നോട്ട് അസാധുവാക്കല്‍: അഴിമതിക്കെതിരായ പ്രാധാന്യമുള്ളതും അനിവാര്യവുമായ നടപടിയെന്ന് അമേരിക്ക

നോട്ട് അസാധുവാക്കല്‍:  അഴിമതിക്കെതിരായ പ്രാധാന്യമുള്ളതും അനിവാര്യവുമായ നടപടിയെന്ന് അമേരിക്ക

 

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയത് അഴിമതിക്കും നികുതി വെട്ടിപ്പിനുമെതിരായ പ്രാധാന്യമുള്ളതും അനിവാര്യവുമായ നടപടിയാണെന്ന് യുഎസ് വിദേശകാര്യ ഡെപ്യൂട്ടി സ്‌പോക്ക്‌സ് പേഴ്‌സണ്‍ മാര്‍ക് ടോണര്‍ പ്രസ്താവിച്ചു.
അഴിമതിയിലൂടെ സമ്പാദിച്ച നിയമവിരുദ്ധ പണത്തെയും നികുതി വെട്ടിച്ച് സൂക്ഷിച്ച പണത്തെയും ലക്ഷ്യം വെച്ചുള്ളതായിരുന്നു സര്‍ക്കാര്‍ നടപടിയെന്നും ടോണര്‍ പറഞ്ഞു. വകുപ്പിന്റെ പ്രതിദിന വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടി സൃഷ്ടിച്ച മാറ്റത്തോട് ഇണങ്ങുന്നതിന് ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലെ അമേരിക്കക്കാര്‍ക്കും അല്‍പ്പം അസൗകര്യം ഉണ്ടായെന്നും മാര്‍ക് ടോണര്‍ കൂട്ടിച്ചേര്‍ത്തു. കള്ളപ്പണത്തിനെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷം നടപ്പാക്കിയ കാര്യങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നോട്ട് അസാധുവാക്കലെന്നും അദ്ദേഹം നിരീക്ഷിച്ചു. ഈ നടപടികളില്‍ കള്ളപ്പണം കൈവശം വെച്ചവര്‍ക്ക് അത് വെളിപ്പെടുത്തുന്നതിന് നാല് മാസത്തെ സാവകാശം നല്‍കിയതും ഉള്‍പ്പെടുന്നുവെന്ന് മാര്‍ക് ടോണര്‍ പറഞ്ഞു.

Comments

comments

Categories: Business & Economy