പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ എടിഎമ്മുകള്‍ റെഡി

പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ എടിഎമ്മുകള്‍ റെഡി

മുംബൈ: പുതിയ 500, 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നതിന് രാജ്യത്തെ ഏറെക്കുറെ എടിഎമ്മുകളും റീപ്രോഗ്രാം ചെയ്തതായി എന്‍സിആര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. രാജ്യത്താകെ 2,02,000 ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകളാ (എടിഎം) ണുള്ളത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് എടിഎമ്മുകളെല്ലാം സജ്ജമാക്കിയതെങ്കിലും ശമ്പള ദിനങ്ങളില്‍ ഈ യന്ത്രങ്ങളില്‍ ആവശ്യത്തിന് പണം ഇപ്പോഴും നിറയ്ക്കാന്‍ കഴിയുന്നില്ല.

ഇതിനകം 1.8 ലക്ഷം എടിഎമ്മുകള്‍ റീകാലിബ്രേറ്റ് ചെയ്തുകഴിഞ്ഞെന്നും അടുത്ത രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും എന്‍സിആര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ നവ്‌റോസ് ദാസ്തര്‍ പറഞ്ഞു. തങ്ങളുടെ 90 ശതമാനത്തില്‍ കൂടുതല്‍ എടിഎമ്മുകള്‍ റീകാലിബ്രേറ്റ് ചെയ്തതായി എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ അറിയിച്ചു. എന്നാല്‍ ലഭിക്കുന്ന പണം എടിഎമ്മുകളേക്കാള്‍ കൂടുതലായി ബാങ്ക് ശാഖകളിലേക്കാണ് പോകുന്നത്. ആളുകള്‍ കൂടുതലായി ബാങ്കുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്നതാണ് ഇതിന് കാരണമെന്ന് നവ്‌റോസ് ദാസ്തര്‍ പറഞ്ഞു. ആക്‌സിസ് ബാങ്കിന്റെ 13,000 എടിഎമ്മുകള്‍ (ബാങ്കിന് ആകെയുള്ളതിന്റെ 96 ശതമാനം) നവംബര്‍ 30 നകം റീകാലിബ്രേറ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ദിവസവും ഒരു എടിഎമ്മിലൂടെ ശരാശരി 60 ലക്ഷം രൂപ വിതരണം ചെയ്യുന്നുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories