ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: മാഗ്നസ് കാള്‍സണ്‍ കിരീടം നിലനിര്‍ത്തി

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്:  മാഗ്നസ് കാള്‍സണ്‍ കിരീടം നിലനിര്‍ത്തി

 

ന്യൂയോര്‍ക്ക്: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വീജിയന്‍ താരം മാഗ്നസ് കാള്‍സണ് കിരീടം. റഷ്യയുടെ സെര്‍ജി കര്യാക്കിനെ പരാജയപ്പെടുത്തിയാണ് മാഗ്നസ് കാള്‍സണ്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തിയത്. പ്ലേ ഓഫിലേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു മാഗ്നസ് കാള്‍സണിന്റെ സെര്‍ജി കര്യാക്കിനെതിരായ ജയം. തന്റെ 26-ാം ജന്മദിനത്തിലായിരുന്നു കിരീട നേട്ടമെന്നത് കാള്‍സണ് ഇരട്ടി മധുരം കൂടിയായി.

ചാമ്പ്യന്‍ഷിപ്പിലെ നിശ്ചിത 12 ഗെയിമുകളില്‍ നിന്നുള്ള പോയിന്റ് നിലയില്‍ മാഗ്നസ് കാള്‍സണും സെര്‍ജി കര്യാക്കിനും സമനില പാലിച്ചതോടെ മത്സരം പ്ലേ ഓഫിലേക്ക് നീങ്ങുകയായിരുന്നു. റാപ്പിഡ് പ്ലേ ഓഫിലും ഇരു താരങ്ങളും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ പിന്നീട് നിര്‍ണായക പോയിന്റുകള്‍ നേടാന്‍ സാധിച്ചതാണ് മാഗ്നസ് കാള്‍സണെ ചാമ്പ്യനാക്കിയത്.

ചാമ്പ്യന്‍ഷിപ്പിലെ എട്ടാം ഗെയിമില്‍ വിജയിച്ച് സെര്‍ജി കര്യാക്കിന്‍ കാള്‍സണിന് സമ്മര്‍ദ്ദം നല്‍കിയെങ്കിലും പത്താം ഗെയിം കാള്‍സണ്‍ സ്വന്തമാക്കി തിരിച്ചെത്തി. പന്ത്രണ്ട് ഗെയിമുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുതാരങ്ങളും ആറ് പോയിന്റുകളുടെ തുല്യതയിലായിരുന്നു.

നോര്‍വീജിയയുടെ ഗ്രാന്‍ഡ് മാസ്റ്ററായ മാഗ്നസ് കാള്‍സണ്‍ മൂന്നാം തവണയാണ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററെന്ന റെക്കോര്‍ഡിനര്‍ഹനായ നോര്‍വീജിയന്‍ താരം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുമാണ്. ലോക ചെസ് റാങ്കിംഗില്‍ ഒന്‍പതാമതാണ് റഷ്യന്‍ താരം സെര്‍ജി കര്യാക്കിക്കിന്റെ സ്ഥാനം.

അവസാന ഗെയിമിന്റെ പതിനൊന്നാം നീക്കത്തില്‍ തന്നെ മത്സരഫലം പ്രവചിക്കാനായെന്നും ലോക കീരീടം നിലനിര്‍ത്താനായതില്‍ സന്തോഷിക്കുന്നുവെന്നും കാള്‍സണ്‍ മത്സരശേഷം പറഞ്ഞു. 2013, 2014 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുമ്പ് മാഗ്നസ് കാള്‍സണ്‍ ലോക ചെസ് ചാമ്പ്യനായത്. രണ്ട് തവണയും ലോക മുന്‍ ചാമ്പ്യനായ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ പരാജയപ്പെടുത്തിയായിരുന്നു കാള്‍സണിന്റെ മുന്നേറ്റം.

Comments

comments

Categories: Sports