4ജി സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിയില്‍ 20% വര്‍ധന

4ജി സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിയില്‍ 20% വര്‍ധന

 

ന്യുയോര്‍ക്ക്: 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിയില്‍ ലോകവ്യാപകമായി ഈ വര്‍ഷം 21.3 ശതമാനം വാര്‍ഷിക വര്‍ധനവ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. 2015ല്‍ 967 മില്യണ്‍ യൂണിറ്റ് ആയിരുന്ന 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതി ഈ വര്‍ഷം 1.17 ബില്യണ്‍ യൂണിറ്റിലേക്കെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണി ഗവേഷണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷ (ഐഡിസി)നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഏഷ്യ-പസഫിക്, ലാറ്റിന്‍ അമേരിക്ക, മധ്യ-കിഴക്കന്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയവ പോലുള്ള വികസ്വര വിപണികളാണ് 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിയില്‍ മുന്നിട്ടു നില്‍ക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷം ഇവിടങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ഇറക്കുമതിയുടെ 66 ശതമാനം മാത്രമായിരുന്നു 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതി. ഈ വര്‍ഷം ഇത്തവണയത് 77 ശതമാനമാകുമെന്ന സൂചനയാണ് ഐഡിസി തരുന്നത്. 4ജി സംവിധാനമുള്ള ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയും, 4ജി സിം കാര്‍ഡ് സൗജന്യമായി വിതരണം ചെയ്തും റിലയന്‍സ് ജിയോ വിപണി കീഴടക്കാന്‍ അതീവ ശ്രമം നടത്തുന്ന ഇന്ത്യ പോലുള്ള പ്രധാനപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ വിപണികളില്‍ വളരെ പെട്ടന്നുള്ള വളര്‍ച്ചയാണ് നിരീക്ഷിക്കുന്നതെന്നും ഐഡിസി അസോസിയേറ്റ് റിസര്‍ച്ച് ഡയറക്റ്റര്‍ മെലീസ്സ ചൗ വ്യക്തമാക്കുന്നു.

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതി 0.6 ശതമാനം വര്‍ധിച്ച് 1.45 ബില്യണ്‍ യൂണിറ്റിന്റെ വാര്‍ഷിക വര്‍ധന കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015ല്‍ 10.4 ശതമാനം വളര്‍ച്ച സ്വന്തമാക്കിയിരുന്ന സ്ഥാനത്താണ്തി. 2016ല്‍ വികസിത വിപണികളായ യുഎസ്, കാനഡ, ജപ്പാന്‍, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് ഫോണുകളില്‍ 94 ശതമാനവും 4ജി ആണെന്നാണ് വിലയിരുത്തല്‍. 2015ല്‍ ഇത് 84 ശതമാനം ആയിരുന്നു.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഒഎസ് തന്നെയായിരിക്കും ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമെന്നും ഐഡിസി വ്യക്തമാക്കുന്നു. വികസ്വര വിപണികളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന 4ജി സ്മാര്‍ട്ട്‌ഫോണ്‍ വളര്‍ച്ചയിലും ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഒഎസ് തന്നെയായിരിക്കും മുന്നില്‍. അതേസമയം വിന്‍ഡോസ് ഫോണ്‍ ഇറക്കുമതി 79.1 ശതമാനം കുറയുമെന്നാണ് ഐഡിസിയുടെ വിശകലനം. ആപ്പിള്‍ ഐഫോണ്‍ 7ന്റെയും 7 പ്ലസിന്റെയും സാന്നിധ്യം മികച്ച നിലയില്‍ തുടരുന്നുണ്ടെങ്കിലും ഈ വര്‍ഷം ആദ്യ മൂന്നു പാദങ്ങളിലും വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത് . ഇത് അടുത്തവര്‍ഷവും തുടരും.

Comments

comments

Categories: Trending