ഫിഷിംഗ് വെബ്‌സൈറ്റുകള്‍ 26 ഇന്ത്യന്‍ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

ഫിഷിംഗ് വെബ്‌സൈറ്റുകള്‍ 26 ഇന്ത്യന്‍ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

 

ന്യൂഡെല്‍ഹി: സൈബര്‍ കുറ്റവാളികള്‍ രൂപീകരിച്ച ഫിഷിംഗ് (ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതി) വെബ്‌സൈറ്റുകള്‍ ഇന്ത്യയിലെ 26 ബാങ്കുകളിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. യുഎസ് സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ഫയര്‍ഐയില്‍ നിന്നുള്ള ഗവേഷകരാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഈ വര്‍ഷം ഒക്‌റ്റോബര്‍ 23ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു ഡൊമെയ്ന്‍ ഓണ്‍ലൈന്‍ പേമെന്റ് ഗേറ്റ്‌വേയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ നിരീക്ഷണത്തിലാണ് അതൊരു ഫിഷിംഗ് വെബ്‌സൈറ്റാണെന്നും ഇന്ത്യയിലെ 26 ബാങ്കുകളില്‍ നിന്നുള്ള ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായും കണ്ടെത്തിയതെന്ന് ഫയര്‍ഐ പറഞ്ഞു. ബാങ്കുകളുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന് സംവിധാനം എന്ന രീതിയില്‍ എക്കൗണ്ട് നമ്പര്‍, ഇമെയ്ല്‍ അഡ്രസ്സ്, മൊബീല്‍ നമ്പര്‍, വണ്‍ ടൈം പാസ്‌വേര്‍ഡ് തുടങ്ങിയ വിവരങ്ങള്‍ എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം ലോഗിന്‍ ചെയ്യുന്നതിന് തടസം നേരിട്ടുെവെന്ന വ്യാജ സന്ദേശം നല്‍കുകയുമാണ് ഫിഷിംഗ് വെബ്‌സൈറ്റുകള്‍ ചെയ്യുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളുടെയെല്ലാം ഉപയോക്താക്കളെ ഫിഷിംഗ് വെബ്‌സൈറ്റുകള്‍ കബളിപ്പിച്ചിട്ടുണ്ട്. . ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്നതിനൊപ്പം ഇത്തരം തട്ടിപ്പുകളെ കുറിച്ചും ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും ഫയര്‍ഐ ഇന്ത്യ ഡയറക്റ്റര്‍ വിശാക് രാമന്‍ മുന്നറിയിപ്പ് നല്‍കുന്നു.

Comments

comments

Categories: Slider, Top Stories