ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിച്ചു: തട്ടിപ്പിന് ഇരയാകരുതെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്

ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിച്ചു:  തട്ടിപ്പിന് ഇരയാകരുതെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്

 
മുംബൈ: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഡെബിറ്റ് കാര്‍ഡിന്റെ ഉപയോഗം വ്യാപകമായതിനാല്‍, തട്ടിപ്പുകള്‍ വര്‍ധിക്കുമെന്ന ആശങ്കയില്‍ രാജ്യത്തെ വന്‍കിട ബാങ്കുകള്‍. സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന് മാര്‍ഗങ്ങളാരായാന്‍ എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ വിദഗ്ധ സമിതിയെ സമീപിച്ചതായി ഇവയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
75 ഓളം വരുന്ന പേമെന്റ് ബാങ്കുകളുടെ ശൃംഖല പ്രവര്‍ത്തിപ്പിക്കുന്ന ഫിഡലിറ്റി നാഷണല്‍ ഇന്‍ഫൊര്‍മേഷന്‍ സര്‍വീസസി (എഫ്‌ഐഎസ്) ന്റെ കണക്കുകള്‍ പ്രകാരം നവംബര്‍ എട്ടിന് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിനു ശേഷം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകളില്‍ 300 മുതല്‍ 400 ശതമാനം വരെയാണ് വര്‍ധനവുണ്ടായിരിക്കുന്നത്. തട്ടിപ്പുകള്‍ തടയുന്നതിന് മിക്ക ബാങ്കുകളും മാര്‍ഗങ്ങള്‍ ആരാഞ്ഞു കൊണ്ടിരിക്കുകയാണ്-ഡിലോയിറ്റിലെ സാമ്പത്തിക ഉപദേശക സമിതിഅംഗം കെ വി കാര്‍ത്തിക് വ്യക്തമാക്കി. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ വര്‍ധിച്ചതിനാല്‍, തട്ടിപ്പിനുള്ള സാധ്യത വളരെ കൂടുതലാണ്. തട്ടിപ്പുകള്‍ തടയുന്നതിന് ബാങ്കുകള്‍ ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും. ഏതെങ്കിലും വിധത്തിലെ തട്ടിപ്പുകളുണ്ടായാല്‍ അവ തിരിച്ചറിയുന്നതിനും ഇടപാടുകാര്‍ക്ക് മുന്നറിയിപ്പു കൊടുക്കുന്നതിനുമാണ് നിലവില്‍ ബാങ്കുകള്‍ പ്രധാന്യം കൊടുക്കുന്നത്-അദ്ദേഹം പറഞ്ഞു. തട്ടിപ്പുകളുണ്ടായാല്‍ അതിന്റെ മൂലകാരണം കണ്ടെത്താന്‍ ബാങ്കുകള്‍ അന്വേഷണം നടത്തേണ്ടിവരും. ഉപഭോക്താക്കളുടെ കുഴപ്പം കൊണ്ടല്ല തട്ടിപ്പിനിരയായതെന്ന് ബോധ്യപ്പെട്ടാല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കേണ്ടതായിവരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കുന്നതിന് വിദഗ്ധാഭിപ്രായം തേടിക്കഴിഞ്ഞു. ഏതൊരു തരത്തിലുള്ള സൈബര്‍ ആക്രമണവും നേരിടാന്‍ സജ്ജമായിരിക്കണം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ ആക്രമണങ്ങളുടെ സാധ്യതയും കൂടുതലാണ്. മൂന്നാം കക്ഷിയുമായി ചേര്‍ന്ന് എല്ലാ സുരക്ഷാ സംവിധാനങ്ങളും പുതുക്കിയിട്ടുണ്ട്-എസ്ബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ മഞ്ജു അഗര്‍വാള്‍ അറിയിച്ചു.
നോട്ട് റദ്ദാക്കുന്നതിന് മുന്‍പ് എസ്ബിഐയില്‍ പ്രതിദിനം ഏകദേശം 3 ലക്ഷം ഡെബിറ്റ് കാര്‍ഡ് ഇടപാടുകളാണ് നടന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ അത് 12 ലക്ഷമായി ഉയര്‍ന്നുകഴിഞ്ഞു.

Comments

comments

Categories: Trending