100 ബില്യണ്‍ ഡോളറിന്റെ സമ്പാദ്യം ഓഹരിവിപണിയിലേക്ക് ഒഴുകും

100 ബില്യണ്‍ ഡോളറിന്റെ സമ്പാദ്യം ഓഹരിവിപണിയിലേക്ക് ഒഴുകും

 

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്നുണ്ടായ ആശങ്കകളും ബുദ്ധിമുട്ടുകളും രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തെ ശക്തിപ്പെടുത്തുമെന്ന് നിരീക്ഷണം. 2016 ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് മേഖലയ്ക്ക് ഏറെ നേട്ടമുണ്ടാക്കാനായ വര്‍ഷമാണ്. ചെറുകിട നിക്ഷേപകര്‍ കൂട്ടമായെത്തുന്നത് 2017നെ പ്രതീക്ഷിച്ചതിലും അധികം ലാഭകരമാക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്ന് നിക്ഷേപം കുമിഞ്ഞുകൂടിയതോടെ എസ്ബി ഐ അടക്കമുള്ള ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശയില്‍ 15-25 അടിസ്ഥാന പോയിന്റുകളുടെ കുറവ് വരുത്തിയിരുന്നു. ഇത് ബാങ്കിലെ സ്ഥിര നിക്ഷേപങ്ങളുടെ ആകര്‍ഷണീയത കുറച്ചിട്ടുണ്ട്. മറ്റ് സ്ഥിര വരുമാന മാര്‍ഗങ്ങളിലേക്ക് തങ്ങളുടെ സമ്പാദ്യത്തെ മാറ്റുന്നതിന് ഇത് നല്ലൊരു ശതമാനം പേരെ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എസ്ബി ഐ നിലവില്‍ 6.5-7 ശതമാനം പലിശ മാത്രമാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്.
ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ കുറയുന്നതിനൊപ്പം സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങളും ആകര്‍ഷകമല്ലാതാകുന്നത് ഓഹരി വിപണിയിലേക്ക് കൂടുതല്‍ നിക്ഷേപകരെത്തുന്നതിന് വഴിവെക്കും. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ ഫലമായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ ഇപ്പോള്‍ തന്നെ വളര്‍ച്ച പ്രകടമായിട്ടുണ്ട്. ചെറുകിട നിക്ഷേപകരില്‍ നിന്ന് 12,000 കോടി രൂപയിലധികം നവംബറില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ എത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യത്തില്‍ ഈ കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ മാസമായിരിക്കും നവംബര്‍.
രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യങ്ങളില്‍ നിന്ന് 100 ബില്യണ്‍ ഡോളറോളം ഓഹരി വിപണിയിലേക്കെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതില്‍ 50 ശതമാനത്തോളം പുതിയ നിക്ഷേപകരുടെ വകയായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. നിലവില്‍ രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യം 500 ബില്യണ്‍ ഡോളറാണെന്നാണ് കണക്കാക്കപ്പെടുന്നത്. അതില്‍ 25 ബില്യണ്‍ ഡോളര്‍ മാത്രമാണ് ഓഹരി വിപണിയില്‍ എത്തുന്നത്. വിപണിയിലെ പണമൊഴുക്ക് വര്‍ധിക്കുന്നതോടെ 2017ല്‍ കൂടുതല്‍ കമ്പനികള്‍ ഐപിഒ, എഫ്പിഒ തുടങ്ങിവയുമായി രംഗത്തെത്താന്‍ സാധ്യതയുണ്ട്.

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വിലയിരുത്തല്‍ പ്രകാരം 2017 ഡിസംബറില്‍ സെന്‍സെക്‌സ് 30,000 പോയിന്റ് മറികടക്കുമെന്നും ബുള്ളിഷ് പ്രവണതകള്‍ ദൃശ്യമായാല്‍ അത് 39,000 പോയിന്റെ വരെയാകുമെന്നുമാണ് പറയുന്നത്.

Comments

comments

Categories: Business & Economy