ഫ്‌ളിപ്പ്കാര്‍ട്ടിനെ മറികടന്ന് ആമസോണ്‍

ഫ്‌ളിപ്പ്കാര്‍ട്ടിനെ മറികടന്ന് ആമസോണ്‍

മുംബൈ: ആമസോണിന്റെ ഇന്ത്യയിലെ ഫാളാഗ്ഷിപ് യൂണിറ്റായ ആമസോണ്‍ സെല്ലര്‍ സര്‍വീസസ് മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ കണക്കനുസരിച്ച് വരുമാനത്തില്‍ രണ്ടു മടങ്ങ് നേട്ടം കൈവരിച്ചതായി കണക്കുകള്‍. വരുമാനത്തില്‍ വിപണിയിലെ എതിരാളികളായ ഫ്‌ളിപ്പ്കാര്‍ട്ടിനെയും മറികടന്നിരിക്കുകാണ് കമ്പനി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 116 ശതമാനം വരുമാന വളര്‍ച്ചയോടെ ആമസോണ്‍ സെല്ലര്‍ സര്‍വീസസ് 2,217 കോടിയുടെ വരുമാനമാണ് നേടിയത്. ഈ കാലയളവില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഇന്റര്‍നെറ്റ് സെയില്‍ 153 ശതമാനം വര്‍ധിച്ച് 1,952 കോടിയിലെത്തിയിരുന്നു.

കമ്മീഷന്‍, പരസ്യങ്ങള്‍, ഷിപ്പിംഗ് ഫീ എന്നിവയാണ് ഇരു കമ്പനികളുടെയും പ്രധാന വരുമാന മാര്‍ഗങ്ങള്‍. ഫ്‌ളിപ്പ്കാര്‍ട്ട് ഇന്ത്യ 2016 സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 34 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 12,818 കോടി രൂപയുടെ വില്‍പ്പനയാണ് കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷമിത് 9,351.7 കോടിയായിരുന്നു. ഫ്‌ളിപ്പകാര്‍ട്ടിന്റെ റീട്ടെയ്ല്‍ വില്‍പ്പന അതിന്റെ വോള്‍സെയില്‍ വില്‍പ്പനയേക്കാള്‍ 20 ശതമാനം വരെ കൂടുതലാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഫ്‌ളിപ്പ്കാര്‍ട്ട് ഇന്ത്യയുടെ വിറ്റുവരവ് രാജ്യത്തെ ഏകീകൃത മൊത്തവ്യാപാര വിപണിയുടെ ഇരട്ടി നിരക്കിന് അടുത്തെത്തിയിരിക്കുകയാണ്.

ഇരു കമ്പനികളുടെയും സാമ്പത്തിക പ്രകടനത്തിന്റെ കണക്കുകള്‍ അവരുടെ നിക്ഷേപ പദ്ധതികളുടെ ഗതിമാറ്റത്തിലും പ്രകടമാകുന്നുണ്ട്. വിപണി വിഹിതം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015 മുതല്‍ ആമസോണ്‍ ഇന്ത്യ രാജ്യത്ത് കൂടുതലായി നിക്ഷേപം നടത്തുന്നുണ്ട്. എന്നാല്‍ കമ്പനിക്കുണ്ടാകുന്ന പണ നഷ്ടം കുറയ്ക്കുന്നതിലാണ് ഫിളിപ്പ്കാര്‍ട്ട് ശ്രദ്ധ്രകേന്ദ്രീകരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട് ഇന്റെര്‍നെറ്റില്‍ 99.74 ശതമാനം ഓഹരിയും കൈവശം വെക്കുന്ന ഫ്‌ളിപ്കാര്‍ട്ട് മാര്‍ക്കറ്റ്‌പ്ലേസ് 2016 സാമ്പത്തിക വര്‍ഷത്തില്‍ 1,629 കോടി രൂപയുടെ നിക്ഷേപമാണ് സ്വീകരിച്ചത്. മുന്‍വര്‍ഷം ഇത് 5,456 കോടി രൂപ ആയിരുന്നു.

അതേസമയം 2016ല്‍ ആമസോണ്‍ സെല്ലര്‍ സര്‍വീസസിലേക്ക് എത്തിയ നിക്ഷേപം 7,463 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ 1,888 കോടി രൂപയുടെ നിക്ഷേപത്തെ അപേക്ഷിച്ച് വളരെ കൂടുതലാണിത്.

Comments

comments

Categories: Branding, Slider