗരത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം എന്ന നിലയ്ക്കാണ് അധികൃതര്‍ അത് അവതരിപ്പിച്ചത്. എന്നാല്‍ വ്യക്തിഗതമായതും വൈകാരികമായതുമായ വിവരങ്ങളെ പരസ്യപ്പെടുത്തുന്നതിലെ അപാകതയ്‌ക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇത്തരത്തില്‍ ഗവണ്‍മെന്റ് സംവിധാനങ്ങള്‍ തന്നെ ഡിജിറ്റല്‍ ലോകത്തെ വ്യക്തിഗത വിവരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാത്ത സ്ഥിതി വിശേഷമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Comments

comments

Categories: Trending