ആലിബാബ ഗ്രൂപ്പ് സ്‌നാപ്ഡീല്‍ ഏറ്റെടുക്കില്ല

ആലിബാബ ഗ്രൂപ്പ് സ്‌നാപ്ഡീല്‍ ഏറ്റെടുക്കില്ല

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-ടെയ്‌ലിംഗ് പോര്‍ട്ടലായ സ്‌നാപ്ഡീലിനെ ചൈനീസ് ശതകോടീശ്വരന്‍ ജാക്ക് മായുടെ ആലിബാബ ഗ്രൂപ്പ് ഏറ്റെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ലെന്നും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌നാപ്ഡീല്‍-ആലിബാബ സഹകരണവുമായി ബന്ധപ്പെട്ട് ധാരാളം ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കരാര്‍ റദ്ധാക്കിയതായാണ് വിവരം. ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സംരംഭമായാണ് ആലിബാബ അറിയപ്പെടുന്നത്.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ സ്‌നാപ്ഡീല്‍ ഏകദേശം 2 ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വരൂപിച്ചിട്ടുണ്ട്. അടുത്തിടെ ലക്‌സംബെര്‍ഗ് ആസ്ഥാനമായ ക്ലോസ് എസ്എയില്‍ നിന്നും 143 കോടി രൂപയുടെ നിക്ഷേപവും കമ്പനി കരസ്ഥമാക്കിയിരുന്നു. ആലിബാബ ഗ്രൂപ്പ് സ്‌നാപ്ഡീലിന്റെ 2.9 ശതമാനം പങ്കാളിത്തം നേടിയാലും ജപ്പാന്‍ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പി (33%)നു തന്നെയായിരിക്കും കമ്പനിയില്‍ ഉയര്‍ന്ന ഓഹരി പങ്കാളിത്തം.

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലേക്ക് കടക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സംരംഭമായ സ്‌നാപ്ഡീല്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ആരംഭിച്ചതായി ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബ നേരത്തെ അറിയിച്ചിരുന്നു. ചര്‍ച്ച പരാജയപ്പെട്ടതോടെ ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം നേടാനുള്ള ആമസോണിന്റെ തീവ്ര ശ്രമങ്ങള്‍ വിജയിക്കുമെന്ന വിലയിരുത്തലുകളും വിപണിവിദഗ്ധര്‍ നടത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇ-കൊമേഴ്‌സ് വിപണിയായ ഇന്ത്യയില്‍ ഫ്‌ളിപ്പ്കാര്‍ട്ടിനെ കടത്തിവെട്ടി മുന്നേറുന്നതിന് വലിയ നിക്ഷേപ പദ്ധതികളാണ് ആമസോണ്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. മുന്‍പ് ഫ്‌ളിപ്പ്കാര്‍ട്ടുമായി സഹകരിക്കുന്നതിനു വേണ്ടിയും ആലിബാബ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കമ്പനി സ്‌നാപ്ഡീലില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ വന്നതോടെ ഫ്‌ളിപ്പ്കാര്‍ട്ടുമായുള്ള ധാരണ മുന്നോട്ടു പോകില്ലെന്നുള്ള കാര്യം വ്യക്തമായിരുന്നു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ആലിബാബ ഗ്രൂപ്പ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലേക്ക് ചുവടുവെയ്ക്കുന്നത്. ഓണ്‍ലൈന്‍ പേമെന്റ് കമ്പനിയായ പേടിഎമ്മിന്റെ 40 ശതമാനം ഓഹരികള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു അത്. ആബിബാബ ഗ്രൂപ്പിന്റെ ആലിപേ പോലെ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് പണത്തിന്റെയോ കാര്‍ഡിന്റെയോ സഹായമില്ലാതെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുന്നതിന് സൗകര്യമൊരുക്കികൊണ്ടായിരുന്നു ആ കൂടിച്ചേരല്‍. നോട്ട് നിരോധനത്തെ തുടര്‍ന്നാണ് ഈ സംവിധാനത്തിന് വലിയ പ്രാധാന്യം ലഭിച്ചുതുടങ്ങിയത്.

Comments

comments

Categories: Slider, Top Stories