രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ‘കാഷ്‌ലെസ്’ സമൂഹം : റവ: ഡോ: ഏബ്രഹാം മുളമൂട്ടില്‍

രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ‘കാഷ്‌ലെസ്’ സമൂഹം : റവ: ഡോ: ഏബ്രഹാം മുളമൂട്ടില്‍

ഗീതു പീറ്റര്‍

രാജ്യം കാഷ്‌ലെസ് സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന് പ്രോല്‍സാഹനമായും കള്ളപ്പണം തടയുന്നതിനും 500,1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പേ ഈ ആശയം മുന്നോട്ടു വെച്ച ഒരു മലയാളിയുണ്ട്, ഫാദര്‍ ഏബ്രഹാം മുളമൂട്ടില്‍. അദ്ദേഹം എഴുതിയ ‘ഇ റുപീ ടു റീ ഇന്‍വെന്റ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ കാഷ്‌ലെസ് സമ്പദ്ഘടന എന്ന ആശയവും അതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. 2014 ഡിസംബറില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ നോര്‍ത്ത് ബ്ലോക്കില്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. അന്ന് താന്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ തന്നെയാണ് കാഷ്‌ലെസ് സമൂഹത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ പലതുമെന്ന് ഫാദര്‍ അവകാശപ്പെടുന്നു.

അഴിമതിക്ക് ഒരു പരിഹാരമാലോചിച്ച വേളയിലാണ് കാഷ്‌ലെസ് എന്ന ആശയം ഫാദറിന്റെ മനസിലേക്കെത്തുന്നത്. ഐടി, സാമ്പത്തിക രംഗങ്ങളില്‍ താല്‍പര്യമുണ്ടായിരുന്ന ഫാദര്‍ ഇതേക്കുറിച്ച് പഠിക്കുകയും പിന്നീട് തന്റെ ചിന്തകളെല്ലാം സമന്വയിപ്പിച്ച് ഇ റുപീ ടു റീ ഇന്‍വെന്റ് ഇന്ത്യ എന്ന പുസ്തകമാക്കുകയുമായിരുന്നു. ഗൈഡ്‌ലൈന്‍സ് ഫോര്‍ എ കാഷ്‌ലെസ് സൊസൈറ്റി എന്ന പേരില്‍ എല്ലാ ബാങ്കുകളും ഇ-പേമെന്റ് പ്രോല്‍സാഹിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്ന 2012-15 മിഷന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചിരുന്നു. അഴിമതിക്കെതിരെ, ഉത്തരവാദിത്തപൂര്‍ണമായ സുസ്ഥിരമായ ഒരു നാളെക്കായുള്ള നിര്‍ദ്ദേശങ്ങള്‍ 12-ാം പഞ്ചവത്സര പദ്ധതിയിലും ഉണ്ടായിരുന്നു. ഇതു രണ്ടും തന്റെ ശ്രദ്ധയാകര്‍ഷിച്ചതായി ഫാദര്‍ പറയുന്നു.

കാഷ്‌ലസ് സമൂഹം എന്ന ആശയം യാഥാര്‍ത്ഥ്യമാകുമോ എന്നു ചോദിക്കുന്നവരോട് രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന, പുരോഗതിക്കായി ആഗ്രഹിക്കുന്ന സമൂഹമാണ് നമ്മുടേത്. സാധനങ്ങള്‍ കൊടുത്ത് സാധനങ്ങള്‍ വാങ്ങിയിരുന്ന കൈമാറ്റ വ്യവസ്ഥയില്‍ നിന്ന് നാണയത്തിലേക്കും പിന്നീട് പേപ്പര്‍ രൂപത്തിലുള്ള ധന വിനിമയത്തിലേക്കുമെല്ലാം മനുഷ്യ സമൂഹം മാറി. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ പണവിനിമയ മാര്‍ഗങ്ങള്‍ എത്രത്തോളം സ്വീകാര്യമാകുമെന്നതാണ് മറ്റൊരു കാര്യം. ഇതിന് ഫാദറിനു വ്യക്തമായ മറുപടിയുണ്ട്. സാക്ഷരത നേടുന്നതിനായി 70 വര്‍ഷങ്ങളാണ് ഇന്ത്യ ചെലവഴിച്ചത്. ഇതിനായി ധാരാളം പണവും സര്‍ക്കാര്‍ ചെലവഴിച്ചു. എന്നിട്ടും രാജ്യത്തെ 65 ശതമാനം പേര്‍ മാത്രമാണ് ഇന്നും സാക്ഷരര്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ മൊബീല്‍ ഉപഭോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആരും പ്രത്യേകിച്ച് പഠിപ്പിക്കാതെ തന്നെ രാജ്യത്തെ 80 ശതമാനം ആളുകളും മൊൈബല്‍ ഉപയോഗിക്കുന്നുണ്ട്. അടിസ്ഥാനസൗകര്യങ്ങളൊരുക്കിയാല്‍ എന്തും സ്വാഭാവികമായും സ്വായത്തമാക്കാന്‍ മനുഷ്യന് കഴിയും. എല്ലാവര്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാക്കണം. ഇതിനായി സര്‍ക്കാരും സ്വകാര്യമേഖലയും ഒരുമിച്ചു പ്രവര്‍ത്തിക്കണം. സൗജന്യമായി സാധാരണക്കാര്‍ക്ക് മൊബീല്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അതുപോലെ സ്മാര്‍ട്ട് ഫോണ്‍കമ്പനികള്‍ക്ക് നികുതിയിളവുകള്‍ നല്‍കികൊണ്ട് വിലകുറവില്‍ ഉല്‍പ്പന്നം വില്‍ക്കാന്‍ പ്രേരിപ്പിക്കാനാകുമാകും.

ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിലെ സുരക്ഷയാണ് എല്ലാവരെയും ആശങ്കപ്പെടുത്തുന്ന മറ്റൊരു പ്രശ്‌നം. ഇത് അത്ര വലിയ കാര്യമല്ലെന്ന് ഫാദര്‍ പറയുന്നു. ഒരു വ്യക്തിയുടെ സമാനതകളില്ലാത്ത ഫിംഗര്‍ പ്രിന്റും റെററിന ഇമേജും ഉപയോഗിച്ച് തയ്യാറാക്കിയ ആധാര്‍ കാര്‍ഡ് വളരെ സുരക്ഷിതമായ ഒന്നാണ്. ആധാര്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. എല്ലാ ബാങ്കിടപാടുകളും ആധാര്‍ ബന്ധിതമാകുകയാണെങ്കില്‍ കള്ളപ്പണവും അഴിമതിയും തടയാനാകും. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തേക്കൊഴുകുന്ന കള്ളപ്പണത്തിനും ഇതു വഴി തടയിടാം. വികസനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇന്ത്യ വികസിക്കണമെങ്കില്‍ പുതിയ അറിവുകള്‍ ഉപയോഗിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായം തന്നെയാണ് ഫാദറിനുമുള്ളത്. ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്ന ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയും ക്രിപ്‌റ്റോഗ്രാഫിയുമെല്ലാം ഇതിനായി ഉപയോഗിക്കണം. ‘എനിവേര്‍ ബാങ്കിംഗ് സിസ്റ്റം’ സൃഷ്ടിക്കുകയാണ് കാഷ്‌ലസ് ആശയം നടപ്പിലാക്കാനുള്ള മറ്റൊരു മാര്‍ഗം. ഇന്ത്യയില്‍ ഇപ്പോഴുള്ള ബാങ്കുകള്‍ പര്യാപ്തമല്ലെങ്കില്‍ പോസ്റ്റ്ഓഫീസുകളെ ഇക്കാര്യത്തിനായി ഉപയോഗിക്കാവുന്നതാണ്. 2015 ലെ ബജറ്റില്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം വന്നിരുന്നു. എറ്റവും കൂടുതല്‍ പോസ്റ്റ് ഓഫീസുകളുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ കുഗ്രാമങ്ങളില്‍ പോലും ഒരു പോസ്റ്റ് ഓഫീസ് കാണും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ സുരക്ഷിതമായിരിക്കും.

ഫാദര്‍ നിര്‍ദ്ദേശിക്കുന്ന മറ്റൊരു മാര്‍ഗം ലാന്‍ഡ്എടിഎമ്മുകളാണ്. ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ഫോണുകള്‍ പോലെ തന്നെ ഓരോ വീട്ടിലും ലാന്‍ഡ് എടിഎമ്മുകള്‍ സൗജന്യമായി സ്ഥാപിക്കണമെന്നതാണ് ഈ ആശയം. സാധാരണക്കാര്‍ക്ക് വീട്ടിലിരുന്നു തന്നെ പണമിടപാടുകള്‍ നടത്താന്‍ ഈ കാഷ്‌ലെസ് എടിഎമ്മുകള്‍ വഴിയൊരുക്കും. സ്വിസ് ബാങ്കിനേക്കാള്‍ കൂടുതല്‍ നിക്ഷേപം ഇന്ത്യയില്‍ ഒരോരുത്തരുടെയും വീടുകളിലാണെന്ന് അദ്ദേഹം പറയുന്നു.

500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്ന ഫാദര്‍ ഇത്തരമൊരു തീരുമാനം നടപ്പിലാക്കാനുള്ള നരേന്ദ്രമോദിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയെയും പ്രശംസിക്കുന്നു. എന്നാല്‍ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ച നടപടി വീണ്ടും അഴിമതിക്കും കള്ളപ്പണത്തിനും കാരണമാകുമെന്നും ആശങ്കപ്പെടുന്നു. 2000 ന്റെ നോട്ടുകള്‍ക്ക് പകരം 100 ന്റെ നോട്ടുകള്‍ കൂടുതല്‍ അച്ചടിക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

തിരുവല്ല മാര്‍ അത്തനേഷ്യസ് കോളെജിന്റെ സ്ഥാപകനും മുന്‍ പ്രിന്‍സിപ്പലുമായിരുന്നു റവ: ഡോ: ഏബ്രഹാം മുളമൂട്ടില്‍. പുഷ്പഗിരി മെഡിക്കല്‍ കോളെജിന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ കമ്യൂണിറ്റി റേഡിയോയുടെ ശില്‍പ്പിയും അദ്ദേഹമായിരുന്നു. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് നോളെജ് എന്ന പേരില്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസിന്റെ ഒരു സെന്റര്‍ കൊച്ചിയില്‍ ആരംഭിക്കാനുള്ള പദ്ധതിയിലാണ് ഫാദര്‍. സാമ്പത്തിക രംഗത്ത് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം നേടാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: Trending

Write a Comment

Your e-mail address will not be published.
Required fields are marked*