പെട്രോള്‍ പമ്പുകളിലെ മൊബീല്‍ വാലെറ്റ് ഉപയോഗം സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്

പെട്രോള്‍ പമ്പുകളിലെ മൊബീല്‍  വാലെറ്റ് ഉപയോഗം സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്

 

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ കാഷ്‌ലെസ് ഇടപാടുകളുടെ തോത് വര്‍ധിപ്പിച്ചിരിക്കെ, പേടിഎം അടക്കമുള്ള മൊബീല്‍ വാലെറ്റുകള്‍ ഉപയോഗിച്ചുള്ള പണമടയ്ക്കല്‍ പെട്രോള്‍ പമ്പുകളില്‍ പ്രായോഗികമല്ലെന്ന് മുന്നറിയിപ്പ്. മൊബീല്‍ ഉപയോഗിക്കുന്നതിനിടെ നേരിയ തീപ്പൊരി ചിതറിയാല്‍ പോലും വന്‍ സ്‌ഫോടനത്തിലേക്ക് നയിക്കുമെന്ന് ഇന്ധന വിതരണ കമ്പനികള്‍ ആശങ്കപ്പെടുന്നു.
പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പിഇഎസ്ഒ) മാര്‍ഗ നിര്‍ദേശം പാലിച്ച്, വാഹനങ്ങളില്‍ പെട്രോള്‍ നിറയ്ക്കുമ്പോള്‍ അതിനു സമീപം നില്‍ക്കുന്ന ഉടമകള്‍ മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ പമ്പ് ജീവനക്കാര്‍ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഫില്ലിംഗ് പോയിന്റുകളുടെ ആറു മീറ്ററിനുള്ളില്‍ മൊബീല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് പിഇഎസ്ഒ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.
പെട്രോളും ഡീസലുമൊക്കെ അടിക്കുന്ന സമയത്ത് ടാങ്കിനു മുകളില്‍ നീരാവി പടരും. അതിനാല്‍ത്തന്നെ മൊബീല്‍ ഫോണില്‍ എന്തെങ്കിലും തീപ്പൊരി ചിതറിയാല്‍ വന്‍ പൊട്ടിത്തെറി നടക്കും- ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ റിഫൈനറീസ് ഡയറക്റ്റര്‍ സഞ്ജീവ് സിംഗ് പറഞ്ഞു. ഇന്ധന ടാങ്കും മൊബീല്‍ ഫോണും തമ്മിലെ അകലം വളരെ കുറച്ചു മാത്രം പാലിക്കുന്ന ബൈക്ക് യാത്രികരാണ് ഒട്ടും സുരക്ഷിതരല്ലാത്തത്. ചില ഫോണുകള്‍ തീപ്പൊരിയുണ്ടാക്കില്ല. പക്ഷേ, അത്തരത്തിലെ ഫോണുകള്‍ ഭൂരിഭാഗം പേര്‍ക്കും വാങ്ങാന്‍ പറ്റുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശരാശരി കച്ചവടം നടക്കുന്ന ഒരു പെട്രോള്‍ പമ്പിലെത്തുന്ന നല്ലൊരു ശതമാനം ഉപഭോക്താക്കളും നേരിട്ട് പണം നല്‍കുന്നവരാണെന്ന് ഓള്‍ ഇന്ത്യ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജയ് ബന്‍സാല്‍ പറഞ്ഞു. 60-65 ശതമാനം പണവും കറന്‍സിയുടെ രൂപത്തിലാണ് പമ്പുകളിലേക്കെത്തുന്നത്. അഞ്ചു ശതമാനം വില്‍പ്പന ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടെ നടക്കുന്നു. അവശേഷിക്കുന്നത് കടത്തിന് ഇന്ധനം വാങ്ങുന്ന വന്‍ ഉപഭോക്താക്കളാണ്. അവര്‍ ചെക്കിന്റെ രൂപത്തിലോ പണമായോ പിന്നീടാണ് ബില്‍ അടയ്ക്കാറുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പെട്രോള്‍ പമ്പുകള്‍ക്ക് സമീപം അനുവദനീയമായ ദൂരപരിധി പാലിച്ചുകൊണ്ട് ചെറിയ കിയോസ്‌കുകള്‍ സ്ഥാപിച്ച് മൊബീല്‍ വാലറ്റ് ഉപയോഗത്തിന് സൗകര്യമൊരുക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പിഇഎസ്ഒ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കാതെ പമ്പുകളില്‍ മൊബീല്‍ വാലെറ്റുകള്‍ ഉപയോഗിക്കുന്നതിനും അതുവഴി കാഷ് ലെസ് ട്രാന്‍സാക്ഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പോംവഴികള്‍ ഉദ്യോഗതലത്തില്‍ ആരാഞ്ഞുവരുന്നതായും അറിയുന്നു.

Comments

comments

Categories: Slider, Top Stories