ഡോഡ്‌ല ഡയറിയിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി പ്രൊട്ടെറ

ഡോഡ്‌ല ഡയറിയിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി പ്രൊട്ടെറ

 

മുംബൈ: യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിക്ഷേപ സ്ഥാപനമായ പ്രൊട്ടെറ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്‌ണേഴ്‌സ്, ഡോഡ്‌ല ഡയറിയിലെ തങ്ങളുടെ 23 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിന് ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് റിപ്പോര്‍ട്ട്. പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളായ തെമസെക്, കേദാര, മള്‍ട്ടിപ്പിള്‍സ്, എഡിവി പാര്‍ട്‌ണേഴ്‌സ് എന്നിവയുമായാണ് പ്രൊട്ടെറ ചര്‍ച്ചകള്‍ നടത്തുന്നതെന്നറിയുന്നു.
ഓഹരികള്‍ വാങ്ങുന്നതിന് സന്നദ്ധതയുള്ളവരെ കണ്ടെത്താന്‍ എഡെല്‍വെയ്‌സിനെയാണ് പ്രൊട്ടെറ നിയോഗിച്ചിരിക്കുന്നത്. വൈകാതെ ഓഹരി കൈമാറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ച് ഓഹരികള്‍ കൂടി വില്‍ക്കുന്നതിന് മറ്റ് പ്രൊമോട്ടര്‍മാര്‍ക്ക് താല്‍പര്യമുണ്ട്. അങ്ങനെയെങ്കില്‍ ഇനി വരുന്ന നിക്ഷേപകനായിരിക്കും ഡോഡ്‌ലയില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തമുണ്ടാവുക- പ്രൊട്ടെറയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, ഇതു സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കാന്‍ പ്രൊട്ടെറ തയാറായിട്ടില്ല. 2012ലാണ് 110 കോടി രൂപയ്ക്ക് ഡോഡ്‌ല ഡയറിയിലെ 23 ശതമാനം ഓഹരികള്‍ പ്രൊട്ടെറ വാങ്ങിയത്. നിലവില്‍ ഡോഡ്‌ലയ്ക്ക് 1,100 കോടി രൂപയുടെ മൂല്യമുണ്ട്. അതിനാല്‍ത്തന്നെ ഇപ്പോഴത്തെ ഓഹരി വില്‍പ്പനയിലൂടെ നിക്ഷേപിച്ചതിന്റെ മൂന്നിരട്ടിയോളം ലാഭം പ്രൊട്ടെറയ്ക്ക് ലഭിക്കുമെന്നു കരുതപ്പെടുന്നു.

1998ല്‍ ഹൈദരാബാദില്‍ സ്ഥാപിച്ച ഡോഡ്‌ല പാലും പാലുല്‍പ്പന്നങ്ങളായ തൈര്, നെയ്യ്, പനീര്‍, വെണ്ണ, ഐസ്‌ക്രീം പൗഡര്‍ എന്നിവ വിപണിയിലെത്തിക്കുന്നു. ദക്ഷിണേന്ത്യ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളാണ് ഡോഡ്‌ലയുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രങ്ങള്‍. കമ്പനി നല്‍കുന്ന വിവരമനുസരിച്ച് പ്രതിദിനം 900,000 ലിറ്റര്‍ പാലും ആറ് ടണ്‍ പാലുല്‍പ്പന്നങ്ങളും വിറ്റുപോകുന്നുണ്ട്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 1024 കോടി രൂപയുടെ വരുമാനവും കമ്പനി സ്വന്തമാക്കുകയുണ്ടായി. ഇന്ത്യയെ കൂടാതെ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഡോഡ്‌ല സാന്നിധ്യമറിയിച്ചിരുന്നു.

Comments

comments

Categories: Branding