മാരുതി സുസുക്കിക്ക് നേട്ടം

മാരുതി സുസുക്കിക്ക് നേട്ടം

മുംബൈ: അപ്രതീക്ഷിത നോട്ട് അസാധുവാക്കല്‍ തീരുമാനം വാഹന വിപണിക്ക് നല്‍കിയത് ഏറ്റവും കടുപ്പമേറിയ മാസം. മൊത്തം വിനിമയത്തിന്റെ 86 ശതമാനത്തോളമുണ്ടായിരുന്ന 1,000, 500 നോട്ടുകള്‍ അസാധുവാക്കിയതോടെ വാഹന വില്‍പ്പനയില്‍ കഴിഞ്ഞ മാസം ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. കമ്പനികള്‍ വില്‍പ്പന കണക്കുകള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടും.
അതേസമയം, പണച്ചുരുക്കം നേരിട്ട കഴിഞ്ഞ മാസത്തിലും രണ്ട് ശതമാനത്തോളം വളര്‍ച്ച കൈവരിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി വാഹന വിപണിയെ ഞെട്ടിച്ചു. ഒട്ടുമിക്ക കമ്പനികളും കഴിഞ്ഞ മാസം വില്‍പ്പന നെഗറ്റീവിലായിരിക്കുമെന്ന വിലയിരുത്തലുകള്‍ക്കിടയിലാണ് മാരുതി നേട്ടമുണ്ടാക്കിയത്. 1,26,325 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ മാസം മാരുതി വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 1,10,599 യൂണിറ്റ് വാഹനങ്ങളായിരുന്നു കമ്പനി വില്‍പ്പന നടത്തിയിരുന്നത്.
നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചതോടെ രാജ്യത്തെ വാഹന ഷോറൂമുകളില്‍ വില്‍പ്പന കുറഞ്ഞിട്ടുണ്ടെന്ന് ഡീലര്‍മാര്‍ വ്യക്തമാക്കിയരുന്നു. സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച പിന്നോട്ടാക്കുമെന്ന വിലയിരുത്തുകളുണ്ട. ജിഡിപി വളര്‍ച്ചയില്‍ നിര്‍ണായക സംഭാവന നല്‍കുന്ന ഓട്ടോമൊബീല്‍ വിപണിയടക്കമുള്ള വില്‍പ്പന പ്രതിസന്ധിയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
രാജ്യത്തെ പ്രീമിയം വാഹന വിപണിയൊഴികെയുള്ള മറ്റു വാഹന വിഭാഗങ്ങളിലുള്ള ഉപഭോക്താക്കളുടെ വലിയ ശതമാനവും പണം മുഖേനയുള്ള ഇടപാടുകളാണ് നടത്തുന്നത്. നോട്ട് അസാധുവാക്കലോടെ ഉപഭോക്താക്കള്‍ക്ക് പണച്ചുരുക്കം നേരിടുകയും ചെലവഴിക്കാന്‍ മടിക്കുകയുമാണെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.
ഇരുചക്രവാഹന വിപണിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഗ്രാമീണ മേഖലയില്‍ പണച്ചുരുക്കും ശക്തമായത് വില്‍പ്പനയില്‍ കനത്ത ഇടിവ് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുളള റിപ്പോര്‍ട്ടുകള്‍. യുസ്ഡ് കാര്‍ വിപണിയാണ് തിരിച്ചടി നേരിടുന്ന മറ്റൊരു മേഖല. നിയമാനുസൃതമായ പണഇടപാടുകളല്ല യൂസ്ഡ് കാര്‍ വിപണിയിലുള്ളത്. അതുകൊണ്ട് തന്നെ നോട്ട് അസാധുവാക്കല്‍ തീരുമാനം കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തലുകള്‍.

Comments

comments

Categories: Auto