ബീജിംഗ്: ആഡംബര ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ചൈനയില്‍ അത്യാഡംബര കാറുകള്‍ക്ക് സ്വന്തമാക്കുമ്പോള്‍ പത്ത് ശതമാനം നികുതി കൂടുതല്‍ നല്‍കേണ്ടി വരും. ഇത് സംബന്ധിച്ച് ചൈനീസ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നികുതിയോടെ ചൈനയില്‍ ഇനി ഫെരാരി, ലംബോര്‍ഗിനി തുടങ്ങിയ കാറുകള്‍ സ്വന്തമാക്കുന്നതിന് പത്ത് ശതമാനം നികുതി കൂടുതല്‍ നല്‍കേണ്ടി വരും. 190,000 ഡോളറിന് മുകളില്‍ വിലയുള്ള കാറുകള്‍ക്കാണ് പുതിയ നികുതി ബാധകമാവുക.
പ്രസിഡന്റായി ചുമതലയേറ്റ ഷീ ജിന്‍പിംഗിന്റെ നേതൃത്വത്തില്‍ അഴിമതി തടയുന്നതിനും രാഷ്ട്രീയ സാമ്പത്തിക ഉന്നതരുടെ അമിത ചെലവ് നിയന്ത്രിക്കുന്നതിനും വ്യാപക കാംപയിനുകളാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുന്നത്. ചെലവ് ചുരുക്കലിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളാണ് പുതിയ നികുതി ചുമത്തുന്നതിലൂടെ പ്രകടമാകുന്നതെന്ന് ചൈനീസ് പാസഞ്ചര്‍ കാര്‍ അസോസിയേഷന് സെക്രട്ടറി ജെനറല്‍ സിയു ഡോംഗ്ഷു വ്യക്തമാക്കി.
ഇറക്കമതി ചെയ്യുന്ന കാറുകള്‍ക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്നതും ചൈനയാണ്. ഏകദേശം 25 ശതമാനം നികുതിയാണ് വിദേശത്ത് നിന്ന് ചൈനീസ് വിപണിയിലേക്ക് കപ്പലേറി വരുന്ന കാറുകള്‍ക്ക് സര്‍ക്കാര്‍ ചുമത്തുന്നത്.
നികുതി വര്‍ധിപ്പിച്ചതോടെ കാറുകളുടെ ഇറക്കുമതിയില്‍ ഗണ്യമായ കുറവാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ 850,000 യൂണിറ്റുകളാണ് ചൈനീസ് വിപണിയില്‍ ഇറക്കുമതി ചെയ്ത കാറുകളുടെ എണ്ണം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.4 ശതമാനം കുറവാണിത്. അതേസമയം, അള്‍ട്രാ ലക്ഷ്വറി ബ്രാന്‍ഡായ ഫെരാരി ഇക്കാലയളവില്‍ 160 യൂണിറ്റുകള്‍ വില്‍പ്പന നടത്തി 26 ശതമാനം നേട്ടമാണ് ചൈനീസ് വിപണിയില്‍ നേടിയത്.
ഫെരാരി, ആസ്റ്റണ്‍ മാര്ട്ടിന്, റോള്‍സ് റോയ്സ്, ലംബോര്‍ഗിനി എന്നീ ബ്രാന്‍ഡുകള്‍ക്കും മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു എന്നിവയുടെ ഉയര്‍ന്ന മോഡലുകള്‍ക്കും അധിക നികുതി തിരിച്ചടിയാകും. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയില്‍ ആഡംബര കാര്‍ കമ്പനികള്‍ വന്‍ വളര്‍ച്ചയാണ് കൈവരിക്കുന്നത്.