ദേശസ്‌നേഹം കുത്തിവെക്കാനുള്ളതല്ല

ദേശസ്‌നേഹം കുത്തിവെക്കാനുള്ളതല്ല

ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന ആശയങ്ങള്‍ക്ക് എപ്പോഴും താല്‍ക്കാലിക ആയുസ്സ് മാത്രമേയുള്ളൂ. ചരിത്രം അതാണ് പഠിപ്പിക്കുന്നത്. ആ ചരിത്രപാഠം ഉള്‍ക്കൊള്ളാനാകാത്തതാണ് നമ്മുടെ ഏറ്റവും വലിയ പരാജയം. തിയേറ്ററുകളില്‍ ഓരോ സിനിമ തുടങ്ങുന്നതിനു മുമ്പും ദേശീയ ഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്നും ആ സമയത്ത് എല്ലാവരും എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടതും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍.

ദേശീയ ഗാനത്തെ അവഹേളിക്കുന്നത് തടയണമെന്നും ദേശീയ ഗാനം ആലപിക്കുന്നതും കേള്‍പ്പിക്കുന്നതും സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ഒരാഴ്ച്ചയ്ക്കകം ഉത്തരവ് നടപ്പാക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. കോടതി ഉത്തരവിലേക്ക് കൂടുതല്‍ കടക്കുന്നില്ല. പക്ഷേ, ഇത്തരമൊരു അന്തരീക്ഷം രാജ്യത്ത് രൂപപ്പെടുന്നത് അതീവ ഗൗരവത്തിലെടുക്കണം. ബലൂണ്‍ പോലെ ഊതിവീര്‍പ്പിച്ചുള്ള എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ദേശസ്‌നേഹികളുടെ സമൂഹമല്ല നമുക്ക് വേണ്ടത്. ഭരണകൂടം എന്നെല്ലാം ദേശീയ വികാരങ്ങളെന്ന് പറഞ്ഞ് കുറേ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവോ അപ്പോഴെല്ലാം ജനങ്ങളില്‍ എതിര്‍പ്പ് കൂടുക മാത്രമാണ് ചെയ്യുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ടുള്ള തരത്തില്‍ ഇത് ചെയ്യണം, അത് ചെയ്യണം ഇല്ലെങ്കില്‍ ദേശസ്‌നേഹമില്ല എന്ന വിലയിരുത്തലുകള്‍ തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.
ദേശീയതയിലധിഷ്ഠിതമായ സാര്‍വലൗകിക പ്രത്യയശാസ്ത്രം മുന്നോട്ടുവെച്ച പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. മാതാവും മാതൃഭൂമിയും സ്വര്‍ഗത്തേക്കാള്‍ ശ്രേഷ്ഠമാണെന്ന് വിശ്വസിച്ച് സമൂഹനന്മയിലധിഷ്ഠിതമായാണ് ഇവിടെ വൈദേശിക അധിനിവേശത്തിന്റേതുള്‍പ്പെടെയുള്ള ഓരോ കാലഘട്ടത്തിലും ദേശീയ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവന്നത്. അതൊന്നും ആരും ആരിലും അടിച്ചേല്‍പ്പിച്ചതായിരുന്നില്ല. സ്വന്തം അസ്തിത്വം ചോദ്യം ചെയ്യുന്ന അവസരത്തില്‍ ഉടലെടുത്തുവന്ന സ്വാഭാവിക പ്രതിരോധങ്ങളും ശീലങ്ങളുമായിരുന്നു. സ്വതന്ത്രാനന്തര ഭാരതത്തെ സംബന്ധിച്ചിടത്തോളം ദേശസ്‌നേഹം ഒരാള്‍ പ്രകടിപ്പിക്കേണ്ടത് ബാഹ്യമായ ചില ചടങ്ങുകളിലൂടെയാകണമെന്ന് ശാഠ്യം പിടിക്കുന്നതില്‍ അര്‍ത്ഥമില്ല.

സിനിമാ ഹാളുകളില്‍ ജനമെത്തുന്നത് വിനോദത്തിനാണ്. നമ്മള്‍ റെസ്റ്റോറെന്റുകളില്‍ ഭക്ഷണം കഴിക്കാനെത്തുന്നതുപോലെ തന്നെ. അവിടെയെല്ലാം ഓരോ നിയമം അടിച്ചേല്‍പ്പിക്കുന്നത് സമൂഹത്തെ വലിയ ആശയക്കുഴപ്പത്തിലേക്ക് തള്ളിവിടാനേ ഉപകരിക്കൂ. പൗരബോധത്തോടു കൂടി ജനങ്ങളെ ജീവിക്കാന്‍ പ്രേരിപ്പിച്ചാണ് രാഷ്ട്രബോധവും ദേശസ്‌നേഹവുമെല്ലാം ഉണ്ടാക്കിയെടുക്കേണ്ടത്.

Comments

comments

Categories: Editorial