എണ്ണ വില വര്‍ധന: ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു

എണ്ണ വില വര്‍ധന:  ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു

 

ന്യൂഡെല്‍ഹി : വിദേശ വിപണികളില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ എണ്ണ വിതരണ കമ്പനികളുടെ ഓഹരി വില വ്യാഴാഴ്ച്ച വ്യാപാരം തുടങ്ങിയ ഉടനെ അഞ്ച് ശതമാനത്തോളം ഇടിഞ്ഞു. ഒപെക് രാജ്യങ്ങള്‍ ജനുവരി മുതല്‍ എണ്ണ ഉല്‍പ്പാദനം പ്രതിദിനം 1.2 മില്യണ്‍ ബാരല്‍ (3 ശതമാനം) കുറച്ച് ദിവസവും 32.5 മില്യണ്‍ ബാരലാക്കാന്‍ തീരുമാനിച്ചതാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയരുന്നതിന് ഇടയാക്കിയത്.

ബിപിസിഎല്ലിന്റെ ഓഹരി 2.95 ശതമാനം ഇടിഞ്ഞ് 625 രൂപയായും എച്ച്പിസിഎല്ലിന്റെ ഓഹരി 4.88 ശതമാനം താഴ്ന്ന് 447 രൂപയായും ഐഒസിയുടേത് 2.14 ശതമാനം കുറഞ്ഞ് 299.25 രൂപയായും മാറി. അസംസ്‌കൃത എണ്ണ വില കുത്തനെ ഉയര്‍ന്നത് എണ്ണ വിതരണ കമ്പനികള്‍ക്ക് ഇന്‍വെന്ററി നേട്ടം സമ്മാനിച്ചുവെങ്കിലും അണ്ടര്‍ റിക്കവറി (എണ്ണയുടെ വിപണി വിലയും സര്‍ക്കാര്‍ നിയന്ത്രിത വില്‍പ്പന വിലയും തമ്മിലുള്ള വ്യത്യാസം) വര്‍ധിച്ചത് തിരിച്ചടിയായി.

പൊതു വിതരണ സമ്പ്രദായം വഴി നല്‍കുന്ന മണ്ണെണ്ണയുടെയും സബ്‌സിഡി നിരക്കിലുള്ള പാചക വാതകത്തിന്റെയും നടപ്പ് സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ ബാധ്യതയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഈയിടെ അറിയിച്ചിരുന്നു. അതേസമയം സര്‍ക്കാര്‍ സബ്‌സിഡി തുക വിതരണം ചെയ്യാന്‍ വൈകുന്നത് എണ്ണ കമ്പനികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പൊതു വിതരണ സമ്പ്രദായം വഴി മണ്ണെണ്ണ നല്‍കിയ വകയില്‍ 4,123 കോടി രൂപയും ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സബ്‌സിഡി നിരക്കിലുള്ള പാചക വാതകം വിതരണം ചെയ്തതിന് 4,557 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ എണ്ണ വിതരണ കമ്പനികള്‍ക്ക് നല്‍കാനുണ്ട്.

Comments

comments

Categories: Business & Economy