ജിയോ തരംഗം: ടെലികോം മേഖലയില്‍ വളര്‍ച്ചാ പ്രതിസന്ധി

ജിയോ തരംഗം:  ടെലികോം മേഖലയില്‍ വളര്‍ച്ചാ പ്രതിസന്ധി

 
ന്യൂഡെല്‍ഹി: സൗജന്യ ഓഫറുകളിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താനുള്ള റിലയന്‍സ് ജിയോയുടെ ശ്രമങ്ങള്‍ ഇന്ത്യന്‍ ടെലികോം മേഖലയിലെ വരുമാന വളര്‍ച്ചയെ ദോഷകരമായി സ്വാധീനിച്ചതായി റിപ്പോര്‍ട്ട്. റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം രംഗത്തെ വരുമാന വളര്‍ച്ചാ നിരക്കില്‍ രണ്ടു ശതമാനം ഇടിവുണ്ടായതായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യന്‍ വിപണിയിലെ മുന്‍നിര ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ കമ്പനികള്‍ക്ക് മൊത്തമായി 75 ശതമാനം വരുമാന വിപണി വിഹിതം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ കമ്പനികളുടെ വരുമാന വളര്‍ച്ചാ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 6.5 ശതമാനമായിരുന്ന വരുമാന വളര്‍ച്ചാ നിരക്ക് 4.4 ശതമാനത്തിലേക്ക് താഴ്ന്നതായാണ് ടെലികോം റെഗുലേറ്ററി അതാറിറ്റി ഓഫ് ഇന്ത്യ(ട്രായ്) നല്‍കുന്ന കണക്കുകള്‍. ഏറ്റവും കൂടുതല്‍ ഡാറ്റാ സംവിധാനമുള്ള മേഖലകളിലെ വളര്‍ച്ചാ നിരക്ക് ഇതിലും ചുരുങ്ങിയിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഈ സാഹചര്യത്തിന് ഉടന്‍ മാറ്റമുണ്ടായേക്കാമെന്ന ചെറിയ പ്രതീക്ഷയും ട്രായ് റിപ്പോര്‍ട്ട് തരുന്നുണ്ട്.

കമ്പനികള്‍ തിരിച്ചുള്ള കണക്ക് പരിശോധിച്ചാല്‍ ഇന്ത്യന്‍ ടെലികോം രംഗത്ത് നേതൃസ്ഥാനത്തുള്ള ഭാരതി എയര്‍ടെല്ലിന്റെ വരുമാന വിപണി വിഹിതം 32.9 ശതമാനമാണ്. വോഡഫോണ്‍ ഇന്ത്യ 23.4 ശതമാനവും, ഐഡിയ സെല്ലുലാര്‍ 18.8 ശതമാനവും വിപണി പങ്കാളിത്തം നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് കമ്പനികളുടെ വരുമാന വളര്‍ച്ചയെ ജിയോ തംരഗം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വോഡഫോണിന്റെയും ഐഡിയയുടെയും സംയുക്ത വരുമാന വിപണി വിഹിതത്തിന്റെ രണ്ട് മടങ്ങിലധികമാണ് എയര്‍ടെല്ലിന്റെ പങ്കാളിത്തം കണക്കാക്കിയിട്ടുള്ളതെന്ന് സിഎല്‍എസ്എ ബ്രോക്കറേജ് റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ടെല്ലിന്റെ വിഹിതം 155 ബിപിഎസ് (ബേസിസ് പോയിന്റ്‌സ്) വര്‍ധിച്ചിടത്ത് വോഡഫോണിന്റെയും ഐഡിയയുടെയും വിഹിതത്തില്‍ യഥാക്രമം 40, 30 അടിസ്ഥാന പോയിന്റ് വര്‍ധനയാണുണ്ടായത്. നഗരാടിസ്ഥാനത്തിലുള്ള സര്‍വേയില്‍ മെട്രോ, എ-സര്‍ക്കിള്‍ വിഭാഗത്തിലുള്ള പ്രദേശങ്ങളിലെ വരുമാന വളര്‍ച്ചയില്‍ ജിയോ വലിയ തോതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ട്രായ് പുറത്തുവിട്ട വിപണി വിഹിത കണക്കുകളുടെ അടിസ്ഥനത്തില്‍ ഭാരതി എയര്‍ടെല്ലില്‍ മാത്രമാണ് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ നേട്ടം കൈവരിച്ച രണ്ട് കമ്പനികള്‍ ഭാരതി എയര്‍ടെല്ലും ബിഎസ്എന്‍എല്ലുമാണ്. ഈ കമ്പനികളുടെ വിപണി വിഹിതം കഴിഞ്ഞ വര്‍ഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച് 20 മുതല്‍ 50 വരെ അടിസ്ഥാന പോയിന്റ് ഉയര്‍ന്നതായാണ് നിരീക്ഷണം. അതേസമയം ഐഡിയ, വോഡഫോണ്‍ തുടങ്ങിയവയ്ക്കാണ് വരുമാന വളര്‍ച്ചയില്‍ വലിയ ഇടിവുണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയിലുണ്ടായ മാന്ദ്യം കണക്കിലെടുത്ത് റിലയന്‍സ് ജിയോ സൗജന്യ സേവനങ്ങളുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടുമെന്നാണ് പ്രമുഖ ബ്രോക്കറേജുകളായ സിഎല്‍എസ്എയും മോര്‍ഗന്‍ സ്റ്റാന്‍ലിയും പറയുന്നത്. ഇത് ടെലികോം കമ്പനികളുടെ വരുമാന വളര്‍ച്ചയില്‍ വലിയ ക്ഷതമുണ്ടാക്കിയേക്കുമെന്ന ആശങ്ക ട്രായ് പങ്കുവെക്കുന്നുണ്ട്.

Comments

comments

Categories: Slider, Top Stories