അച്ചടക്ക ലംഘനം: സഞ്ജുവിന് കാരണം കാണിക്കല്‍ നോട്ടീസ്

അച്ചടക്ക ലംഘനം:  സഞ്ജുവിന് കാരണം കാണിക്കല്‍ നോട്ടീസ്

 

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) അന്വേഷണം. സഞ്ജു വി സാംസണിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി ടി ആര്‍ ബാലകൃഷ്ണന്‍ അധ്യക്ഷതയില്‍ എസ് രമേശ്, പി രംഗനാഥന്‍, ഡി ശ്രീജിത്ത് എന്നിവരുള്‍പ്പെട്ട നാലംഗ സമിതിയെയും കെസിഎ നിയമിച്ചു.

ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി കാരണം കാണിക്കല്‍ നോട്ടീസും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സഞ്ജു വി സാംസണിന് നല്‍കിയിട്ടുണ്ട്. രഞ്ജി ട്രോഫി മത്സരത്തിനിടെ അനുമതിയില്ലാതെ ടീമില്‍ നിന്നും വിട്ടുനിന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സഞ്ജു വി സാംസണിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

രണ്ടാഴ്ച മുമ്പ് മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ഗോവയ്‌ക്കെതിരായി നടന്ന മത്സരത്തിനിടെ സഞ്ജു വി സാംസണ്‍ ടീമില്‍ നിന്നും അധികൃതരുടെ അനുവാദമില്ലാതെ മാറി നിന്നുവെന്നും അദ്ദേഹം അച്ചടക്ക ലംഘനം നടത്തിയെന്നുമാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. കേരള താരത്തിന്റെ പിതാവ് കെസിഎ ഭാരവാഹികളെ അസഭ്യം പറഞ്ഞതായുള്ള പരാതിയും അന്വേഷണ പരിധിയിലുണ്ട്.

മത്സരത്തിനിടെ ഡ്രിസിംഗ് റൂമില്‍ നിന്നും അനുമതിയില്ലാതെ പുറത്തുപോയ സഞ്ജു വി സാംസണ്‍ അര്‍ധ രാത്രിയോടെയാണ് ടീം താമസിച്ച ഹോട്ടലില്‍ തിരിച്ചെത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍, പരാതിയെ തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഞ്ജു വി സാംസണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ത്രിപുരയ്‌ക്കെതിരായ രഞ്ജി മത്സരത്തിനുള്ള ടീമില്‍ സഞ്ജു വി സാംസണിനെ ഉള്‍പ്പെടുത്തിയില്ലെന്നതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് കെസിഎ പ്രസിഡന്റായ ടി സി മാത്യുവിനോട് ഫോണില്‍ മോശമായി സംസാരിച്ചുവെന്നതാണ് താരത്തിനെതിരായ മറ്റൊരു ആരോപണം. സഞ്ജു വി സാംസണുമായി ബന്ധപ്പെട്ട സംഭവം ബിസിസിഐയെയും കെസിഎ അറിയിച്ചിട്ടുണ്ട്.

അതേസമയം, സഞ്ജു വി സാംസണിനെതിരായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പരിക്കേറ്റതിനാല്‍ മത്സരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടതിന് ശേഷമുള്ള സഞ്ജുവിന്റെ സ്വഭാവിക പ്രതികരണം മാത്രമായിരുന്നു കളിക്കിടയിലെ പിന്‍വാങ്ങലെന്നും അദ്ദേഹം പറഞ്ഞു.

കേരള താരത്തിനെതിരെ മുമ്പും അച്ചടക്കം ലംഘിച്ചുവെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. രഞ്ജി ക്രിക്കറ്റിലെ കാശ്മീരിനെതിരായ മത്സരത്തില്‍ മികവ് പുലര്‍ത്തിയ സഞ്ജു കേരളത്തിന് വേണ്ടി സെഞ്ച്വറിയും നേടിയിരുന്നു. എന്നാല്‍ പിന്നീട് ഫോം മങ്ങിയ സഞ്ജു വി സാംസണിന് പത്ത് ഇന്നിംഗ്‌സുകളില്‍ നിന്നും 180 റണ്‍സ് മാത്രമാണ് നേടാനായത്.

Comments

comments

Categories: Sports, Trending