ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോടിക്കു മേലേ ശമ്പള വാഗ്ദാനവുമായി മൈക്രോസോഫ്റ്റും ഒറാക്ക്‌ളും

ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോടിക്കു മേലേ ശമ്പള വാഗ്ദാനവുമായി മൈക്രോസോഫ്റ്റും ഒറാക്ക്‌ളും

ന്യൂഡെല്‍ഹി : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഐഐടിയില്‍ അവസാനവട്ട പ്ലേസ്‌മെന്റ് നടപടികള്‍ക്ക് തുടക്കമായി. മൈക്രോസോഫ്റ്റ്, ഒറാക്ക്ള്‍ കമ്പനികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോടിക്കു മുകളിലുള്ള പാക്കേജ് വരെ വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന. മുംബൈ, ഖരഗ്പൂര്‍, ഗുവാഹത്തി, റൂര്‍ക്കി ഐഐടികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള ശമ്പള പാക്കേജാണ് ഈ രണ്ട് യുഎസ് ടെക്‌നോളജി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. ഇന്നലെ നടന്ന പ്ലേസ്‌മെന്റ് ക്യാമ്പില്‍ ആദ്യ മണിക്കൂറുകളില്‍ പങ്കെടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ നല്‍കിയത്. എന്നാല്‍ ഈ ശമ്പള പാക്കേജില്‍ എത്ര പേരെ തെരഞ്ഞെടുക്കുെമന്ന് വ്യക്തമല്ല.

അന്താരാഷ്ട്ര തസ്തികകളിലേക്ക് ഒറാക്ക്‌ളിന്റേതിനേക്കാള്‍ മികച്ച ഓഫര്‍ മൈക്രോസോഫ്റ്റിന്റേതാണ്. മൈക്രോസോഫ്റ്റ് 1,06,000 ഡോളര്‍(72.5 ലക്ഷം രൂപ) വാര്‍ഷികാടിസ്ഥാനത്തില്‍ അടിസ്ഥാന ശമ്പളം വാഗ്ദാനം ചെയ്യുമ്പോള്‍ ഒറാക്ക്‌ളിന്റേത് ഇതിനേക്കാള്‍ കുറവാണ്. എംപ്ലോയീ സ്‌റ്റോക് ഓപ്ഷന്‍ പദ്ധതി, ജോയിനിംഗ് ബോണസ്, റീലൊക്കേഷന്‍ കോസ്റ്റ് എന്നിവ കൂടി ചേരുമ്പോള്‍ ശമ്പളം 1.2 കോടി രൂപയിലെത്തുമെന്ന് ഐഐടികളിലെ പ്ലേസ്‌മെന്റ് സെല്‍ അധികൃതര്‍ പറയുന്നു.

ഐഐടികളില്‍ അവസാനഘട്ട പ്ലേസ്‌മെന്റ് തുടങ്ങുന്നത് ഡേ വണ്‍ എന്ന് ഇവര്‍ വിശേഷിപ്പിക്കുന്ന ഡിസംബര്‍ 1 നാണ്. ഇന്ത്യയിലെയും വിദേശത്തെയും വിവിധ തസ്തികകളിലേക്ക് യുവ എഞ്ചിനീയര്‍മാരെ റാഞ്ചുന്നതിന് കമ്പനികള്‍ ഐഐടികളില്‍ വരി നില്‍ക്കുകയാണ്. മിക്ക അന്താരാഷ്ട്ര ഓഫറുകളും ആദ്യ ദിവസം ഉച്ച വരെ മാത്രമേ ഉണ്ടാകൂ.

പ്ലേസ്‌മെന്റ് ഓഫറുകളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മൈക്രോസോഫ്റ്റ് തയാറായില്ല. പ്രതിഭകളെ കണ്ടെത്തുന്നതിന് ക്യാംപസ് ഹൈറിംഗ് പ്രധാനമാണെന്നും ഇക്കാര്യത്തില്‍ ഐഐടികളാണ് പ്രധാന പങ്ക് വഹിക്കുന്നതെന്നും മൈക്രോസോഫ്റ്റ് ഇന്ത്യ എച്ച്ആര്‍ സീനിയര്‍ ഡയറക്റ്റര്‍ രോഹിത് താക്കൂര്‍ പറഞ്ഞു. അതേസമയം ഒറാക്ക്ള്‍ തീരെ പ്രതികരിച്ചില്ല. സാധാരണഗതിയില്‍ ഒറാക്ക്ള്‍, മൈക്രോസോഫ്റ്റ്, ഗൂഗ്ള്‍, വിസ എന്നീ കമ്പനികളാണ് ഐഐടികളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്യുന്നവരായി അറിയപ്പെടുന്നത്. എന്നാല്‍ ഗൂഗ്ള്‍ ഈ വര്‍ഷം നേരിട്ട് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.

ഐഐടികളില്‍നിന്ന് വന്‍തുക ശമ്പള വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതില്‍ പുതുമയില്ലെങ്കിലും ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഈ ശമ്പള പാക്കേജ് ലഭിക്കുന്നത്. തടസം നീങ്ങിയതോടെ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനങ്ങളും ഈ വര്‍ഷം ഉദ്യോഗാര്‍ത്ഥികളെ തേടി ഐഐടി ക്യാംപസുകളിലെത്തും.
കഴിഞ്ഞ വര്‍ഷത്തേതിന് വിരുദ്ധമായി ഈ വര്‍ഷം മിക്ക സ്റ്റാര്‍ട്ടപ്പ് കമ്പനികളെയും ക്യാംപസുകളില്‍ കാണാനില്ല. കഴിഞ്ഞ വര്‍ഷം പല സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഓഫറുകള്‍ റദ്ദാക്കുകയോ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നത് മാറ്റിവെക്കുകയോ ചെയ്തത് കാരണം ഇത്തവണ പല ഐഐടി കളും സ്റ്റാര്‍ട്ടപ്പുകളെ ഒഴിവാക്കുകയായിരുന്നു.

Comments

comments

Categories: Education