ബിനാലെ: ഗതാഗതസൗകര്യം വര്‍ദ്ധിപ്പിക്കും

ബിനാലെ: ഗതാഗതസൗകര്യം വര്‍ദ്ധിപ്പിക്കും

 

കൊച്ചി: വിദേശികളടക്കമുള്ള സന്ദര്‍ശകര്‍ക്കായി കേരളം ഒരുക്കുന്ന വലിയ സാംസ്‌കാരികപ്രദര്‍ശനമാണ് കൊച്ചി മുസിരിസ് ബിനാലെയെന്നും സന്ദര്‍ശകരുടെ സൗകര്യങ്ങളുറപ്പാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളും പൊതുജനങ്ങളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. പ്രാദേശികസമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കാന്‍ ബിനാലെയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിമുസിരിസ് ബിനാലെയോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എറണാകുളം ഗവ.ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിനാലെയോടനുബന്ധിച്ച് സഞ്ചാരികള്‍ക്ക് യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കാന്‍ നടപടികളെടുക്കുമെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ഫോര്‍ട്ടുകൊച്ചിമട്ടാഞ്ചേരി ഭാഗത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകളടക്കമുള്ള ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കും. വാഹനങ്ങളുടെ പാര്‍ക്കിങ് സൗകര്യവും ഉറപ്പാക്കും. ഗതാഗതസൗകര്യവും സന്ദര്‍ശകരുടെ സുരക്ഷയും ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം പി ദിനേശ് പറഞ്ഞു.

ബിനാലെയുടെ പ്രചാരണത്തിനായി പോസ്റ്ററുകളും സ്റ്റിക്കറുകളും വാഹനങ്ങളില്‍ പതിക്കാനും ബിനാലെയെക്കുറിച്ച് വിവരങ്ങളടങ്ങിയ മൊബീല്‍ ആപ്ലിക്കേഷന്‍ പരിഷ്‌കരിച്ച് പുറത്തിറക്കാനും നടപടിയെടുത്തിട്ടുണ്ടെന്ന് ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ ഡോ. അദീല അബ്ദുള്ള പറഞ്ഞു. ഫോര്‍ട്ടുകൊച്ചിയുടെ ടൂറിസം വികസനസാധ്യതകള്‍ മുന്നില്‍ കണ്ട് ഓട്ടോ ഡ്രൈവര്‍മാരെ പരിശീലനം നല്കി ടൂറിസ്റ്റ് ഗൈഡുകളാക്കുന്നതും ആലോചനയിലുണ്ടെന്ന് അവര്‍ പറഞ്ഞു;

കൊച്ചിയിലെ ഹോംസ്‌റ്റേകളില്‍ ബിനാലെയെക്കുറിച്ചുള്ള പോസ്റ്ററുകള്‍ പതിക്കണമെന്നും അങ്ങനെ പരിപാടിയെക്കുറിച്ചുള്ള പ്രചാരണം ഊര്‍ജിതമാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വിദേശവിനോദസഞ്ചാരികള്‍ക്കായി ടിക്കറ്റുകള്‍ ഹോം സ്‌റ്റേകള്‍ വഴി വിതരണം ചെയ്യണമെന്നും അഭിപ്രായമുയര്‍ന്നു.

ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍.ബി.കൃഷ്ണ, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡണ്ട് ബോസ് കൃഷ്ണമാചാരി, കൊച്ചിമുസിരിസ് ബിനാലെ സിഇഒ മഞ്ജു സാറ രാജന്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്റെയും ടൂര്‍ ഓപറേറ്റര്‍മാരുടെയും. പ്രതിനിധികള്‍, പൗരപ്രമുഖര്‍, വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഡിസംബര്‍ 12 മുതല്‍ 2017 മാര്‍ച്ച് 29 വരെയാണ് ബിനാലെ സംഘടിപ്പിക്കുന്നത്. 31 രാജ്യങ്ങളില്‍ നിന്നുള്ള 97 കലാകാരന്മാരുടെ സൃഷ്ടികളാണ് 11 ഇടങ്ങളിലായി ബിനാലെയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുക.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*