കോള്‍ ഇന്ത്യയെ വിഭജിച്ചേക്കും

കോള്‍ ഇന്ത്യയെ വിഭജിച്ചേക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ ഊര്‍ജ്ജ സുരക്ഷയെക്കുറിച്ച് പഠിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥരുടെ സമിതി പൊതുമേഖല കല്‍ക്കരി ഖനന സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് വിഭജിക്കണെമന്ന് ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യയെ വിഭജിക്കാനുള്ള നീക്കത്തെ മൂന്നര ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ യൂണിയനുകള്‍ ശക്തമായി എതിര്‍ക്കാനാണ് സാധ്യത. 2014 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരമൊരു ശ്രമം തൊഴിലാളി യൂണിയനുകളുടെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

രാജ്യത്തിന് ആവശ്യമായ ഊര്‍ജ്ജത്തിന്റെ 70 ശതമാനത്തോളം ഉല്‍പ്പാദിപ്പിക്കുന്നത് കല്‍ക്കരിയില്‍നിന്നാണ്. ലോകത്ത് ഏറ്റവുമധികം കല്‍ക്കരി ഖനനം ചെയ്‌തെടുക്കുന്നവരില്‍ മൂന്നാമതായ ഇന്ത്യ തന്നെയാണ് ആഗോളതലത്തില്‍ ഏറ്റവുമധികം കല്‍ക്കരി ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യം. ആഭ്യന്തര ഖനനം കൂട്ടി ഇതിലൊരു മാറ്റം വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഓഹരി വിപണിയില്‍ 28 ബില്യണ്‍ ഡോളറിന്റെ മൂല്യം കണക്കാക്കുന്ന കോള്‍ ഇന്ത്യ ലിമിറ്റഡിനെ കൂടുതല്‍ മത്സരസ്വഭാവം കൈവരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഏഴ് കമ്പനികളായി വിഭജിക്കണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യുന്നത്.

വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉടന്‍ തന്നെ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചേക്കും. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് അനുസൃതമായി കോള്‍ ഇന്ത്യയുടെ കാര്യത്തില്‍ നിലപാട് സ്വീകരിക്കുമെന്നാണ് കല്‍ക്കരി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ റെയ്ല്‍വേ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് കോള്‍ ഇന്ത്യ. എന്നാല്‍ കോള്‍ ഇന്ത്യ കഴിവുകേടിന്റെയും പ്രാപ്തിക്കുറവിന്റെയും പര്യായമാണെന്ന വിമര്‍ശനം ശക്തമാണ്. ഈ വര്‍ഷം പാപ്പരത്ത സംരക്ഷണത്തിന് അപേക്ഷ നല്‍കിയിരിക്കുന്ന ലോകത്തെ ഏറ്റവും വലിയ സ്വകാര്യ കല്‍ക്കരി ഖനന കമ്പനിയായ പീബോഡി എനര്‍ജിയുടെ എട്ടിലൊരു അംശം ഔട്ട്പുട്ട് പെര്‍ മാന്‍ ഷിഫ്റ്റ് (ഒരു ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ തൊഴില്‍) മാത്രമാണ് കോള്‍ ഇന്ത്യയ്ക്കുള്ളതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

മോദി സര്‍ക്കാരിന് കീഴില്‍ പാരിസ്ഥിതിക അനുമതിയും മറ്റും വേഗത്തിലാക്കിയത് കാരണം രാജ്യത്ത് കല്‍ക്കരി ഉല്‍പ്പാദനം കുത്തനെ വര്‍ധിച്ചിട്ടുണ്ട്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി ആധുനിക മെഷിനറി വാങ്ങുന്നതിന് കമ്പനി ബില്യണ്‍ ഡോളറുകള്‍ ചെലവഴിക്കുകയും ചെയ്യുന്നു.

കോള്‍ ഇന്ത്യ 2020 ഓടെ പ്രതിവര്‍ഷം ഒരു ബില്യണ്‍ ടണ്‍ കല്‍ക്കരി ഖനനം ചെയ്‌തെടുക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. നിലവില്‍ ഇത് 539 മില്യണ്‍ ടണ്‍ മാത്രമാണ്. രാജ്യത്താകെക്കൂടി 2020 ഓടെ പ്രതിവര്‍ഷം 1.5 ബില്യണ്‍ ടണ്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിക്കണമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പുതന്നെ മോദി കോള്‍ ഇന്ത്യ വിഭജിക്കുന്നതിന്റെ സാധ്യത ആരാഞ്ഞിരുന്നു.

Comments

comments

Categories: Slider, Top Stories